ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നതും ചുവന്ന മാംസത്തേക്കാൾ എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണമാണ് കോഴിയിറച്ചി. പ്രോട്ടീൻ്റെ കലവറയായതിനാൽ അധികമാരും രണ്ടാമതൊന്ന് ആലോചിക്കാതെ ചിക്കൻ ഉപയോഗിക്കാറുണ്ട്. എന്നാൽ, കോഴിയിറച്ചിയുടെ കാര്യത്തിൽ ഇനി പ്രത്യേക ശ്രദ്ധ വേണമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
പ്രശസ്തമായ ‘ബി.എം.ജെ. ഓപ്പൺ’ (BMJ Open) ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പിയർ-റിവ്യൂഡ് പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ദീർഘകാലയളവിലുള്ള കോഴിയിറച്ചി ഉപയോഗം ഗ്യാസ്ട്രിക് കാൻസർ ഉൾപ്പെടെയുള്ള ഗ്യാസ്‌ട്രോഇൻ്റസ്റ്റൈനൽ കാൻസറുകൾ മൂലമുള്ള മരണങ്ങളുടെ വർധനവിന് കാരണമാകുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ദിവസവും ചിക്കൻ കഴിക്കുന്നത് അപകടമാകുന്നതെങ്ങനെ?
ദിവസേനയുള്ള ചിക്കൻ ഉപയോഗം നേരിട്ട് കാൻസറിന് കാരണമാകുന്നില്ല, മറിച്ച് അനുബന്ധ ഘടകങ്ങളാണ് സാധ്യത വർദ്ധിപ്പിക്കുന്നത്.
ദഹന പ്രശ്നങ്ങൾ: ദിവസവും എരിവും എണ്ണമയവുമുള്ള കട്ടിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആമാശയത്തിൽ നേരിയ വീക്കം ഉണ്ടാക്കിയേക്കാം. ഇത് വർഷങ്ങൾ കഴിയുമ്പോൾ ആമാശയത്തിലെ സംരക്ഷണ കലകളെ ദുർബലപ്പെടുത്തുന്നു.
നാരുകളുടെ കുറവ്: കോഴിയിറച്ചി കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ, നാരുകൾ അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ ഉപയോഗം കുറയുന്നു. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നു.
അപകടകാരികളായ പാചക രീതികൾ
കോഴിയിറച്ചി പാചകം ചെയ്യുന്ന രീതിയാണ് അപകടസാധ്യത കൂട്ടുന്ന പ്രധാന ഘടകം.
ഉയർന്ന ചൂടിലെ പാചകം: ചിക്കൻ ഉയർന്ന ചൂടിൽ പാചകം ചെയ്യുമ്പോൾ, പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമായ വിഭവങ്ങളിൽ ‘ഹൈറ്ററോസൈക്ലിക് അമിനുകൾ’ (Heterocyclic Amines) പോലുള്ള ദോഷകരമായ സംയുക്തങ്ങൾ രൂപപ്പെടുന്നു. ഇത് കോശങ്ങളെ നശിപ്പിക്കാൻ സാധ്യതയുണ്ട്.
സുരക്ഷിത പാചക രീതി: ചിക്കൻ വേവിച്ചോ, വേവിച്ച പച്ചക്കറികൾക്കൊപ്പം കഴിക്കുന്നതോ ഗ്യാസ്ട്രിക് പ്രശ്‌നങ്ങളുള്ളവർക്ക് കൂടുതൽ സുരക്ഷിതമാണ്.
സംസ്‌കരിച്ച ചിക്കൻ ഉത്പന്നങ്ങൾ
നഗ്ഗറ്റുകൾ, സോസേജുകൾ, ഫ്രോസൺ ചെയ്ത വറുത്ത ഇറച്ചി തുടങ്ങിയ സംസ്‌കരിച്ച ചിക്കൻ ഉൽപ്പന്നങ്ങളിൽ നൈട്രേറ്റുകൾ, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഏത് സംസ്‌കരിച്ച മാംസമായാലും അത് ഗ്യാസ്‌ട്രോഇൻ്റസ്റ്റൈനൽ കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അപകട സാധ്യത ഒഴിവാക്കി എങ്ങനെ ചിക്കൻ കഴിക്കാം?
പ്രോട്ടീൻ സ്രോതസ്സ് മാറ്റുക: എല്ലാ ദിവസവും ചിക്കനെ മാത്രം ആശ്രയിക്കാതെ, ബീൻസ്, പയർ വർഗ്ഗങ്ങൾ, മത്സ്യം, മുട്ട, പാൽ ഉത്പന്നങ്ങൾ തുടങ്ങിയ മറ്റ് പ്രോട്ടീൻ സ്രോതസ്സുകൾകൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
പാചക രീതി നിയന്ത്രിക്കുക: വറുത്തതും പൊരിച്ചതുമായ ചിക്കൻ വിഭവങ്ങളുടെ ഉപയോഗം വല്ലപ്പോഴുമായി കുറയ്ക്കുക. കുറഞ്ഞ താപനിലയിൽ പാചകം ചെയ്യാൻ ശ്രദ്ധിക്കുക.
പച്ചക്കറികൾക്ക് പ്രാധാന്യം: ഭക്ഷണത്തിൽ പാത്രത്തിൻ്റെ പകുതി ഭാഗമെങ്കിലും പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.




