കൂടുതല്‍ സുന്ദരിയും സുന്ദരനും ആയി കാണപ്പെടുണമെന്ന ആഗ്രഹമാണ് പലപ്പോഴും സ്വയം പരിചരണത്തിന് പ്രചോദനമാകുന്നത്. അത് ‘ഫെയര്‍ ആന്റ് ലൗലി’ യില്‍ നിന്ന് ‘ഗ്ലൂട്ടത്തയോണ്‍ ഇഞ്ചക്ഷന്‍’ വരെ എത്തി നില്‍ക്കുന്നു. സൗന്ദര്യ സങ്കല്‍പം ‘യുവത്വം’ എന്ന ടാഗിലേക്ക് മാത്രം ഒതുങ്ങിയതോടെ വിപണിയില്‍ ആന്റി-ഏജിങ് ഉല്‍പന്നങ്ങളുടെ വില്‍പന കുതിച്ചുയര്‍ന്നു.
ഗ്ലൂട്ടത്തയോണ്‍ എത്രത്തോളം സുരക്ഷിതമാണ്?
ശരീരത്തിലെ എല്ലാ കോശങ്ങളിലും അടങ്ങിയ ശക്തമായ ഒരു ആന്റിഓക്സിഡന്റാണ് ഗ്ലൂട്ടത്തയോണ്‍. ഗ്ലൂട്ടാമൈന്‍, ഗ്ലൈസിന്‍, സിസ്‌റ്റൈന്‍ എന്നിങ്ങനെ പ്രധാനമായും മൂന്ന് അമിനോ ആസിഡുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ചര്‍മത്തിന് തിളക്കം നല്‍കാന്‍ ഗ്ലൂട്ടത്തയോണ്‍ സഹായിക്കും. എന്നാല്‍ സൗന്ദര്യവര്‍ദ്ധക ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുന്നതിലുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ചര്‍മത്തിന്റെ പിഗ്മെന്റേഷന്‍ നിയന്ത്രിക്കുന്ന മെലാനിന്റെ അളവ് ഇത് കുറയ്ക്കുന്നു. ഗ്ലൂട്ടത്തയോണ്‍ ഉപയോഗത്തില്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍, കുറഞ്ഞ രക്തസമ്മര്‍ദ്ദം, വൃക്ക തകരാറുകള്‍ എന്നിവയാണ് സാധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍.
ചര്‍മത്തിന് തിളക്കം നല്‍കുന്നതിനായി ഗ്ലൂട്ടത്തയോണ്‍ ഉപയോഗത്തിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) അംഗീകാരം നല്‍കിയിട്ടില്ല. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, ഫൈബ്രോസിസ്, സിറോസിസ്, ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അവസ്ഥകളില്‍ ഇന്‍ട്രാവണസ് ഉപയോഗത്തിനും കീമോതെറാപ്പിയില്‍ നിന്നുള്ള വിഷാംശം നിര്‍വീര്യമാക്കുന്നതിനും വേണ്ടിയാണ് ഗ്ലൂട്ടത്തയോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഐവി ഇന്‍ഫ്യൂഷനുകളുടെയും സൗന്ദര്യവര്‍ധക ഫലങ്ങളെക്കുറിച്ചുള്ള ഗവേഷണം പരിമിതമാണ്. ചില അനുമാന തെളിവുകള്‍ പോസിറ്റീവ് ഫലങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇവ പലപ്പോഴും പഠനങ്ങളെക്കാള്‍ വ്യക്തിഗത അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ, ചര്‍മത്തിന്റെ നിറത്തില്‍ ശ്രദ്ധേയമായ വ്യത്യാസം വരുത്താന്‍ ശരീരം ഇതില്‍ എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നത് ചര്‍ച്ചാവിഷയമാണെന്നും വിദഗ്ധര്‍ പറയുന്നു.
കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ നിയന്ത്രിക്കാനാണ് ഗ്ലൂട്ടത്തയോണ്‍ ആദ്യം ഉപയോഗിച്ചിരുന്നതെന്ന് . ചര്‍മത്തിന് തിളക്കം നല്‍കുന്ന ഇതിന്റെ പ്രഭാവം പിന്നീടാണ് കണ്ടെത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഹൃദയത്തിന് ഗുണങ്ങളുള്ള ശക്തമായ ഒരു ആന്റിഓക്സിഡന്റാണിത്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇവ എടുക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ വരെ തകരാറിലാക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഉപവസിക്കുന്ന സാഹചര്യത്തില്‍ ഗ്ലൂട്ടത്തയോണ്‍ ഡ്രിപ്പ് എടുക്കാന്‍ പാടില്ല, അത് അപകടകരമാണ്. കൂടാതെ വിറ്റാമിന്‍ ഡ്രിപ്പ് എടുക്കുന്നതിന് മുമ്പ് ഭക്ഷണം നിര്‍ബന്ധമായും കഴിച്ചിരിക്കണം. കാരണം രക്തത്തിലേക്ക് പെട്ടെന്ന് വലിയ അളവില്‍ പോഷകങ്ങള്‍ എത്തുമ്പോള്‍ ശരീരം അതിനായി തയ്യാറായിരിക്കണം. ഇല്ലെങ്കില്‍ അത് അനാഫൈലക്‌സിസ് എന്ന കടുത്ത അലര്‍ജി പ്രതികരണത്തിന് കാരണമാകും.