ലോകത്ത് ഏതാണ്ട് 128 കോടി ആളുകളാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തോടെ ജീവിക്കുന്നത്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും അകാല മരണത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ഒരു പ്രധാന കാരണമായി കണക്കാക്കുന്നു. പലരും തങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടെന്ന് പോലും അറിയാറില്ലെന്നതാണ് വാസ്തവം. ഗുരുതരമായ ശേഷമായിരിക്കും പലപ്പോഴും രോഗനിര്‍ണയം നടക്കുക.
ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ഒരു പ്രധാനകാരണം രക്തത്തിലെ സോഡിയത്തിന്റെ അളവു കൂടുന്നതാണ്. ഭക്ഷണത്തില്‍ ഉപ്പ് കുറച്ചിട്ടു മാത്രം കാര്യമില്ല കുടിക്കുന്ന പാനീയങ്ങളിലും ശ്രദ്ധ വേണമെന്ന് ഡയറ്റീഷന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.
മദ്യം, അധിക പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കാം. പൊട്ടസ്യം, നൈട്രേറ്റുകള്‍ അടങ്ങിയ പോഷകസമൃദ്ധമായ പാനീയങ്ങള്‍ കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ സോഡിയം അളവു നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട്
വൈകുന്നേരങ്ങളില്‍ വൈന്‍, സോഡ പോലുള്ളവ കുടിക്കുന്നതിന് പകരം ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചു ശീലിക്കുന്നത് മികച്ചതാണെന്ന് വിദഗ്ധര്‍ പറയുന്നു. പൊട്ടാസ്യം, നൈട്രേറ്റുകള്‍ കൂടാതെ ആന്റിഓക്സിഡന്റുകളും ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
രക്തക്കുഴലുകളെ ശാന്തമാക്കുന്നു
ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഭക്ഷണ നൈട്രേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ വെച്ച് നൈട്രിക് ഓക്‌സൈഡായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും വികസിപ്പിക്കാനും സഹായിക്കുന്ന ഒരു സംയുക്തമാണ്. കൂടാതെ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.
പ്രതിദിനം 70 മുതല്‍ 250 മില്ലി ലിറ്റര്‍ വരെ (ഏകദേശം മുതല്‍ 1 കപ്പ് വരെ) ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള മുതിര്‍ന്നവരില്‍ സിസ്റ്റോളിക് രക്തസമ്മര്‍ദം കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കും
ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ഭക്ഷണക്രമം സോഡിയം കുറയ്ക്കുക മാത്രമല്ല, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങളുടെ അളവ് വര്‍ധിപ്പിക്കുകയും വേണം. സോഡിയം അളവ് സന്തുലിതമാക്കാനും രക്തക്കുഴലുകളുടെ ഭിത്തികള്‍ ആരോഗ്യമുള്ളതാക്കാനും പൊട്ടാസ്യം സഹായിക്കുന്നു. ദിവസേന ആവശ്യമുള്ള പൊട്ടാസ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും അളവില്‍ ആറ് ശതമാനം ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്.
വീക്കം കുറയ്ക്കുന്നു
വിട്ടുമാറാത്ത വീക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം വീക്കം നിയന്ത്രിക്കാന്‍ സഹായിക്കും. ബീറ്റ്‌റൂട്ട് ജ്യൂസില്‍ ബീറ്റാലൈന്‍സ്, വിറ്റാമിന്‍ സി തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. ബീറ്റ്‌റൂട്ടിന് കടും ചുവപ്പ് നിറം നല്‍കുന്നത് ബീറ്റാലൈനുകളാണ്. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് നീക്കാന്‍ സഹായിക്കും.