ഗര്‍ഭസ്ഥ ശിശുവിന്റെ പ്രാണവായുവും പോഷകങ്ങളും ലഭിക്കുന്നതു മറുപിള്ളയിലൂടെയാണ്. സാധാരണ ഗതിയില്‍ ഇതു ഗര്‍ഭപാത്ര ഭിത്തിയോട് ചേര്‍ന്ന് മുകള്ഭാഗത്തായി്ട്ടാണ് സ്ഥിതി ചെയ്യുന്നത്. പ്രസവം കഴിഞ്ഞ് അര മുക്കാല്‍ മണിക്കൂറിനു ശേഷം മറുപിള്ള പുറത്തേക്കു വരികയും ചെയ്യും. അപൂര്‍വ്വമായി ചില സാഹചര്യങ്ങളില്‍ കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരിക്കുന്ന അവസ്ഥയില്‍ തന്നെ മറുപിള്ള വേര്‍പ്പെട്ടു പോകാറുണ്ട്.ഇതിനു അബ്രപ്ഷന്‍ ഓഫ് പ്ലാസന്റ(Abruption of placenta) എന്നു പറയുന്നു .
മറുപിളള വേര്‍പെട്ടു പോയാല്‍ ചില ധാതുക്കള്‍ അഥവാ വാസോ ആക്ടീവ് അമീന്‍സ് അമ്മയുടെ രക്തപര്യയനവ്യവസ്ഥയിലൂടെ കയറി രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നഘടകങ്ങളെ നശിപ്പിച്ച് കണ്‍സംപ്റ്റീവ് കൊയാഗുലോപ്പതി (Consumptive Coagulopathy) എന്ന അവസ്ഥയ്ക്ക് ഇടയാക്കുന്നു. ശരീരത്തിലെ വിവിധ അവയവങ്ങളില്‍ നിന്നും പൊടുന്നനെ രക്തസ്രാവമുണ്ടാകുന്ന ഈ അവസ്ഥ അമ്മയുടെ ജീവന് തന്നെ അപകടത്തിലാക്കാം. അതിശക്തമായതും തുടര്ച്ചയായുളളതുമായ വയറു വേദന, കുഞ്ഞിന്റെ ഹ്യദയമിടിപ്പില്‍ വ്യതിയാനം, ഹ്യദയമിടിപ്പില്‍ താഴുക, രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍ 70 ശതമാനംപേരിലും രക്തസ്രാവമായാണ് പ്രകടമാകുന്നത്. തുടക്കത്തിലേ തിരിച്ചറിഞ്ഞ് ക്യത്യമായ ചികിത്സിച്ചാല്‍ കുഞ്ഞിന്റെയും അമ്മയുടെയും ജീവന് രക്ഷിക്കാം. അടിയന്തിരമായി സിസേറിയന് ചെയ്യുകയാണ് പോംവഴി. കൂടാതെ രക്തവും പ്ലാസ്മ പോലുളള രക്തഘടകങ്ങളും നല്‍കേണ്ടിവരും.
വയറിനു പരുക്കു പറ്റുക, അമിതരക്ത സമ്മര്‍ദമുളള ഗര്‍ഭിണികള്‍,മുന്‍പു പ്രസവത്തില്‍ മറുപിളള വേര്പെട്ടിട്ടുളളവര് എന്നിവര്‍ക്ക് ഈ അവസ്ഥ വരാന്‍ സാധ്യത കൂടുതലാണ് അപൂര്‍വമായ അവസ്ഥയാണെങ്കില്‍ കൂടി ഗര്‍ഭിണികള്‍ ഈ അപകടത്തെക്കുറിച്ച് അറിഞ്ഞിരിക്കണം കാരണം ഇത്തരം അടിയന്തര ഘട്ടത്തില്‍ മുന്നൊരുക്കങ്ങള്‍ക്കു സാവകാശം ലഭിക്കാതെ ഉടനടി സിസേറിയന് നടത്തേണ്ടിവരും.