വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കുന്ന ഒരു ഘടകമാണ് എണ്ണ. എന്നാൽ, അമിതമായ അളവിൽ എണ്ണ ഉപയോഗിച്ചാൽ ആരോഗ്യത്തെ അത് മോശമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ആ കാരണം കൊണ്ട് മാത്രം എണ്ണ പലഹാരങ്ങൾ ഇഷ്‌ടമായിരുന്നിട്ടും അവ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നവരുണ്ട്. രുചി കുറയാതെ തന്നെ ഭക്ഷണത്തിൽ നിന്നും എണ്ണയുടെ അളവ് കുറയ്‌ക്കാൻ ചില എളുപ്പ വഴികളുണ്ട്.
പേപ്പർ ടവൽ ഉപയോഗിക്കുക
ഫ്രൈഡ് ചിക്കൻ, വട, ബജി തുടങ്ങിയ വിഭവങ്ങൾ ഒരു പേപ്പർ ടവൽ വച്ച പാത്രത്തിലേക്ക് വറുത്ത് കോരി വയ്‌ക്കുന്നതിലൂടെ എണ്ണയുടെ അളവ് കുറയ്‌ക്കാൻ സാധിക്കും. പേപ്പർ ടവൽ എണ്ണമയത്തെ ആഗിരണം ചെയ്യുന്നതിനാൽ വിഭവങ്ങളിലുള്ള എണ്ണയെ ഇവ വലിച്ചെടുക്കുന്നു.
ശരിയായ ചൂടിൽ ഫ്രൈ ചെയ്യുക
എണ്ണ കൃത്യമായ ചൂടാകുന്നതിന് മുൻപ് അതിലേക്ക് ചേരുവകൾ ചേർക്കുന്നത് കൂടുതൽ എണ്ണ വലിച്ചെടുക്കുന്നതിന് കാരണമാകുന്നു. അതിനാൽ എണ്ണ നല്ലതുപോലെ ചൂടായതിന് ശേഷം മാത്രമേ അതിലേക്ക് വറുത്തെടുക്കാനുള്ള ആഹാരസാധനങ്ങൾ ചേർക്കാൻ പാടുള്ളു.
വയർ റാക്ക് ഉപയോഗിക്കുക
എണ്ണയിൽ വറുത്തെടുത്ത വിഭവങ്ങൾ എപ്പോഴും വയർ റാക്കുകൾ അല്ലെങ്കിൽ അരിപ്പ പോലുള്ള പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. അങ്ങനെയാകുമ്പോൾ അതിലൂടെ ഭക്ഷണത്തിലുള്ള എണ്ണയെ വേർതിരിക്കാൻ സാധിക്കും
എണ്ണ കോരിമാറ്റുക
കറി, സൂപ്പ്, സ്റ്റ്യൂ, അച്ചാർ തുടങ്ങിയവയിൽ ഈ മാർഗം പരീക്ഷിക്കാം. ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ചതിന് ശേഷമാണെങ്കിൽ മുകളിൽ കട്ട പിടിച്ച എണ്ണ സപൂൺ കൊണ്ട് എടുത്ത് കളയുന്നത് കൂടുതൽ എളുപ്പമാകും
ഐസ്‌ക്യൂബ് ട്രിക്ക്
എണ്ണകൂടുതലുളള കറിയിലേക്ക് ഒരു വലിയ ഐസ് ക്യൂബ് അൽപം സമയം താഴ്‌ത്തിവച്ച ശേഷം പുറത്തേക്കെടുക്കുന്നത് അധിക എണ്ണയെ വലിച്ചെടുക്കാൻ സഹായിക്കും.




