പ്രോട്ടീന്റെ കലവറയായ മുട്ട കൊണ്ട് പലതരത്തിലുള്ള വിഭവങ്ങള്‍ പരീക്ഷിക്കാറുള്ളതു കൊണ്ട്, മിക്ക വീടുകളിലും കൂടുതല്‍ മുട്ട വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലമുണ്ടാകും. ഈ മുട്ടകള്‍ എത്ര കാലം കേടുകൂടാതെയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മുട്ട എങ്ങനെ ശരിയായി സൂക്ഷിക്കാമെന്നും ചീത്തയായ മുട്ട എങ്ങനെ കണ്ടെത്താമെന്നും പരിശോധിക്കാം.
നാല് ഡിഗ്രി സെല്‍ഷ്യസോ അതില്‍ താഴെയുള്ള താപനിലയിലോ സൂക്ഷിക്കുകയാണെങ്കില്‍ വാങ്ങിയ ദിവസം മുതല്‍ അഞ്ച് ആഴ്ച വരെ മുട്ടകള്‍ കേടുകൂടാതെയിരിക്കും. ഒരാഴ്ച വരെയൊക്കെ നനവോ ഈര്‍പ്പമോ ഇല്ലാത്ത സ്ഥലത്ത് മുട്ട കേടാകാതെ സൂക്ഷിക്കാനാകും. എന്നാല്‍ നമ്മുടെ കാലാവസ്ഥയില്‍ പുറത്തുവെച്ച മുട്ട പെട്ടെന്ന് തന്നെ കേടാകാന്‍ സാധ്യതയുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ മുട്ട ദീര്‍ഘനാള്‍ കേടുകൂടാതെ ഇരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ടകളിലും പ്രത്യേകം ശ്രദ്ധവേണം.നാല് ആഴ്ചകള്‍ വരെ മുട്ടകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. എന്നാല്‍ അതിന് മുന്‍പുതന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.പൊട്ടിയ മുട്ട രണ്ട് ദിവസം വരെയും പുഴുങ്ങിയ മുട്ട ഒരാഴ്ചവരെയും ഫ്രിഡ്ജില്‍ സൂക്ഷിക്കാം
ഫ്രിഡ്ജില്‍ മുട്ട സൂക്ഷിക്കുന്നതിന് മുന്‍പ് മുട്ടയുടെ പുറമെ ഈര്‍പ്പം ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഈര്‍പ്പം നിന്നാല്‍ മുട്ട പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യതയുണ്ട്.ഫ്രിഡ്ജില്‍ നിന്നും തണുത്ത മുട്ട നേരെ പാകം ചെയ്യാന്‍ എടുക്കരുത്. തണുപ്പ് മാറാന്‍ കുറച്ചു സമയം അനുവദിക്കുക.മുട്ട ഫ്രിഡ്ജിന്റെ ഡോറില്‍ സൂക്ഷിക്കുന്നതിനുപകരം ഉള്ളില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.ഒരിക്കല്‍ ഫ്രിഡ്ജില്‍ വെച്ച മുട്ട ദീര്‍ഘനേരം പുറത്തുവച്ചിരുന്നശേഷം ഉപയോഗിക്കരുത്.