പലരിലും മുഖക്കുരുവും പാടുകളും സൃഷ്ടിക്കുന്ന അസ്വസ്ഥത ചില്ലറയല്ല. കുരു വീര്‍ക്കുകയും പൊട്ടുകയും ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പുറമേ കാഴ്ചയില്‍ എങ്ങനെയാകുമെന്ന ആശയങ്കയാണ് പലരെയും അസ്വസ്ഥമാക്കുന്നത്. മുഖമായതു കൊണ്ട് തന്നെ വലിയ പരീക്ഷണങ്ങള്‍ക്ക് ധൈര്യവുമില്ല. എന്നാല്‍ പ്രകൃതിദത്ത മാര്‍ഗത്തിലൂടെ, സുരക്ഷിതമായി മുഖക്കുരുവിന് പരിഹാരം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണെങ്കില്‍ തീര്‍ച്ചയായും മഞ്ഞളിന് അവസരം നല്‍കാം. തലമുറകളായി സൗന്ദര്യസംരക്ഷണത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള മഞ്ഞളിന് മുഖക്കുരുവും പാടുകളും ശമിപ്പിക്കാനുള്ള കഴിവുണ്ട്.
മഞ്ഞള്‍ പ്രയോഗത്തിലൂടെ മാറുമോ
മഞ്ഞളും, തുളസിനീരും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കിയശേഷം മുഖത്തു പുരട്ടുക. പഴക്കംചെന്ന കറുത്ത പാടുകള്‍ മാറികിട്ടും. മഞ്ഞള്‍പ്പൊടി, കടലമാവ്, വേപ്പില അരച്ചത് എന്നിവ പാലില്‍ ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു തേച്ച ശേഷം 15 മിനിട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. മുഖത്തെ പാടുകള്‍ക്കും മുഖക്കുരുവിനുമെതിരെ ഇത് പ്രവര്‍ത്തിക്കും. പനിനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖക്കുരു മാത്രമുള്ള ഭാഗത്തു പുരട്ടി അര മണിക്കൂര്‍ ശേഷം കഴുകി കളഞ്ഞാല്‍ മുഖക്കുരുവിന് ശമനം കിട്ടും. ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകിയ ശേഷം മഞ്ഞളും, വേപ്പിലയും ചേര്‍ത്ത് അരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടിയാല്‍ മുഖത്തെ പാടുകള്‍ മാറികിട്ടും.
തേച്ചുകുളി എന്നു കേട്ടിട്ടില്ലേ പച്ചമഞ്ഞളും, ആര്യവേപ്പിലയും കൂടി കുഴമ്പു രൂപത്തിലാക്കി ദിവസവും തേച്ചുകുളിച്ചാല്‍ ശരീരത്തിലെ എല്ലാ കറുത്ത പാടുകളും മാറുമെന്ന് മാത്രമല്ല, ചര്‍മ്മകാന്തി വര്‍ദ്ധിക്കുകയും, ചര്‍മ്മ രോഗങ്ങളെ അകറ്റിനിര്‍ത്തുകയും ചെയ്യും. മേല്‍പറഞ്ഞ ഔഷധകൂട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ അവയിലെ ഘടകങ്ങള്‍ ശുദ്ധമാണ് എന്ന കാര്യം പ്രത്യേകം ഉറപ്പുവരുത്തുക.