ആരോഗ്യമുള്ള മുടിയിഴകള്‍ ആത്മവിശ്വാസമാണ്, അതിന് അല്‍പം എക്ട്ര കെയറിന്റെ ആവശ്യമാണ്. പോഷകക്കുറവ്, കാലാവസ്ഥ, മലിനീകരണം തുടങ്ങിയ പല ഘടകങ്ങള്‍ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. തലമുടി സംരക്ഷണവുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും കാലാകാലങ്ങളായി കേള്‍ക്കാറുണ്ട്. അതില്‍ ചിലത് ആരോഗ്യകരമെന്ന് തോന്നാമെങ്കിലും ഫലം വിപരീതമായിരിക്കും. തലമുടി സംരക്ഷണവും ചില മിത്തുകളും നോക്കാം.
താരന്‍ ഉണ്ടാകുന്നത് വരണ്ട തലയോട്ടിയില്‍
വരണ്ട തലയോട്ടി മാത്രമല്ല, എണ്ണമയമുള്ള തലയോട്ടിയിലും താരന്‍ ഉണ്ടാകാം. ഇതില്‍ എണ്ണമയമുള്ള തലയോട്ടിയിലുണ്ടാകുന്ന താരനാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. വരണ്ട തലയോട്ടിയിലെ താരന്‍ സ്വാഭാവികമായി അടര്‍ന്നു പോകുന്നു ഇത് പെട്ടെന്ന് കുറയ്ക്കാനും കഴിയും. എന്നാല്‍ എണ്ണമയമുള്ള തലയോട്ടിയിലുള്ള താരന്‍ കട്ടിയുള്ളതും നീക്കം ചെയ്യാന്‍ അത്ര പ്രയാസമുള്ളതുമാണ്. ഏത് തരമാണെങ്കിലും ശരിയായി വൃത്തിയാക്കുകയാണ് പ്രധാനം. സമ്മര്‍ദ്ദം, ഉറക്കക്കുറവ്, ചില മെഡിക്കല്‍ അവസ്ഥകള്‍ എന്നിവ മൂലവും താരന്‍ ഉണ്ടാകാം.
ട്രിം ചെയ്യുന്നത് മുടി വളരാന്‍ സഹായിക്കും
മുടിയുടെ അറ്റം പിളരുന്നതും കേടായതുമായ അറ്റങ്ങള്‍ ഒഴിവാക്കുന്നതിനാണ് മുടി ട്രിം ചെയ്യുന്നത്. ഇത് മുടി വൃത്തിയായി കിടക്കാന്‍ സഹായിക്കും. മുടിയുടെ വളര്‍ച്ചയും ട്രിം ചെയ്യുന്നതുമായി യാതൊരു ബന്ധവുമില്ല.
മുടി നിരന്തരം ചീകുന്നത് മുടിക്ക് തിളക്കം നല്‍കും
ഒരു ദിവസം 100 തവണ ചീകുന്നത് മുടിക്ക് തിളക്കം നല്‍കുമെന്നത് വെറുതെയാണ്. യഥാര്‍ഥത്തില്‍, ബ്രഷ് ചെയ്യുന്നതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന സ്റ്റാറ്റിക് വൈദ്യുതിയാണ് മുടി കൂടുതല്‍ തിളക്കമുള്ളതായി തോന്നിപ്പിക്കുന്നത്. ഉപയോഗിക്കുന്ന ഹെയര്‍ ബ്രഷും മുടിയില്‍ സ്വാധീനം ചെലുത്തും. അമിതമായി ബ്രഷ് ചെയ്യുന്നത് മുടിക്ക് കേടുപാടുകള്‍ വരുത്തുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകും.
എല്ലാ ദിവസവും മുടി കഴുകണം
ശരിയാണ്, ശരീരത്തെപ്പോലെ, മുടിയും ഇടയ്ക്കിടെ കഴുകേണ്ടതുണ്ട്. പ്രത്യേകിച്ച് കൂടുതല്‍ തവണ പുറത്തിറങ്ങുകയും പൊടിയും അഴുക്കും ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍. ദിവസവും തലമുടി കഴുകുന്നത് തലയോട്ടിയിലെ അഴുക്ക്, പൊടി, അടിഞ്ഞുകൂടല്‍ എന്നിവയില്‍ നിന്ന് മുക്തമാക്കും.
ബ്ലോ-ഡ്രൈ ചെയ്യുന്നതിനേക്കാള്‍ നല്ലത് സ്വാഭാവികമായി ഉണങ്ങുന്നത്
അമിതമായി ബ്ലോ-ഡ്രൈ ചെയ്യുന്നത് മുടിക്ക് ദോഷകരമാണ്. പകരം വായുവില്‍ മുടി ഉണക്കുന്നത് മുടിയില്‍ മൃദുവായി പ്രവര്‍ത്തിക്കുകയും അതിന്റെ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യാന്‍ സഹായിക്കും. എന്നാല്‍ ധാരാളം സമയം എടുത്തേക്കാം.
രാത്രി മുഴുവന്‍ മുടിയില്‍ എണ്ണ തേയ്ക്കണം
നമ്മുടെ തലയോട്ടിയില്‍ സ്വാഭാവിക എണ്ണ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥികളുണ്ട്. രാത്രി മുഴുവന്‍ എണ്ണം പുരട്ടിവെയ്ക്കണമെന്നില്ല. കൂടാതെ വൃത്തിയുള്ളതും അഴുക്കില്ലാത്തതുമായ മുടിയില്‍ എണ്ണ തേയ്ക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ അഴുക്ക് അടിഞ്ഞു കൂടാനും സുഷിരങ്ങള്‍ അടയാനും കാരണമാകും.