അത്താഴം കഴിഞ്ഞ ശേഷം അല്‍പം മധുരം നാവില്‍ തൊടാന്‍ ആഗ്രഹം തോന്നാറുണ്ടോ? അത് നിങ്ങള്‍ മധുര കൊതിയന്മാരായതു കൊണ്ടല്ല, ശരീരത്തിന്റെ ആന്തരികഘടികാരം വൈകുന്നേരങ്ങളില്‍ മധുരം, അന്നജം, ഉപ്പിലിട്ട ഭക്ഷണങ്ങള്‍ എന്നിവയോടുള്ള വിശപ്പും ആസക്തിയും വര്‍ധിപ്പിക്കുമെന്ന് എന്‍ഐഎച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
ഇത് തിരിച്ചറിയുന്നത് ആരോഗ്യകരമായ വൈകുന്നേര ലഘുഭക്ഷണങ്ങള്‍ ആസൂത്രണം ചെയ്യാനും രാത്രിയിലെ ആസക്തികളുടെ മേല്‍ നിയന്ത്രണം നിലനിര്‍ത്താനും നിങ്ങളെ സഹായിക്കും. ഇതുമാത്രമല്ല, രാത്രി മധുരത്തോടുള്ള കൊതി കൂട്ടുന്ന ഘടകങ്ങള്‍. പഞ്ചസാര പോലെ ചില ഭക്ഷണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്നത് പെര്‍സെപ്റ്റീവ് ഡിപ്രൈവേഷന്‍ എന്ന പ്രതിഭാസത്തിലേക്ക് നയിച്ചേക്കാം.
ഇത് അത്തരം ഭക്ഷണങ്ങളോടുള്ള ആസക്തി വര്‍ധിപ്പിക്കും. മധുരപലഹാരങ്ങള്‍ ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ മസ്തിഷ്‌കം അവയോടുള്ള ആഗ്രഹം വര്‍ധിപ്പിക്കുകയാണ് ചെയ്യുക. മധുരപലഹാരങ്ങളുടെ ചിത്രങ്ങള്‍ കാണുന്നതു പോലും ഉമിനീര്‍ സ്രവണം, ഹൃദയമിടിപ്പ്, ഹോര്‍മോണ്‍ പ്രവര്‍ത്തനം എന്നിവ വര്‍ധിപ്പിക്കും. ഇവയെല്ലാം നിങ്ങളുടെ തലച്ചോറിലേക്ക് മധുരം കഴിക്കാനുള്ള കൊതി തോന്നിപ്പിക്കും. ഈ ട്രിഗറുകളെ കുറിച്ച് ബോധവാന്മാരാകുന്നത് ആസക്തികളെ നിയന്ത്രിക്കാന്‍ സഹായിക്കും.
മധുരപലഹാരങ്ങള്‍ കഴിക്കുന്നത് സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കും. എന്നാല്‍ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുത്തുമെങ്കിലും, പതിവായി മധുരം കഴിക്കുന്നത് ബേസല്‍ ഡോപാമൈന്‍ അളവ് കുറയ്ക്കുകയും കൂടുതല്‍ കാലത്തേക്ക് നീണ്ടുനില്‍ക്കുന്ന സുഖം കുറയ്ക്കുകയും ചെയ്യും. ഇക്കാര്യം മനസിലാക്കുന്നത് മധുരപലഹാരത്തെക്കുറിച്ച് കൂടുതല്‍ ബോധപൂര്‍വമായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും.
മധുരത്തോടുള്ള ആസക്തി എങ്ങനെ കുറയ്ക്കാം
ദിവസവും ഒരു പഴം നല്ലൊരു ഓപ്ഷനാണ്. ഇത് നാരുകളും പോഷകങ്ങളും നല്‍കും. ചോക്ലേറ്റ് അല്ലെങ്കില്‍ ചായ, ബെറികള്‍ അല്ലെങ്കില്‍ വീട്ടില്‍ തയ്യാറാക്കുന്ന തൈര് എന്നിവയും മികച്ചതാണ്. പഞ്ചസാര നിയന്ത്രിച്ചു കൊണ്ട് ഇത്തരം വിഭവങ്ങള്‍ കൊണ്ട് മധുരത്തോടുള്ള ആസക്തി കുറയ്ക്കാവുന്നതാണ്.