അമ്മിഞ്ഞപ്പാല്‍ അമൃതമാണെന്നു പറയും. കുഞ്ഞിനു വേണ്ട എല്ലാ പോഷകങ്ങളും അടങ്ങിയ ഒന്ന്. ഇതുകൊണ്ടാണ് ആറുമാസം വരെ കുഞ്ഞിന് മറ്റു ഭക്ഷണങ്ങള്‍ നല്‍കേണ്ട ആവശ്യമില്ലെന്നു പറയുന്നതും. അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങളുടെ ഗുണവും ദോഷവുമെല്ലാം മുലപ്പാലിലൂടെ കുഞ്ഞിലുമെത്തുന്നുണ്ട്. ഇതുകൊണ്ടു തന്നെ മുലയൂട്ടുന്ന അമ്മ കഴിയ്‌ക്കേണ്ടതും അല്ലാത്തവുമായ ചില ഭക്ഷണങ്ങളുമുണ്ട്. മുലയൂട്ടുന്ന അമ്മ ഒഴിവാക്കേണ്ട ചില ഭക്ഷണസാധനങ്ങളെക്കുറിച്ചറിയൂ
സ്രാവ്, അയില
മീനുകളില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിരിയ്ക്കുന്നത് കുഞ്ഞിനു നല്ലതാണ്. എന്നാല്‍ ചില കടല്‍ വിഭവങ്ങളില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ തലച്ചോറിന് ദോഷം ചെയ്യും. പ്രത്യേകിച്ച് സ്രാവ്, അയില തുടങ്ങിയ മത്സ്യങ്ങളില്‍.
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടവ തന്നെ. ഇവയില്‍ കോളിക് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കും.
എരിവും മസാലകളും
എരിവും മസാലകളും കലര്‍ന്ന ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ദഹനപ്രശ്‌നങ്ങളും അസ്വസ്ഥതയുമുണ്ടാക്കും. ഇവരുടെ പെരുമാറ്റത്തില്‍ പോലും വ്യത്യാസങ്ങള്‍ അനുഭവപ്പെടാം. ഇതും ഒഴിവാക്കേണ്ടതു തന്നെ.
പഞ്ചസാര, കൃത്രിമ മധുരങ്ങള്‍
പഞ്ചസാര, കൃത്രിമ മധുരങ്ങള്‍ എന്നിവ കുഞ്ഞിന് കാര്യമായ ദോഷം വരുത്തില്ല. മാത്രമല്ല, ഇവ കുഞ്ഞിലെത്തുമ്പോഴേയ്ക്കും ഇതില്‍ കാര്യമായ കുറവും വന്നിരിയ്ക്കും. എങ്കിലും ആരോഗ്യകാരണങ്ങളാല്‍ ഇവ ഒഴിവാക്കുന്നതാണ് ഗുണകരം.
കാപ്പി
മുലയൂട്ടുന്നവര്‍ കാപ്പി ഒഴിവാക്കുന്നതാണ് ഗുണകരം. കാരണം കഫീന്‍ കുഞ്ഞിന് ഉറക്കക്കുറവുണ്ടാക്കും.
മദ്യം
മദ്യം ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തുമെല്ലാം പൂര്‍ണമായി ഒഴിവാക്കുക തന്നെ വേണം. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമെല്ലാം ദോഷം ചെയ്യും.
ഇറച്ചി
ഇറച്ചിയില്‍ കൊഴുപ്പ് ആഗിരണം ചെയ്യുന്ന കോശങ്ങളുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതല്ല. കഴിവും കൊഴുപ്പില്ലാത്ത ഇറച്ചി മാത്രം ഉപയോഗിയ്ക്കുക. അല്ലെങ്കില്‍ ഇറച്ചി ഒഴിവാക്കുക.
വൈറ്റമിന്‍ സി
വൈറ്റമിന്‍ സി അടങ്ങിയവ, പ്രത്യേകിച്ച് ഓറഞ്ച്, തക്കാളി, ചെറുനാരങ്ങ പോലുള്ളവ ചില കുഞ്ഞുങ്ങളില്‍ അസിഡിറ്റിയും വയറിന് പ്രശ്‌നങ്ങളുമുണ്ടാക്കും. കുഞ്ഞുങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.