പോപ്പ് കോൺ ഇഷ്ടമില്ലാത്തവർ ചുരുക്കമാണല്ലേ? കുറച്ച് പോപ്പ്കോൺ എടുത്ത് കൊറിച്ചുകൊണ്ട് സിനിമ കാണാനും, വെറുതെ പോപ്പ്കോൺ കൊറിച്ച് നടക്കാനും ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. വീണ്ടും വീണ്ടും കഴിച്ചുകൊണ്ടിരിക്കാൻ തോന്നുന്ന ഒരു സ്നാക്ക് കൂടിയാണ് പോപ്പ്കോൺ. നമ്മുടെ വിപണികളിൽ പോപ്കോണുകൾ പല ഫ്ളേവറുകളിലും വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ലഭ്യമാണ്. സ്വാദിഷ്ടമായ സ്നാക്ക് എന്നതിലുപരി പോപ്കോണിന് നിരവധി ഗുണങ്ങളുണ്ട്. എണ്ണയില്ലാതെ എയർ പോപ്പ് ചെയ്തെടുക്കുന്ന പോപ്കോൺ കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ?
ഫൈബറുകളാൽ സമ്പന്നം
പോപ്കോൺ ഒരു ധാന്യമായതിനാൽ തന്നെ ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിട്ടുണ്ട്. മൂന്ന് കപ്പ് എയർ പോപ്പ്ഡ് പോപ്പ് കോണിൽ ഏകദേശം നാല് ഗ്രാം ഫൈബർ ലഭിക്കും. പോപ്പ് കോൺ കഴിക്കുമ്പോൾ പെട്ടെന്ന് വയറുനിറഞ്ഞതായി തോന്നും. അതുകൊണ്ടുതന്നെ ആഹാരത്തോടുള്ള അമിതമായ കൊതി നിയന്ത്രക്കാനും പട്ടിണി കിടക്കാതെ ഭാരം നിയന്തിക്കാനും ശ്രമിക്കുന്ന ഏതൊരാൾക്കും ഇതൊരു മികച്ച ഓപ്ഷനാണ്. കൂടാതെ ദഹനം നല്ലതുപോലെ നടക്കാനും ഇത് സഹായിക്കുന്നു.
കലോറി കുറഞ്ഞതും സംതൃപ്തി നൽകുന്നതും
പോപ്പ് കോൺ അളവിൽ കൂടുതലും സാന്ദ്രതയിൽ കുറവുമായതിനാൽ, അധികം കലോറി അകത്താക്കാതെ തന്നെ കഴിക്കാൻ സാധിക്കും. വയറ് വേഗത്തിൽ നിറയ്ക്കുകയും, വയറു നിറഞ്ഞതായി നിങ്ങളുടെ തലച്ചോറിന് സൂചന നൽകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ ലഘുഭക്ഷണം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.പോപ്കോൺ കഴിക്കാൻ രസകരമാണെങ്കിലും, ശരിയായ രീതിയിൽ തയ്യാറാക്കുമ്പോൾ ഇതിൽ കലോറി വളരെ കുറവാണ്. ഒരു കപ്പ് എയർ പോപ്പ്ഡ് പോപ്കോണിൽ ഏകദേശം 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. വെണ്ണയോ കാരമലോ ചേർക്കുന്നതിന് പകരം മസാലയോ ന്യൂട്രീഷണൽ യീസ്റ്റോ ചേർത്താൽ ആരോഗ്യകരമായി ഇത് ആസ്വദിക്കാം.
ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടം
പോപ്കോണിൽ പോളിഫിനോൾസ് അടങ്ങിയിട്ടുണ്ട്. ബെറി, മുന്തിരി തുടങ്ങിയ പഴങ്ങളിൽ കാണുന്ന അതേ ആന്റിഓക്സിഡന്റുകളാണ് പോപ്പ് കോണിലുമുള്ളത്. വിട്ടുമാറാത്ത രോഗങ്ങളുമായും വാർദ്ധക്യമായി ബന്ധപ്പെട്ട ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്സിനെതിരെ പോരാടാനും ഇവ സഹായിക്കുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് ഭൂരിഭാഗം ആന്റിഓക്സിഡന്റുകളും പോപ്പ്കോണിന്റെ തോടിലാണ് (കട്ടിയുള്ള ഭാഗം) കാണപ്പെടുന്നത്. പല്ലിൽ കുടുങ്ങുന്നതിനാൽ പലരും ഈ ഭാഗം ഒഴിവാക്കാറാണ് പതിവ്.
ഗ്ലൂട്ടൻ സേഫ്
ഗ്ലൂട്ടൻ സെൻസിറ്റിവിറ്റിയോ സീലിയാക് രോഗമോ ഉള്ളവർക്ക് പോപ്പ് കോൺ സുരക്ഷിതമായ ലഘുഭക്ഷണമാണ്. ഇത് ഗ്ലൂട്ടൻ രഹിതമാണെന്നു മാത്രമല്ല, പ്രെറ്റ്സെൽസ് അല്ലെങ്കിൽ ക്രാക്കേഴ്സ് പോലുള്ള ഗോതമ്പ് അടിസ്ഥാനമാക്കിയുള്ള ലഘുഭക്ഷണങ്ങൾക്ക് മികച്ച ഉദാഹരണം കൂടിയാണ്. കൂടാതെ, നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മധുരമോ, ഉപ്പുരസമോ, എരിവോ ഉള്ളതാക്കി മാറ്റാനും കഴിയും.
പ്രമേഹം നിയന്ത്രിക്കുന്നു
കുറഞ്ഞ ഗ്ലൈസെമിക് ഇൻഡെക്സ് ഉള്ളതിനാൽ, പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഒരു ധാന്യമാണ് . ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുണ്ടാകുന്ന വർധനവും കുറവും തടയുന്നു. ഉയർന്ന ഫൈബറിന്റെ അളവ് ഊർജം നൽകുന്നതും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
പ്രോട്ടീനാൽ സമ്പുഷ്ടം
പേശികൾ നിർമ്മിക്കുന്നതിനും ഊർജം നൽകുന്നതിനും ആവശ്യമായ ഒരു പ്രധാന മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. ഒരു കപ്പ് പോപ്പ് കോണിൽ ഏകദേശം 22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് ഏത് ഭക്ഷണക്രമത്തിലും ഉൾപ്പെടുത്താനാകും. ഈ ഉയർന്ന പ്രോട്ടീന്റെ അളവ് പേശികളുടെ കേടുപാടുകൾ തീർക്കുന്നതിനും വളർച്ചയ്ക്കും സഹായിക്കുന്നു, ദിവസം മുഴുവൻ ഊർജം ഉറപ്പാക്കുകയും ചെയ്യുന്നു.