ജോലി തിരക്കുകൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ശാന്തവും സുഗന്ധപൂരിതവുമായ ഒരന്തരീക്ഷം ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ തിരക്കിട്ട ജീവിതത്തിനിടയിൽ വീട് എല്ലാ സമയത്തും വൃത്തിയാക്കി വെക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വീടിനുള്ളിൽ എപ്പോഴും നല്ല സുഗന്ധം നിലനിർത്താൻ സഹായിക്കുന്ന ചില എളുപ്പവഴികൾ ഇതാ.
ഫർണിച്ചറുകൾ
സോഫ, കുഷ്യനുകൾ പോലുള്ള തുണികൊണ്ടുള്ള ഫർണിച്ചറുകളിൽ ദുർഗന്ധം തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. കൂടാതെ, പാചകത്തിന്റെ മണം, വളർത്തുമൃഗങ്ങൾ, കർട്ടനുകൾ എന്നിവയും ദുർഗന്ധത്തിന് കാരണമാകാറുണ്ട്. ഇവയെല്ലാം ഇടയ്ക്കിടെ വൃത്തിയാക്കുന്നത് വീടിന്റെ സുഗന്ധം നിലനിർത്താൻ സഹായിക്കും. വളർത്തുമൃഗങ്ങളുടെ കിടക്കകളും പാത്രങ്ങളും വൃത്തിയാക്കാൻ മറക്കരുത്.
ഉണങ്ങിയ പൂക്കളും ഗ്രാമ്പുവും
വീടിന് ഉന്മേഷം നൽകുന്ന സുഗന്ധത്തിനായി, ഒരു പാത്രത്തിൽ ഉണങ്ങിയ പൂക്കളും ഗ്രാമ്പൂവും നിറയ്ക്കുക. ഇത് ലിവിങ് റൂം, ബെഡ്റൂം, ബാത്ത്റൂം എന്നിവിടങ്ങളിൽ വെക്കാം. ഇതിലെ സുഗന്ധം വീടിന്റെ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുകയും വളരെക്കാലം നിലനിൽക്കുകയും ചെയ്യും.
ഔഷധ സസ്യങ്ങൾ സൂക്ഷിക്കാം
പാചകത്തിന് മാത്രമല്ല, നല്ല സുഗന്ധം നൽകാനും ഔഷധ സസ്യങ്ങൾ ഉപയോഗിക്കാം. റോസ്മേരി, പുതിന, ബേസിൽ തുടങ്ങിയവ ഒരു പാത്രത്തിൽ നട്ട് അടുക്കള ജനലിന്റെ അടുത്തോ കൗണ്ടർടോപ്പിലോ വെക്കാം. ഇവ അടുക്കളയിലെ ദുർഗന്ധം വലിച്ചെടുത്ത് നല്ല സുഗന്ധം നൽകുന്നു. കൂടാതെ, ഈ സസ്യങ്ങൾ കീടങ്ങളെ അകറ്റാനും വായു ശുദ്ധീകരിക്കാനും സഹായിക്കും.
സുഗന്ധതൈലങ്ങൾ ഉപയോഗിക്കാം
ലാവണ്ടർ, യൂക്കാലിപ്റ്റസ്, സിട്രസ് തുടങ്ങിയ സുഗന്ധതൈലങ്ങൾ ഉപയോഗിച്ചും വീടിനുള്ളിൽ സുഗന്ധം പരത്താൻ സാധിക്കും. കൂടാതെ സമ്മർദ്ദം കുറയ്ക്കാനും വീടിനുള്ളിൽ സമാധാന അന്തരീക്ഷം ലഭിക്കാനും ഇത് സഹായിക്കും.
ബേക്കിംഗ് സോഡ
ദുർഗന്ധം വലിച്ചെടുക്കാൻ ബേക്കിംഗ് സോഡ വളരെ ഫലപ്രദമാണ്. ഒരു ചെറിയ കുപ്പിയിൽ ബേക്കിംഗ് സോഡ എടുത്ത് അതിലേക്ക് ഏതാനും തുള്ളി സുഗന്ധമുള്ള എണ്ണ ചേർക്കുക. ശേഷം, കുപ്പിയുടെ വായ്ഭാഗം നേരിയ തുണികൊണ്ട് മൂടി, ദുർഗന്ധം വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെക്കാം. ഇത് ദുർഗന്ധം ഇല്ലാതാക്കി, അന്തരീക്ഷം സുഗന്ധപൂരിതമാക്കും.