ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഓറഞ്ച്, നാരങ്ങ, സ്‌ട്രോബെറി മുതല്‍ പപ്പായ, ബ്രൊക്കോളി, മുന്തിരി, തക്കാളി തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കാന്‍ ഹീമോഗ്ലോബിന്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാല്‍, ശരീരത്തില്‍ ആവിശ്യമായ ഹീമോഗ്ലോബിന്‍ വേണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ചുവന്ന രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍, ഇത് ശരീരത്തിലുടനീളം ഓക്‌സിജന്‍ കൊണ്ടുപോകുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. ശരീരം ശരിയായി പ്രവര്‍ത്തിക്കുന്നതിന് രക്തത്തില്‍ ഹീമോഗ്ലോബിന്റെ സാധാരണ അളവ് നിലനിര്‍ത്തേണ്ടത് ആവശ്യമാണ്, അതായത് പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്ക് 14 മുതല്‍ 18 g/dl വരെയും സ്ത്രീകള്‍ക്ക് 12 മുതല്‍ 16 g/dl വരെയും. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോള്‍, അത് ബലഹീനത, ക്ഷീണം, തലവേദന, ശ്വാസതടസ്സം, തലകറക്കം വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകും. ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറഞ്ഞാല്‍, അനീമിയ ആയി രോഗനിര്‍ണയം നടത്താനും രോഗലക്ഷണങ്ങള്‍ ഗുരുതരമാകാനും സാധ്യതയുണ്ട്.
2011-ല്‍ പുറത്തിറക്കിയ യുണിസെഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 56% കൗമാരക്കാരായ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വിളര്‍ച്ചയുള്ളവരാണെന്ന് പറയപ്പെടുന്നു. ഹീമോഗ്ലോബിന്റെ ഉത്പാദനം ശരീരത്തിന് പ്രധാനമാണ്. ഇരുമ്പ്, ബി വിറ്റാമിനുകള്‍, അതുപോലെ വിറ്റാമിന്‍ സി എന്നിവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹീമോഗ്ലോബിന്റെ ഒപ്റ്റിമല്‍ ലെവല്‍ നിലനിര്‍ത്താന്‍ ശരിയായ ഭക്ഷണക്രമം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഹീമോഗ്ലോബിന്റെ സമന്വയത്തെ സഹായിക്കുന്ന ഭക്ഷണങ്ങളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
വിളര്‍ച്ചയ്ക്കും ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിനും ഇരുമ്പിന്റെ അപര്യാപ്തത ഒരു സാധാരണ കാരണമാണെന്ന് നാഷണല്‍ അനീമിയ ആക്ഷന്‍ കൗണ്‍സിലിന്‍ അഭിപ്രായപ്പെടുന്നു. ചീര, ബീറ്റ്‌റൂട്ട് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നു. ആപ്പിള്‍, മാതളനാരകം, തണ്ണിമത്തന്‍, മത്തങ്ങ വിത്തുകള്‍, ഈന്തപ്പഴം, ബദാം, ഉണക്കമുന്തിരി എന്നിവയുള്‍പ്പെടെയുള്ള പഴങ്ങളും ഡ്രൈ ഫ്രൂട്ടുകളും കഴിക്കണം.
ഹീമോഗ്ലോബിന്റെ കുറവിന് ഏറ്റവും നല്ലതാണ് മാതളം. കാല്‍സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയുന്നു. കൂടാതെ ധാരാളം കാര്‍ബോഹൈഡ്രേട്‌സ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കും.
ഫോളിക് ആസിഡ്, ബി കോംപ്ലക്‌സ് വൈറ്റമിന്‍ ചുവന്ന രക്താണുക്കള്‍ ഉണ്ടാക്കാന്‍ അത്യാവശ്യമാണ്. പച്ച ഇലക്കറികള്‍, നിലക്കടല, വാഴപ്പഴം, ബ്രോക്കോളി എന്നിവ ഫോളിക് ആസിഡിന്റെ നല്ല ഉറവിടങ്ങളാണ്. അതേസമയം, ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്റൂട്ടും സഹായകമാണ്. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ് റൂട്ട് ദിവസവും ജൂസിന്റെ രൂപത്തില്‍ കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് രക്തത്തില്‍ വര്‍ദ്ധിപ്പിക്കും.
ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഉറപ്പാക്കുക, കാരണം ഇത് രക്തത്തിലെ ഹീമോഗ്ലോബിന്‍ നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിന്റെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഇരുമ്പിന്റെ ധാരാളം ഉറവിടങ്ങള്‍ ഈന്തപ്പഴം നല്‍കുന്നു.