Indian food trends 2025 : 2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഈ വർഷം ഗൂഗിളിൽ തിരച്ചിലിന്റെ റെക്കോർഡുകൾ ഭേദിച്ച വിഭവങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം. തനി നാടൻ വിഭവങ്ങൾ മുതൽ വിദേശ പാനീയങ്ങൾ വരെ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇഡ്ഡലി
പ്രാതൽ വിഭവങ്ങളിൽ എന്നും രാജാവാണ് ഇഡ്ഡലി. ഇത്തവണ തനി നാടൻ ഇഡ്ഡലിക്ക് പുറമെ റവ, റാഗി, മൈസൂർ, പൊടി ഇഡ്ഡലി എന്നിവയുടെ പാചകരീതികൾക്കായി ഗൂഗിളിൽ വലിയ തിരച്ചിൽ നടന്നു.
പോൺ സ്റ്റാർ മാർട്ടിനി
ഈ വർഷത്തെ സർപ്രൈസ് എൻട്രിയാണിത്. വാനില വോഡ്ക, പാഷൻ ഫ്രൂട്ട് പ്യൂരി, വാനില ഷുഗർ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ കോക്ടെയ്ൽ പാനീയങ്ങൾക്കിടയിൽ വലിയ തരംഗമായി.
മോദകം
ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് അരിയും ശർക്കരയും തേങ്ങയും ചേർത്തുള്ള രുചികരമായ മോദകം ഗൂഗിൾ ട്രെൻഡിംഗിൽ മുൻനിരയിലെത്തി.
തെക്കുവ
ബീഹാറിന്റെ തനത് വിഭവമായ തെക്കുവ ഇത്തവണ ഉത്തരേന്ത്യയ്ക്ക് പുറത്തും ശ്രദ്ധ നേടി. ഗോതമ്പ് മാവ്, നെയ്യ്, ശർക്കര എന്നിവ ഉപയോഗിച്ചുള്ള ഈ പരമ്പരാഗത മധുരം ആരോഗ്യകരമായ ഒരു ലഘുഭക്ഷണമായാണ് ആളുകൾ തിരഞ്ഞത്.
ഉഗാഡി പച്ചടി
മധുരം, പുളി, ഉപ്പ്, എരിവ് തുടങ്ങി ആറ് രുചികൾ സമ്മേളിക്കുന്ന ഈ ദക്ഷിണേന്ത്യൻ ഉത്സവ വിഭവം ജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങളെ പ്രതീകപ്പെടുത്തുന്ന ഒന്നാണ്.
ബീറ്റ്റൂട്ട് കാഞ്ചി
ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നവർക്കായി ഇത്തവണത്തെ ട്രെൻഡ് ബീറ്റ്റൂട്ട് കാഞ്ചി ആയിരുന്നു. ദഹനത്തിനും പ്രതിരോധശേഷിക്കും സഹായിക്കുന്ന ഈ പ്രോബയോട്ടിക് പാനീയം ഒട്ടേറെ പേർ പരീക്ഷിച്ചു.
യോർക്ക്ഷയർ പുഡ്ഡിംഗ്
ബ്രിട്ടീഷ് വിഭവമായ യോർക്ക്ഷയർ പുഡ്ഡിംഗ് ഇത്തവണ ഇന്ത്യൻ യുവത്വത്തിനിടയിൽ വലിയ ക്രേസ് ഉണ്ടാക്കി. മുട്ടയും പാലും മാവും ചേർത്ത് ബേക്ക് ചെയ്തെടുക്കുന്ന ഈ വിഭവം വൈവിധ്യമാർന്ന സൈഡ് ഡിഷായാണ് ഉപയോഗിക്കുന്നത്.
ഗോണ്ട് കതിര
ശരീരത്തിന് തണുപ്പ് നൽകുന്ന ഗോണ്ട് കതിര ആയുർവേദ ഗുണങ്ങൾ കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. പാനീയങ്ങളിലും മധുരപലഹാരങ്ങളിലും ജെല്ലി രൂപത്തിൽ ഇത് ധാരാളമായി ഉപയോഗിക്കപ്പെട്ടു.
കൊഴുക്കട്ട
നമ്മുടെ പ്രിയപ്പെട്ട കൊഴുക്കട്ടയും ഇത്തവണ പട്ടികയിലുണ്ട്. തേങ്ങയും ശർക്കരയും പഴവും നിറച്ച ആവിയിൽ വേവിച്ച ഈ വിഭവം ഇന്നും പ്രിയപ്പെട്ടതായി തുടരുന്നു.




