ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികള്‍ മാസം തികയാതെ ജനിക്കുന്നതിനും ഭാരക്കുറവോടെ ജനിക്കുന്നതിനും വായു മലിനീകരണത്തിന് ഒരു പ്രധാന പങ്കുണ്ടെന്ന് വിദഗ്ധ പഠനം. ഇന്ത്യയില്‍ 13 ശതമാനം കുട്ടികളും ജനിക്കുന്നത് മാസം തികയാതെയെന്ന് ജനസംഖ്യാ ആരോഗ്യ സര്‍വേ 2019-21 റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാലാവസ്ഥ മാറ്റം, വായു മലിനീകരണം എന്നിവ അമ്മയുടെ ഗര്‍ഭകാല ആരോഗ്യത്തെയും കുട്ടികളുടെ ജനനത്തെയും വിപരീതമായി ബാധിക്കുന്നുണ്ടെന്ന് വിദഗ്ധ സംഘത്തിന്റെ വിശകലനം.
ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ്, യുകെയിലെയും അയര്‍ലന്‍ഡിലെയും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ഗവേഷകര്‍ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-അഞ്ചും റിമോട്ട് സെന്‍സിങ് ഡാറ്റയും പരിശോധിച്ച് സ്ത്രീകളില്‍ ഗര്‍ഭകാലത്തെ വായു മലിനീകരണം എങ്ങനെ ബാധിക്കുന്നുവെന്ന് വിശകലനം ചെയ്തു.
ഗര്‍ഭകാലത്ത് സൂക്ഷ്മ കണികളുമായുള്ള വര്‍ധിച്ച എക്‌സ്‌പോഷര്‍ കുഞ്ഞുകള്‍ ഭാരക്കുറവോടെ ജനിക്കാനുള്ള സാധ്യത 40 ശതമാനമായി വര്‍ധിപ്പിച്ചതായും മാസം തികയാതെയുള്ള ജനനം (Child Birth) 70 ശതമാനമായി കൂടിയെന്നും ഗവേഷകര്‍ കണ്ടെത്തി. മഴ, താപനില തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് ജനന പ്രതികൂല ഫലങ്ങളുമായി വലിയ ബന്ധമുണ്ടെന്ന് സംഘം കണ്ടെത്തി.
ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങളിലെ കുട്ടികള്‍ വായു മലിനീകരണത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് PLoS ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 2.5 മൈക്രോണില്‍ താഴെ വ്യാസമുള്ള, സൂക്ഷ്മ കണികാ പദാര്‍ത്ഥം 2.5 (PM2.5) ഏറ്റവും ദോഷകരമായ വായു മലിനീകരണ ഘടകമായി കണക്കാക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
ഹിമാചല്‍ പ്രദേശിലാണ് മാസം തികയാതെയുള്ള ജനനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് (39 ശതമാനം). ഉത്തരാഖണ്ഡ് (27 ശതമാനം), രാജസ്ഥാന്‍ (18 ശതമാനം), ഡല്‍ഹി (17 ശതമാനം) എന്നിങ്ങനെയാണ് ക്രമം. അതേസമയം മിസോറാം, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ ഈ പ്രവണത വളരെ കുറവാണെന്നും ഗവേഷകര്‍ പറയുന്നു.
ഭാരക്കുറവോടെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ ജനിക്കുന്നത് പഞ്ചാബിലാണ് (22 ശതമാനം). പിന്നാലെ ഡല്‍ഹി, ദാദ്ര, നാഗര്‍ ഹവേലി, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളുമുണ്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ നിന്നുള്ള ഡാറ്റയും റാസ്റ്റര്‍ ചിത്രങ്ങളും ഉപയോഗിച്ച്, ഗര്‍ഭാശയത്തില്‍ വായു മലിനീകരണത്തിന് വിധേയമാകുന്നതും ജനന ഫലങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിന് വിവിധ സ്ഥിതിവിവര വിശകലനങ്ങളും സ്ഥല മോഡലുകളും പഠനം ഉപയോഗിച്ചിരുന്നുവെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
PM2.5 എക്‌സ്‌പോഷറില്‍ ഒരു ക്യുബിക് മീറ്ററിന് 10 മൈക്രോഗ്രാം എന്ന വര്‍ധനവ് ഭാരം കുറഞ്ഞ കുഞ്ഞുങ്ങളുടെ ജനനത്തില്‍ അഞ്ച് ശതമാനം വരെയും മാസം തികയാതെയുള്ള ജനനങ്ങളില്‍ 12 ശതമാനത്തിന്റെയും വര്‍ധനവുണ്ടായിട്ടുണ്ടെന്ന് പഠനം പറയുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വേ-5ന് മുമ്പുള്ള അഞ്ച് വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികളില്‍ 18 ശതമാനവും ജനനസമയത്ത് ഭാരം കുറവായിരുന്നുവെന്ന് സംഘം കൂട്ടിച്ചേര്‍ത്തു.
ചൂട് പ്രവര്‍ത്തന പദ്ധതികള്‍, ജല മാനേജ്‌മെന്റ് തുടങ്ങിയ കാലാവസ്ഥാ പൊരുത്തപ്പെടുത്തല്‍ ടെക്‌നിക്കുകള്‍ പൊതുജനാരോഗ്യ ആസൂത്രണത്തില്‍ ഉള്‍പ്പെടുത്തണമെന്നും പഠനത്തില്‍ പറയുന്നു. വായു മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധം പൊതുജനാരോഗ്യ സംരംഭങ്ങളുടെ, പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്കിടയില്‍ ഭാഗമായി ഉയര്‍ത്തണമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.