in ,

നെഞ്ചെരിച്ചില്‍ പരിഹാരമാര്‍ഗങ്ങള്‍

Share this story

നെഞ്ചെരിച്ചില്‍ കാരണം പ്രയാസമനുഭവിക്കുന്ന കുട്ടികളും മുതിര്‍ന്നവരുമായ ധാരാളംപേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ആമാശയം പുറപ്പെടുവിക്കുന്ന അമ്ളരസത്തിന്റെ അസന്തുലിതാവസ്ഥ കൊണ്ടാണ് അസിഡിറ്റി എന്ന രോഗമുണ്ടാകുന്നത്. ഇതുമൂലം നെഞ്ചെരിച്ചില്‍ (Heart burn) ഉണ്ടാകുന്നു.

നെഞ്ചെരിച്ചില്‍ ഒരു സാധാരണ രോഗമാണ്. ആമാശയരസങ്ങള്‍ അന്നനാളത്തിലേക്ക് പ്രവേശിക്കുന്നതിനാലാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. “ഗ്യാസ്ട്രോ ഈസോ ഫാഗല്‍ റിഫളക്സ് ഡിസീസ്” (ജി.ഇ.ആര്‍.ഡി) എന്നാണിതിന് പേര്‍. ആകെക്കൂടി അസ്വസ്ഥതയനുഭവപ്പെടുന്നതു മാത്രമല്ല, ദിവസേന ചെയ്യേണ്ട ജോലികള്‍ ചെയ്തു തീര്‍ക്കുന്നതിന് രോഗിക്ക് പ്രയാസമനുഭവപ്പെടുകയും ചെയ്യുന്നു. “വേണ്ടത്ര ശ്രദ്ധിക്കാതെയും, ചികിത്സ ചെയ്യാതെയുമിരുന്നാല്‍ ഈ രോഗം അന്നനാളത്തിന് കേടുവരുത്തി അര്‍ബുദത്തിന് വരെ കാരണമാവുകയും ചെയ്യും”. “ഹാര്‍വാര്‍ഡ് മെന്‍സ് ഹെല്‍ത്ത് വാച്ച്” എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററും, മാസച്യൂസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലിലെ ഫിസിഷ്യനുമായ ഡോ. വില്യം കോര്‍മോസ് അഭിപ്രായപ്പെടുന്നു. നെഞ്ചെരിച്ചില്‍ ശമിപ്പിക്കുന്നതിന് പല വഴികളുണ്ട്.

1. ഭക്ഷണക്രമീകരണം വേണം

നെഞ്ചെരിച്ചില്‍ ഉണ്ടാകാത്ത രീതിയില്‍ ഭക്ഷണം ക്രമീകരിക്കുന്നതാണ് ഏറ്റവും പ്രധാനം. ലഘുഭക്ഷണം ഇടവിട്ട് കഴിക്കുകയും, മൊത്തമായി വിഴുങ്ങുന്ന രീതി ഒഴിവാക്കുകയും ചെയ്യുക.

2. രാത്രി വൈകിയുളള ഭക്ഷണം ഒഴിവാക്കുക.

രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മൂന്ന് മണിക്കൂറിനുളളില്‍ ഭക്ഷണം കഴിക്കുന്നത് ദഹനം പൂര്‍ത്തിയാകാതെ വരുന്നതിന് കാരണമാകും. ഉറങ്ങുന്നതിന് മുമ്പ് വൈകിട്ട് കഴിച്ച ഭക്ഷണം പൂര്‍ണ്ണമായും ദഹിച്ച് ആമാശയത്തില്‍ ഒന്നുമവശേഷിക്കാന്‍ പാടില്ല.

3. ഭക്ഷണത്തിന് ശേഷം ഉടന്‍ വ്യായാമം പാടില്ല.

ഭക്ഷണം കഴിച്ചതിന് ശേഷം ഉടന്‍ വ്യായാമം ചെയ്യരുത്. ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞ് ദഹനം പൂര്‍ത്തിയായതിന് ശേഷം മാത്രമേ വ്യായാമത്തിന് ശ്രമിക്കാവൂ.

4. എങ്ങനെ കിടന്നുറങ്ങണം.

രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍ ഉടല്‍ഭാഗം അല്‍പം ഉയര്‍ത്തിവെയ്ക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കുന്നതിന് സഹായകമാണ്. കുഷ്യന്‍ ഉപയോഗിച്ച് തലയും തോള്‍ഭാഗവും ഉയര്‍ത്തിവെച്ച് ഉറങ്ങരുത്.

5. നെഞ്ചെരിച്ചിലുണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.

നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞ് അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കേണ്ടതാണ്. കൊഴുപ്പുളള ഭക്ഷണം, കൂടുതല്‍ ഉപ്പും എരിവും ചേര്‍ന്ന ഭക്ഷണം , ചായ, കോഫി, പാല്, കോള, ചോക്കലേറ്റുകള്‍ ഇവ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്. കാര്‍ബണേറ്റഡ്പാനീയങ്ങള്‍ ഏമ്പക്കമുണ്ടാക്കുന്നതിന് കാരണമാകുന്നതിനാല്‍ നെഞ്ചെരിച്ചിലുണ്ടാക്കുന്നവയാണ്.

6. ഉമിനീര്‍ഉല്പാദനം കൂട്ടി നെഞ്ചെരിച്ചിലിന് ശമനം

മധുരം ചേര്‍ക്കാത്ത ച്യൂയിംഗം ചവയ്ക്കുന്നത് ഉമിനീര്‍ ഉല്പാദനം വര്‍ധിപ്പിക്കുകയും അന്നനാളത്തിലെ ആസിഡിനെ നേര്‍പ്പിച്ച് തിരിച്ച് ആമാശയത്തിലേക്ക് പോകാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ പെപ്പര്‍മിന്റ്ഗം ചവയ്ക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും എന്നറിഞ്ഞിരിക്കുക.

7. പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകള്‍ കഴിക്കുക
കഴിക്കുന്ന മരുന്നുകള്‍ക്ക് നെഞ്ചെരിച്ചില്‍ പോലെ വേദനയുണ്ടാകുന്നതോ അല്ലാത്തതോ ആയ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക.

8. ശരീരത്തിന്റെ തൂക്കം കുറയ്ക്കുക.
ശരീരത്തിന്റെ തൂക്കം വര്‍ദ്ധിക്കുന്നതു മൂലം ആമാശയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുകയും ആഹാരം ആമാശയത്തില്‍ നിന്നും അന്നനാളത്തിലേക്ക് തിരികെ വരാന്‍ കാരണമാവുകയും ചെയ്യുന്നു. ഇറുകിയ വസ്ത്രങ്ങളും ബല്‍റ്റും ഒഴിവാക്കുന്നതാണ് നല്ലത്.

മുഖകാന്തി കൂട്ടാൻ റോസ് വാട്ടർ ; ഉപയോ​ഗിക്കേണ്ട വിധം

തുളസി നീര് ആരോഗ്യത്തിന്