അപ്രതീക്ഷിതമായി വീട്ടിലേക്ക് അതിഥികള്‍ വന്നാല്‍ പിന്നെ വീടിനുള്ളില്‍ ഒരു ഓട്ട പ്രദക്ഷിണമായിരിക്കും. അലക്കിയ തുണി ചുരുട്ടിക്കൂട്ടി അലമാരയിലേക്ക് തള്ളും, തൂത്തു കൂട്ടിയത് കാര്പ്പെറ്റിനടിയിലേക്ക്…സിങ്കില്‍ പാത്രങ്ങള്‍ വേറെ, മൊത്തത്തില്‍ ടെന്‍ഷന്‍. ജോലിയും കുട്ടികളും യാത്രയും തിരക്കും എല്ലാം കൂടുമ്പോള്‍ വീടും വീട്ടുകാര്യങ്ങളും ശ്രദ്ധിക്കാന്‍ പലപ്പേഴും ആര്‍ക്കും സമയം തികഞ്ഞുവെന്ന് വരില്ല. എന്നാല്‍ വീട് വൃത്തികേടായി തുടരുന്നത് ഒട്ടും ആരോഗ്യകരമല്ലതാനും.
വീട്ടു ജോലികള്‍ ഈസിയാക്കാനും സ്മാര്‍ട്ട് ടെക്നിക്കുകള്‍ ശീലിക്കാം. ആഴ്ചയില്‍ കിട്ടുന്ന ഒരു ഒഴിവു ദിവസമായിരിക്കും പലരും വീടു വൃത്തിയാക്കലിന് ഇറങ്ങുന്നത്. ഇത് അമിതഭാരവും മടുപ്പും ഉണ്ടാക്കും. പകരം കൃത്യമായ ഷെഡ്യൂള്‍ ഉണ്ടാക്കി, വീട്ടു ജോലികള്‍ ദിവസവും ചെറിയ ഭാഗങ്ങളായി ചെയ്തു തീര്‍ക്കാനാകും.
വീട്ടുജോലികളുടെ കാര്യത്തില്‍ മനസിലാക്കേണ്ട അടിസ്ഥാനപരമായ ഒരു കാര്യം, വീട്ടുജോലികള്‍ വീട്ടമ്മയുടെ മാത്രം ഉത്തരവാദിത്വമല്ലെന്നതാണ്. വീടുവൃത്തിയാക്കല്‍ വീട്ടിലെ എല്ലാവരുടെയും ഉത്തരവാദിത്വമായി കണ്ടാല്‍ സംഭവം ഈസി ആണ്. വീട്ടു ജോലികള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനൊപ്പം വീട്ടിലെ എല്ലാവരും ജോലികള്‍ വിഭജിച്ചെടുക്കുന്നതും വീട്ടുജോലികളുടെ ഭാരം കുറയ്ക്കും.
കുട്ടികള്‍ക്ക് പ്രത്യേക ട്രെയിനിങ്
കുട്ടികളാണെന്ന് കരുതി അവരെ വീട്ടുജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതില്ല, ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്ന് പറയുന്ന പോലെ അവര്‍ക്കും ഉത്തരവാദിത്വത്തില്‍ പങ്കു കൊള്ളാന്‍ സാധിക്കും. ഇത് അവരുടെ മാനസികവികാസത്തിനും പ്രധാനമാണ്.
കുട്ടികളാണെങ്കിലും എടുക്കുന്ന സാധനങ്ങള്‍ തിരിച്ച് കൃത്യ സ്ഥലത്ത് വയ്ക്കുന്നത് പകുതി ജോലി കുറയ്ക്കും. അലക്കാനുള്ള വസ്ത്രങ്ങള്‍ കൃത്യമായ വേര്‍തിരിച്ചു വയ്ക്കാന്‍ കുട്ടികളെയും ശീലിപ്പിക്കാം. അലക്കിയ തുണി മടക്കി, അലമാരയില്‍ സൂക്ഷിക്കാനും കുട്ടികളെ പരിശീലിപ്പിക്കണം.
വീട് വൃത്തിയാക്കാന്‍ പ്രത്യേക ഷെഡ്യൂള്‍
തിങ്കളാഴ്ച: ഷെല്‍ഫും ഫര്‍ണിച്ചറുകളും പൊടിതട്ടി, മുറികള്‍ മുഴുവന്‍ തൂക്കാം.
ചൊവ്വാഴ്ച: ബാത്ത് റൂം ക്ലീനിങ്
ബുധനാഴ്ച:അടുക്കള ഡീപ്പ് ക്ലീനിങ്
വ്യാഴാഴ്ച: ബെഡ്ഷീറ്റ്, തലയിണ, കര്‍ട്ടര്‍ തുടങ്ങിയ വീട്ടില്‍ പൊതുവായി ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍ കഴുകി വൃത്തിയാക്കാം.
വെള്ളിയാഴ്ച: തറ തുടയ്ച്ചു വൃത്തിയാക്കാം
ശനിയാഴ്ച : വിട്ടുപോയത് എന്തെങ്കിലുമുണ്ടെങ്കില്‍ വൃത്തിയാക്കാം.
ഞായറാഴ്ച: വിശ്രമം