മനസും ശരീരവും ഒരുപോലെ തണുപ്പിക്കുന്ന കരിമ്പിന് ജ്യൂസ് ഒരുവിധം എല്ലാവരുടെയും ഇഷ്ട പാനീയമാണ്. ഇത് ഉടനടി ഊര്‍ജ്ജം നല്‍കാനും ദഹനത്തിനും അസിഡിറ്റിക്കുമൊക്കെ മികച്ച ഓപ്ഷനാണ്. വഴിയോരങ്ങളില്‍ ഫ്രഷ് ആയി കരിമ്പിന് ജ്യൂസ് നല്കുന്ന നിരവധി കടകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. യാത്രകളില്‍ ക്ഷീണം മാറ്റാനും ഫ്രഷ് ആകാനും കരിമ്പിന് ജ്യൂസ് സ്ഥിരമായി കുടിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാവര്‍ക്ക് ഈ ശീലം സേയ്ഫ് ആയിരിക്കില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.ഇക്കൂട്ടര്‍ കരിമ്പിന് ജ്യൂസ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രമേഹരോഗികള്‍
കരിമ്പിന്റെ ഗ്ലൈസെമിക് സൂചിക വളരെ ഉയര്‍ന്നതായതു കൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്ക് ഇത് അത്ര ആരോഗ്യകരമല്ല. ഒരു ഗ്ലാസ് ജ്യൂസില്‍ 40-50 ഗ്രാം വരെ പഞ്ചസാര അടങ്ങിയിരിക്കാം, ഇത് ഒരു സോഫ്റ്റ് ഡ്രിങ്കിന് തുല്യമാണെന്ന് വിദ?ഗ്ധര്‍ പറയുന്നു. ഇത് ഷുഗര്‍ സ്പൈക്ക് ഉണ്ടാക്കാം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കരിമ്പിന് ജ്യൂസ് അത്ര നല്ല ഓപ്ഷനല്ല. കാരണം, മറ്റ് പോഷകങ്ങള്‍ ഉണ്ടെങ്കിലും കരിമ്പില്‍ പ്രകൃതിദത്ത പഞ്ചസാരയ്ക്കൊപ്പം ഉയര്‍ന്ന അളവില്‍ കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിന് പകരം ശരീരഭാരം വര്‍ധിപ്പിക്കും. അത് ഹൃദ്രോഗങ്ങളിലേക്കും ഫാറ്റി ലിവര്‍ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.
പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍
വഴിയരികില്‍ നിന്ന് കരിമ്പിന് ജ്യൂസ് വാങ്ങി കുടിക്കുന്നവര്‍ നിരവധിയുണ്ട്. അവിടെ ശുചിത്വം എല്ലായ്പ്പോഴും ഉണ്ടാകണമെന്നില്ല. ശരിയായി വൃത്തിയാക്കാത്ത യന്ത്രങ്ങള്‍, വൃത്തിഹീനമായ വെള്ളമോ ഫില്‍ട്ടര്‍ ചെയ്യാത്ത ഐസോ ഉപയോഗിക്കുന്നത് മലിനീകരണ സാധ്യത വര്‍ധിപ്പിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞവരിലും കുട്ടികളിലും മുതിര്‍ന്നവരിലും ഇത് അണുബാധ, വയറിളക്കം അല്ലെങ്കില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
മഞ്ഞപ്പിത്തം അല്ലെങ്കില്‍ കരള്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍
കരളിന്റെ ആരോഗ്യത്തിന്, പ്രത്യേകിച്ച് മഞ്ഞപ്പിത്തത്തിന്, ആയുര്‍വേദത്തില്‍ കരിമ്പിന് ജ്യൂസ് പലപ്പോഴും ശുപാര്‍ശ ചെയ്യാറുണ്ട്. എന്നാല്‍ എല്ലാ കേസുകളിലും ഗുണപ്രദമായിരിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കരള്‍ രോഗം, ഫാറ്റി ലിവര്‍ അല്ലെങ്കില്‍ സിറോസിസ് എന്നിവ ഉള്ളവര്‍ക്ക് കരിമ്പിന് ജ്യൂസില്‍ അടങ്ങിയ പഞ്ചസാര കരള്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ക്ലിന്‍കണക്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു സമീപകാല ക്ലിനിക്കല്‍ ട്രയല്‍, കരള്‍ രോഗികളില്‍ കരിമ്പിന് ജ്യൂസ് ചില സന്ദര്‍ഭങ്ങളില്‍ സഹായിച്ചേക്കാമെങ്കിലും, ഉപഭോഗം എപ്പോഴും ഒരു ആരോഗ്യ വിദഗ്ദ്ധന്റെ മാര്‍ഗനിര്‍ദേശത്തില്‍ ആയിരിക്കണമെന്ന് സൂചിപ്പിക്കുന്നു.
ദന്തരോഗമുള്ളവര്‍
കരിമ്പിന് ജ്യൂസില്‍ അടങ്ങിയ പഞ്ചസാര പല്ലുകളില്‍ പറ്റിപടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ശരിയായി കഴുകിയില്ലെങ്കില്‍, അത് ബാക്ടീരിയ വളര്‍ച്ച, പല്ലുകളില്‍ പോട്, മോണയിലെ പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. സെന്‍സിറ്റീവ് പല്ലുകള്‍, പല്ല് ക്ഷയം, അല്ലെങ്കില്‍ മോണയിലെ അണുബാധ തുടങ്ങിയ ദന്ത പ്രശ്നങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
ദഹനപ്രശ്നങ്ങളുള്ളവര്‍
പലര്‍ക്കും കരിമ്പിന് ജ്യൂസ് ഉന്മേഷദായകമാണെങ്കിലും, ദഹനക്കുറവ്, വയറു വീര്‍ക്കല്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS) എന്നിവയുള്ളവര്‍ക്ക് ആരോഗ്യകരമായ ഓപ്ഷന് അല്ല കരിമ്പിന് ജ്യൂസ്. ഇത് വയറ്റില്‍ എത്തി വേഗത്തില്‍ പുളിക്കുകയും ഗ്യാസ് പോലുള്ള അസ്വസ്ഥതയ്ക്ക് കാരണമാകും. വയറിളക്കം ഉള്ളവരില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ വഷളാകും.