ഹെൽമറ്റ് ധരിക്കുമ്പോൾ മുടിക്ക് കേടുപാടുകൾ സംഭവിക്കുമോ, മുടി കൊഴിഞ്ഞു പോകുമോ എന്ന ആശങ്ക ഇരുചക്ര വാഹന യാത്രക്കാർക്കുണ്ടാവാം. എന്നാൽ ജീവനാണ് വലുതെന്നും ഹെൽമറ്റ് ധരിക്കാതിരിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും ഓർക്കുക. ഹെൽമറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ട മുടികൊഴിച്ചിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് പറയുന്നു.
ഹെൽമറ്റ് ധരിക്കുമ്പോൾ നനഞ്ഞ മുടി ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. മുടി നന്നായി ഉണങ്ങിയ ശേഷം മാത്രമേ യാത്രയ്ക്ക് ഒരുങ്ങാവൂ. നനഞ്ഞ മുടിയിൽ ഹെൽമറ്റ് ധരിക്കുന്നത് തലയോട്ടിയിലെ ഈർപ്പം നിലനിർത്തുകയും അത് മുടി വേരുകളെ ദുർബലമാക്കുകയും ചെയ്യും. ഇത് മുടികൊഴിച്ചിൽ വർദ്ധിപ്പിക്കാൻ കാരണമാകും.
ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുമ്പോൾ മുടികൊഴിച്ചിൽ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ ഇവയാണ്. ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുമ്പോൾ തല വിയർക്കുന്നത് മുടിയുടെ വേരുകളെ ദുർബലമാക്കുകയും മുടി പൊട്ടിപ്പോവുകയും കൊഴിച്ചിൽ ശക്തമാവുകയും ചെയ്യും. അതിനാൽ, തലയുടെ വലുപ്പത്തിനനുസരിച്ചുള്ള ഹെൽമറ്റ് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. തലയിൽ ഇറുകി ഇരിക്കുന്ന ഹെൽമറ്റ് മുടി പൊട്ടിപ്പോകാൻ കാരണമാകും.
ഹെൽമറ്റ് ധരിക്കുന്നവർ മുടി വൃത്തിയായി കഴുകി സൂക്ഷിക്കണമെന്നത് നിർബന്ധമാണ്. കൂടാതെ, ഹെൽമറ്റ് ധരിക്കുന്നതിന് മുൻപ് ഒരു കോട്ടൺ തുണികൊണ്ട് മുടി മൂടിയ ശേഷം ഹെൽമറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. ഹെൽമറ്റിന്റെ വൃത്തി പ്രധാനമാണ്. മറ്റൊരാളുടെ ഹെൽമറ്റ് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.




