കൂർക്കംവലി പലപ്പോഴും ഒരു തമാശയായി കണക്കാക്കാറുണ്ടെങ്കിലും, അത് കൂർക്കംവലിക്കുന്ന വ്യക്തിക്കും സമീപം ഉറങ്ങുന്നവർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. രാത്രിയിലെ ഉറക്കം തടസ്സപ്പെടുത്തുന്ന ഈ ശീലം ആരോഗ്യത്തെയും ബന്ധങ്ങളെയും മോശമായി ബാധിക്കാം. കൂർക്കംവലി കാരണം പല ദമ്പതികളും വ്യത്യസ്ത മുറികളിൽ ഉറങ്ങുന്ന “ഉറക്ക വിവാഹമോചനം” എന്ന അവസ്ഥയിലേക്ക് പോലും എത്തുന്നുണ്ട്. മൂക്കിലെ തടസ്സങ്ങളും അലർജികളുമാണ് കൂർക്കംവലിയുടെ പ്രധാന കാരണങ്ങളായി സാധാരണയായി കരുതാറ്. എന്നാൽ, കൂർക്കംവലിക്ക് പിന്നിലെ കാരണം നമ്മുടെ വായും അതിന്റെ ഘടനയുമാകാം എന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
വായയുടെ ഘടന എങ്ങനെ കൂർക്കംവലിക്ക് കാരണമാകുന്നു?
ആരോഗ്യ വിദഗ്ധർ മോശം താടിയെല്ലിന്റെ വിന്യാസം, പരിമിതമായ വായുമാർഗങ്ങൾ, വലുതായ നാവ്, താഴത്തെ താടിയെല്ലിന്റെ സ്ഥാനം, അമിതവണ്ണം എന്നിവയെല്ലാം ഉറക്കത്തിൽ ശ്വാസതടസ്സം ഉണ്ടാക്കാൻ സാധ്യതയുണ്ട്. കൂർക്കംവലി എന്നത് മൂക്കിന്റെ മാത്രം പ്രശ്നമല്ല, വായയുടെ ഘടനയെയും ആശ്രയിച്ചിരിക്കും എന്ന് വിദഗ്ധർ പറയുന്നു. താടിയെല്ലുകളുടെ ക്രമീകരണത്തിലെ പ്രശ്നങ്ങൾ വായുമാർഗങ്ങളെ പരിമിതപ്പെടുത്തുന്നു. ഉറക്കത്തിൽ പേശികൾക്ക് അയവ് വരുമ്പോൾ, നാവ് പിന്നോട്ട് പോവുകയും ശ്വാസനാളം ചുരുങ്ങുകയും ചെയ്യും. ഈ ചുരുങ്ങിയ ശ്വാസനാളത്തിലൂടെയുള്ള വായുവിന്റെ ചലനമാണ് നമ്മൾ കേൾക്കുന്ന കൂർക്കംവലിയായി മാറുന്നത്.
കൂർക്കംവലിക്ക് ദന്ത ചികിത്സ
കൂർക്കംവലിയുടെ കൃത്യമായ കാരണം കണ്ടെത്താൻ ദന്തഡോക്ടർമാർ നൂതന ചികിത്സാ രീതികൾ ഉപയോഗിക്കുന്നു. സിബിസിടി ഇമേജിംഗ് (CBCT imaging), ഇൻട്രാഓറൽ സ്കാനുകൾ, ഉറക്ക പഠനങ്ങൾ എന്നിവയിലൂടെ വായയുടെ ഘടനാപരമായ പ്രശ്നങ്ങൾ മനസ്സിലാക്കാം.
രോഗനിർണയം നടത്തിക്കഴിഞ്ഞാൽ, ചികിത്സയുടെ ഭാഗമായി ഒരു കസ്റ്റം ഓറൽ ഉപകരണം (custom oral appliance) ഉണ്ടാക്കി നൽകും. ഇത് താടിയെല്ലും നാവും മുന്നോട്ട് വയ്ക്കാൻ സഹായിക്കുന്നു. അതുവഴി ശ്വാസനാളം തുറന്നിരിക്കുകയും കൂർക്കംവലി കുറയുകയും ചെയ്യും.
വായുമാർഗങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ ചെയ്യുക, മദ്യപാനം കുറയ്ക്കുക, ശരീരഭാരം കുറയ്ക്കുക, ഒരു വശം ചരിഞ്ഞ് ഉറങ്ങുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളും ചികിത്സയുടെ ഫലം കൂട്ടാൻ സഹായിക്കും.
ഈ ചികിത്സാരീതികൾ ശാന്തമായ ഉറക്കം നൽകുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നു. അതുകൊണ്ട്, കൂർക്കംവലിയുടെ ലക്ഷണങ്ങൾ മാത്രം ചികിത്സിക്കാതെ, അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.