നമ്മളെല്ലാം പലപ്പോഴും വിമാനത്തില്‍ യാത്ര ചെയ്യാറുണ്ടെങ്കിലും, അതിന്റെ കാലപ്പഴക്കത്തെക്കുറിച്ച് ചിന്തിക്കാറില്ല. എന്നാല്‍ വിമാനത്തില്‍ കയറി സീറ്റ് കണ്ടുപിടിക്കുന്നത് പോലെ എളുപ്പത്തിൽ അതിന്റെ കാലപ്പഴക്കവും കണ്ടെത്താനാവും എന്ന് നിങ്ങള്‍ക്ക് അറിയാമോ? കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. ചിലപ്പോള്‍ കയറുന്നതിന് മുന്‍പ് ‘ഇതിന് എത്ര പഴക്കമുണ്ടെന്ന്’ വെറുതെ മനസില്‍ ചിന്തിക്കുകയും, അപ്പോള്‍ തന്നെ അക്കാര്യം മറക്കുകയും ചെയ്യുന്നവരായിരിക്കാം നമ്മള്‍. എന്നാല്‍ മിനിറ്റുകൾക്കുള്ളിൽ വിമാനത്തിന്റെ കാലപ്പഴക്കം കണ്ടെത്താൻ ചില മാർഗങ്ങളുണ്ട്. കാലപ്പഴക്കം കൂടാതെ ഈ വിമാനം ഇതിന് മുന്‍പ് ഏതൊക്കെ കമ്പനികള്‍ക്ക് വേണ്ടി പറന്നിട്ടുണ്ടെന്നും കണ്ടെത്താനാവും.
AI302, 6E203 ഇങ്ങനെ നമ്മള്‍ പോകുന്ന വിമാനത്തിന് സാധാരണയായി രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളും, മൂന്ന് അക്കങ്ങളും അടങ്ങിയിരിക്കുന്ന ഒരു കോഡ് നമ്പര്‍ ഉണ്ടായിരിക്കും. ഫ്‌ളൈറ്റ് റഡാര്‍ 25, ഫ്‌ളൈറ്റ് അവെയര്‍, Airfleet.in, planespotters,nte എന്നീ വെബ്‌സൈറ്റുകളില്‍ ഏതിലെങ്കിലും ഒന്നില്‍ കയറിയ ശേഷം നിങ്ങൾ പറക്കാൻ പോകുന്ന വിമാനത്തിന്റെ ഈ കോഡ് നമ്പര്‍ അടിച്ച് കൊടുക്കുക.
സൈറ്റില്‍ വിമാനത്തിന്റെ കോഡ് നമ്പര്‍ നല്‍കുമ്പോള്‍ വിമാനത്തിന്റെ മോഡല്‍, രജിസ്‌ട്രേഷന്‍ നമ്പര്‍ തുടങ്ങിയ ഡേറ്റ നിങ്ങള്‍ക്ക് കാണാനാവും. ഇതില്‍ ഇന്ത്യയിലെ രെജിസ്‌ട്രേഷന്‍ നമ്പറുകള്‍ സാധാരണയായി VT-എന്നീ രണ്ട് അക്ഷരങ്ങളില്‍ ആയിരിക്കും തുടങ്ങുക. രെജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചാല്‍, വിമാനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ Airfleets.net എന്ന വെബ്സൈറ്റില്‍ ഈ രജിസ്ട്രേഷൻ നമ്പര്‍ നല്‍കുക. ഇതിലൂടെ സഞ്ചരിക്കാന്‍ പോകുന്ന വിമാനത്തെക്കുറിച്ച് സകല വിവരങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതില്‍ വിമാനത്തിന്റെ കാലപ്പഴക്കം, എത്ര ആകാശയാത്രകള്‍ നടത്തിയിട്ടുണ്ട്, ഏതെല്ലാം എയര്‍ലൈന്‍സിന്റെ ഭാഗമായിട്ടുണ്ട് തുടങ്ങിയ വിവരങ്ങളും ഉള്‍പ്പെടുന്നു.
വ്യോമയാന വിദഗ്ധരുടെ അഭിപ്രായത്തില്‍ വിമാനത്തിന്റെ കാലപ്പഴക്കത്തെക്കാള്‍ പ്രസക്തി അതിന്റെ പരിപാലനത്തിലാണ്. സ്ഥിരമായി അറ്റകുറ്റപണികള്‍ നടത്തുക, ജീവനക്കാരെ നന്നായി പരിശീലിപ്പിക്കുക, കൃത്യമായ പരിശോധനകള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് ഏറ്റവും പ്രധാനം. ഇന്ത്യയില്‍ കമേഷ്യല്‍ വിമാനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കര്‍ശനമായ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.