in ,

സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെയാണ് സ്ത്രീകള്‍ സൂക്ഷിക്കേണ്ടത് എങ്ങനെയെല്ലാം

Share this story

തിരുവനന്തപുരം: സ്വന്തം മരണവാര്‍ത്ത പ്രസിദ്ധപ്പെടുത്തി ബോളിവുഡ് നടി പൂനം പാണ്ഡെ നടത്തിയ സാഹസത്തിലൂടെയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ചര്‍ച്ചയിലേക്ക് വരുന്നത്. താരതമ്യേന പുതിയ പദപ്രയോഗമായത് കൊണ്ടുതന്നെ ഇത് എന്താണെന്ന് അറിയാനുള്ള ഇന്റര്‍നെറ്റ് സെര്‍ച്ചുകളും കൂടുതലായിരുന്നു. ആഗോള തലത്തില്‍ സെര്‍വിക്കല്‍ കാന്‍സര്‍ ബാധിക്കുന്ന സ്ത്രീകളുടെ കണക്കെടുത്താല്‍ മൂന്നില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നാണ്. ഈ കാന്‍സര്‍ ബാധിച്ചു മരിക്കുന്നവരില്‍ അന്‍പത് ശതമാനവും ഇന്ത്യക്കാര്‍ തന്നെ. ഭയപ്പെടാന്‍ പിന്നെ വേറെയൊന്നും വേണ്ടല്ലോ. എന്നാല്‍ സ്ത്രീകളില്‍ വരുന്ന ഗൈനക് കാന്‍സറുകളില്‍ താരതമ്യേന അപകടം കുറഞ്ഞതാണ് സെര്‍വിക്കല്‍ കാന്‍സര്‍. സാധാരണഗതിയില്‍ 65 മുതല്‍ 70 ശതമാനം വരെയാണ് രോഗമുക്തി നിരക്കെന്നാണ് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ റേഡിയേഷന്‍ ഓങ്കോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ സൂസന്‍

സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയമുഖത്ത് വരുന്ന കാന്‍സറാണിത്. ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് (എച്ച്പിവി) ഈ കാന്‍സറിന് കാരണം. ലൈംഗിക ബന്ധത്തിലൂടെയാണ് സ്ത്രീകളില്‍ ഈ വൈറസ് എത്തുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള 97 ശതമാനം സ്ത്രീകളിലും ഈ വൈറസ് കാണാം. എന്നാല്‍ എല്ലാവരിലും ഇത് കാന്‍സര്‍ ഉണ്ടാക്കുന്നില്ല. വ്യക്തി ശുചിത്വം പൊതുവെ കൂടിവരുന്നതു കൊണ്ട് സെര്‍വിക്കല്‍ കാന്‍സര്‍ കുറഞ്ഞു വരാനാണ് സാധ്യത കാണുന്നത്. വൈറസ് ശരീരത്തില്‍ കയറി ഏകദേശം 10 വര്‍ഷം വരെ കഴിഞ്ഞാണ് അത് കാന്‍സറായി മാറുന്നത്. അതുകൊണ്ട് ഇടയ്ക്ക് ചെറിയ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തിയാല്‍ വൈറസ് സാന്നിധ്യം കണ്ടെത്താനും അത് ഇല്ലാതാക്കാനും സാധിക്കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെങ്കില്‍ നിങ്ങള്‍ക്കും ഇത് വരാന്‍ സാധ്യതയുണ്ടെന്ന അവബോധം മാത്രം ഉണ്ടായാല്‍ മതി’ഡോ സൂസന്‍ പറഞ്ഞു.

120 തരം എച്ച്പിവി വൈറസാണുള്ളത്. ഇതില്‍ എച്ച്പിവി 16,18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകാന്‍ പ്രധാന കാരണം. ശുചിത്വം പ്രധാന ഘടകമായത് കൊണ്ട് തന്നെ അണുബാധ ഉണ്ടാകുന്ന 85 ശതമാനം പേരിലും ഇത് രണ്ട് വര്‍ഷത്തില്‍ മാറും. ചിലരില്‍ കൂടുതല്‍ സമയം എടുക്കും. മറ്റ് അണുബാധകള്‍ ഉള്ളവരിലും, പ്രതിരോധശേഷി കുറഞ്ഞവരിലും എച്ച്പിവി വൈറസ് കൂടുതല്‍ നാള്‍ നിലനില്‍ക്കാന്‍ സാധ്യതുണ്ട്. മറ്റ് ചിലര്‍ക്ക് വൈറസ് മൂലം കോശ വ്യതിയാനങ്ങള്‍ ഉണ്ടാകും. ഇതാണ് കാന്‍സറായി മാറുന്നത്.

രോഗലക്ഷണങ്ങള്‍

ആദ്യ സ്റ്റേജില്‍ രോഗലക്ഷണങ്ങളില്ല എന്നതാണ് സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രധാന പ്രശ്‌നം. സാധാരണ അണുബാധയുടെ ലക്ഷണങ്ങള്‍ ചിലര്‍ക്ക് വരാം. അമിതമായ വെള്ളപോക്ക്, ആര്‍ത്തവ സമയത്തല്ലാതയോ ആര്‍ത്തവവിരാമത്തിന് ശേഷമോ ഉള്ള രക്തസ്രാവം, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴോ അതിനു ശേഷമോ കാണുന്ന രക്തക്കറ തുടങ്ങി ഗര്‍ഭാശയ സംബന്ധമായ എല്ലാ രോഗലക്ഷങ്ങളും സെര്‍വിക്കല്‍ കാന്‍സറിനും കണ്ടുവരുന്നുണ്ട്. ഇത് കൊണ്ടാണ് പലരും കാന്‍സര്‍ തിരിച്ചറിയാന്‍ വൈകുന്നത്. ആദ്യ സ്റ്റേജില്‍ തിരിച്ചറിഞ്ഞാല്‍ 90 ശതമാനമാണ് രോഗമുക്തി നിരക്ക്. അവസാന സ്റ്റേജില്‍ 30 ശതമാനവും.

ചികിത്സ ഇങ്ങനെ

പാപ് സ്മിയര്‍ ടെസ്റ്റിലൂടെയോ എച്ച്പിവി ഡിഎന്‍എ ടെസ്റ്റിലൂടെയോ കോശ വ്യതിയാനം തിരിച്ചറിയാം. ആദ്യ ഘട്ടത്തില്‍ ആണെങ്കില്‍ ശസ്ത്രക്രിയ കൊണ്ട് കോശം നീക്കാം. അത് കഴിഞ്ഞാല്‍ റേഡിയേഷന്‍ കൊണ്ട് കോശം നീക്കം ചെയ്യും. കൂടുതല്‍ കേസുകളിലും റേഡിയേഷനാണ് ചെയ്യുന്നത്. മറ്റ് അവയവങ്ങളെ അപേക്ഷിച്ച് റേഡിയേഷന്‍ സഹിക്കാനുള്ള ക്ഷമത ഗര്‍ഭാശയത്തിന് കൂടുതലാണ്. അതുകൊണ്ട് രോഗമുക്തി നിരക്കും കൂടുതലാണ്. ഗര്‍ഭാശയത്തിന് അകത്തു നിന്നും പുറത്തു നിന്നും റേഡിയേഷന്‍ നല്‍കി അപകടകരമായ കോശങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. ഓരോ വ്യക്തികളുടെ ആരോഗ്യ സ്ഥിതി അനുസരിച്ചാണ് റേഡിയേഷന്‍ നല്‍കുന്നത്’ഡോ സൂസന്‍ പറഞ്ഞു

എച്ച്പിവി വാക്സിന്‍

സെര്‍വിക്കല്‍ കാന്‍സര്‍ തടയാന്‍ വാക്സിന്‍ ലഭ്യമാണ്. വിദേശ രാജ്യങ്ങളില്‍ 9 വയസ് മുതല്‍ വാക്സിന്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ 12 വയസ് മുതലുള്ള കുട്ടികള്‍ക്കാണ് നല്‍കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് വാക്സിന്‍ നല്‍കുന്നതാണ് കൂടുതല്‍ ഫലപ്രദം. അതിനു ശേഷവും വാക്സിന്‍ എടുക്കുന്നവരുണ്ട്. മറ്റ് വാക്സിനുകളിലെ പോലെ വൈറസിന്റെ ഡിഎന്‍എയോ ജീവനുള്ള ഘടകങ്ങളോ ഈ വാക്സിനില്‍ ഇല്ല. പ്രോട്ടീന്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ തീരെയില്ലെന്നു തന്നെ പറയാം.

സ്ത്രീകളില്‍ സാധാരണയായി കണ്ടു വരുന്ന കാന്‍സറുകളില്‍ നാലാം സ്ഥാനമാണ് സെര്‍വിക്കല്‍ കാന്‍സറിന്. ഇതിനെ ഉന്മൂലനം ചെയ്യാന്‍ 2020ല്‍ ലോകാരോഗ്യ സംഘടന പ്രത്യേക നയം സ്വീകരിച്ചിട്ടുണ്ട്. 2030ഓടെ ഓരോ രാജ്യവും 90 ശതമാനം കുട്ടികള്‍ക്ക് എച്ച്പിവി വാക്സിനേഷന്‍ ഉറപ്പാക്കുക, 70 ശതമാനം സ്ത്രീകളില്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുക, ഇതിലൂടെ 90 ശതമാനം സ്ത്രീകളില്‍ എങ്കിലും കാന്‍സര്‍ നിയന്ത്രണ വിധേയമാക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.

വേനല്‍ക്കാല രോഗങ്ങള്‍

ഗര്‍ഭിണികള്‍ കാല്‍ വേദന ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ