- Advertisement -Newspaper WordPress Theme
HEALTHഇന്ത്യക്കാര്‍ക്ക് പ്രിയം പ്രോട്ടീന്‍ റിച്ച് ഡയറ്റിനോട്

ഇന്ത്യക്കാര്‍ക്ക് പ്രിയം പ്രോട്ടീന്‍ റിച്ച് ഡയറ്റിനോട്

അരിയും ധാന്യങ്ങളും കുറച്ച്, പ്രോട്ടീന്‍ റിച്ച് ഡയറ്റിലേക്ക് തിരിഞ്ഞു ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യക്കാരുടെ ഭക്ഷണരീതിയില്‍ വലിയ മാറ്റങ്ങള്‍ വന്നതായി ഗാര്‍ഹിക ഉപഭോക്തൃ ചെലവ് സര്‍വേകളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ധാന്യങ്ങളെക്കാള്‍ പാല്‍, മത്സ്യം, മുട്ട പോലുള്ള ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കൂടിയതായി വ്യക്തമാക്കുന്നതാണ് സര്‍വേ ഫലം. അതിനൊപ്പം കൊഴുപ്പ് ഉപഭോഗവും വര്‍ധിച്ചതായി സര്‍വേയില്‍ പറയുന്നു. ഇത് രാജ്യത്ത് പൊണ്ണത്തടിയുള്ളവരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും സര്‍വേ ഫലം വിലയിരുത്തുന്നു.

2011-12 മുതല്‍ 2023-24 വരെയുള്ള കണക്കു പരിശോധിച്ചാല്‍ ഇന്ത്യയുടെ നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പ്രോട്ടീന്‍ ഉപഭോഗം ഏതാണ്ട് മൂന്ന് ഗ്രാം വരെ വര്‍ധിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ കൊഴുപ്പിന്റെ ഉപഭോഗം ഒരാള്‍ക്ക് പ്രതിദിനം 12-14 ഗ്രാം എന്ന തോതില്‍ കുത്തനെ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2023-24 കാലയളവില്‍ ഗ്രാമീണ മേഖലയില്‍ പ്രതിദിനം കുടുംബങ്ങള്‍ ശരാശരി 61.8 ഗ്രാം പ്രോട്ടീന്‍ ഉപയോഗിക്കുന്നു. 2011-12 കാലയളവില്‍ ഇത് 60.7 ഗ്രാമായിരുന്നു. നഗര പ്രദേശങ്ങളില്‍ ഇത് 60.3 ഗ്രാമില്‍ നിന്ന് 63.4 ഗ്രാമായി ഉയര്‍ന്നു.

മറുവശത്ത് കൊഴുപ്പിന്റെ ഉപഭോഗം ഗണ്യമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ കൊഴുപ്പിന്റെ ഉപഭോഗം 46.1 ഗ്രാമില്‍ നിന്ന് 60.4 ഗ്രാമായി വര്‍ധിച്ചു. നഗരങ്ങളില്‍ ഉപഭോഗം 58 ഗ്രാമില്‍ നിന്ന് ഇത് 69.8 ഗ്രാമായി വര്‍ധിച്ചു.

കലോറി ഉപഭോഗം
കൊഴുപ്പിന്റെയും പ്രോട്ടീന്റെയും ഉപഭോഗം വര്‍ധിച്ചെങ്കിലും ഗ്രാമപ്രദേശങ്ങളിലെ മൊത്തം കലോറി ഉപഭോഗം നേരിയ തോതില്‍ കുറഞ്ഞു. 2011-12 ല്‍ 2,233 കിലോ കലോറിയില്‍ നിന്ന് 2023-24 ല്‍ 2,212 കിലോ കലോറിയായി. എന്നാല്‍ നഗരങ്ങളിലെ കലോറി ഉപഭോഗം 2,206 കിലോ കലോറിയില്‍ നിന്ന് 2240 കിലോ കലോറിയായി ഉയര്‍ന്നു.

നഗരപ്രദേശങ്ങളിലെ ഭക്ഷണക്രമത്തില്‍ പാലും പാലുല്‍പ്പന്നങ്ങളുടെയും ഉപയോഗം 12.8 ശതാമനത്തില്‍ നിന്ന് 12.9 ശതമാനമായി ഉയര്‍ന്നു. ഗ്രാമങ്ങളില്‍ ഇത് 10.6 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി. മുട്ട, മത്സ്യം, മാംസം എന്നിവയുടെ ഉപയോഗം ഗ്രാമങ്ങളില്‍ 12.3 ശതമാനത്തില്‍ നിന്ന് 12.4 ശതമാനമായി ഉയര്‍ന്നപ്പോള്‍ നഗരങ്ങളിലെ ഉപയോഗം 14 ശതമാനമായി തുടരുന്നു.

പോഷകാഹാര അസമത്വം; പൊണ്ണത്തടിയും പോഷകാഹാരക്കുറവും
റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ നിരന്തരമായ പോഷകാഹാര അസമത്വത്തെയും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ഏറ്റവും താഴെക്കിടയിലുള്ള അഞ്ച് ശതമാനം ആളുകള്‍ പ്രതിദിനം യഥാക്രമം 1,688 കിലോ കലോറിയും 1,696 കിലോ കലോറിയും മാത്രമാണ് ഉപയോഗിക്കുന്നത്. പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന 2,000-3,000 കിലോ കലോറി എന്ന പരിധിയേക്കാള്‍ വളരെ താഴെയാണിത്.

എന്നാല്‍ നഗരപ്രദേശങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഒരു ശതമാനം കുടുംബങ്ങളുടെ പ്രതിദിനം ശരാശരി കലോറി ഉപഭോഗം 3,092 കിലോയാണ്. ഇത് പോഷകാഹാക മാനദണ്ഡങ്ങള്‍ കവിയുകയും വര്‍ധിച്ചു വരുന്ന പൊണ്ണത്തടി സാധ്യതയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme