- Advertisement -Newspaper WordPress Theme
HEALTHഅമ്മയാകാൻ ഏറ്റവും യോജിച്ചത് നാൽപ്പതുകളാണോ?

അമ്മയാകാൻ ഏറ്റവും യോജിച്ചത് നാൽപ്പതുകളാണോ?

35 വയസിന് ശേഷമുള്ള ഗർഭധാരണം ഒരു കാലത്ത് അപകടസാദ്ധ്യത കൂടിയതായിട്ടാണ് കണക്കാക്കിയിരുന്നത്. എന്നാൽ വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെയും സാമൂഹിക ചുറ്റുപാടുകളിലെ മാറ്റങ്ങളുടെയും ഫലമായി 40കളുടെ തുടക്കത്തിലുള്ള ഗർഭധാരണങ്ങളെപ്പോലും ശ്രദ്ധയോടെയുള്ള മേൽനോട്ടത്തിൽ ഇന്ന് കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. എങ്കിലും പ്രായം കൂടുംതോറും അപകടസാദ്ധ്യതകൾ വർദ്ധിക്കുന്നു.

ഇന്ന് 40കളിലും സ്ത്രീകൾ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതുമൊക്കെ അസാധാരണമായ കാര്യമല്ല. പ്രത്യുത്പാദന ചികിത്സാ രംഗത്തെ പുരോഗതി, ജനിതക പരിശോധന, എഗ്ഗ് ഫ്രീസിംഗ്, പ്രസവ ശേഷമുള്ള മികച്ച പരിചരണം, മാറുന്ന സാമൂഹിക ചിന്താഗതികൾ എന്നിവ കാരണം വളരെ വൈകിപ്പോയിയെന്ന നിർവചനത്തിന്റെ അതിർവരമ്പുകൾക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്.42 വയസ് എന്നത് അമ്മയാകാനുള്ള പുതിയൊരു മാനദണ്ഡമായി മാറിക്കൊണ്ടിരിക്കുകയാണോ? 40 വയസിന് ശേഷം സുരക്ഷിതമായി ഗർഭം ധരിക്കാൻ

ഒരു സ്ത്രീയുടെ ആരോഗ്യം എങ്ങനെയായിരിക്കണം?35 വയസും അതിനുമുകളിലുള്ള സ്ത്രീകളിലെ ഗർഭധാരണത്തെയാണ് മെഡിക്കൽ വിദഗ്ധർ അഡ്വാൻസ് മെറ്റേണൽ ഏജ് അഥവാ മുതിർന്ന മാതൃപ്രായം എന്ന് വിശേഷിപ്പിക്കുന്നത്. പലർക്കും ഈ പരിധി 40, 42, 45 എന്നിങ്ങനെ ആരോഗ്യസ്ഥിതിക്കും ചികിത്സാ സൗകര്യങ്ങൾക്കുമനുസരിച്ച് വ്യത്യാസപ്പെടാം. 42ാം വയസിൽ ഗർഭം ധരിക്കുന്നത് ഓരോ വ്യക്തിയുടെയും ആരോഗ്യം, അണ്ഡത്തിന്റെ നിലവാരം, വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.

പ്രധാന ഘടകങ്ങൾ ഇവയാണ്

രക്താതിമർദം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ, അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ ഗർഭധാരണത്തിന് മുമ്പുതന്നെ നിയന്ത്രിതമായിരിക്കണം. ഈ രോഗങ്ങൾ ഗർഭകാല സങ്കീർണ്ണതകൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പ്രായം കൂടുംതോറും സ്ത്രീകളുടെ അണ്ഡശേഖരം കുറയുകയതിനൊപ്പം അവയുടെ ഗുണനിലവാരവും കുറയും.ക്രോമസോം അസാധാരണത്വങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിക്കുന്നത് ഗർഭം അലസൽ, ജനിതക രോഗങ്ങൾ, ഭ്രൂണം ഗർഭപാത്രത്തിൽ പറ്റിപ്പിടിക്കാതിരിക്കുക എന്നിവയ്ക്ക് വഴിവയ്ക്കും. ആരോഗ്യമുള്ള ശരീരഭാരം നിലനിർത്തുക, ഹൃദയാരോഗ്യം, സമീകൃതാഹാരം, പുകവലിക്കാതിരിക്കുക, കുറഞ്ഞ മാനസിക സമ്മർദം എന്നിവ മികച്ച അടിത്തറ നൽകും.

ഐവിഎഫ്, പ്രീ-ഇംപ്ലാന്റേഷൻ ജനിതക പരിശോധന, നേരത്തെയുള്ള എഗ്ഗ് ഫ്രീസി‌ംഗ് തുടങ്ങിയ ചികിത്സകൾ പ്രായവുമായി ബന്ധപ്പെട്ട ചില അപകടസാദ്ധ്യതകൾ ലഘൂകരിക്കാൻ സഹായിക്കും. ഗർഭകാലത്ത് പതിവായ പരിശോധനകൾ, ഗർഭകാല രക്താതിമർദം, ഗർഭകാല പ്രമേഹം, ഭ്രൂണത്തിന്റെ വളർച്ച, മറുപിള്ളയുടെ പ്രവർത്തനം എന്നിവയുടെ തുടർച്ചയായ നിരീക്ഷണം നിർണായകമാണ്. ഈ കാര്യങ്ങൾ അനുകൂലമായി വന്നാൽ, 42ാം വയസിലെ ഗർഭധാരണവും വിജയകരമാവാം. എങ്കിലും യുവതികളിലെ ഗർഭധാരണവുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ അപകടസാദ്ധ്യത കൂടുതലാണ്.

അപകടസാദ്ധ്യതകൾ

മുതിർന്ന മാതൃപ്രായം ഗർഭധാരണത്തിൽ അമ്മയ്ക്കും കുഞ്ഞിനും ഒട്ടേറെ സങ്കീർണ്ണതകൾ വരുത്തിവയ്ക്കാനുള്ള സാദ്ധ്യത കൂടുതലാണ്. രക്താതിമർദം,​ പ്രീ-എക്ലാംസിയ എന്നിവയ്ക്കുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. ചില പഠനങ്ങളിൽ, പ്രായം കൂടിയ സ്ത്രീകളിൽ 38 ശതമാനം വരെ ഇത്തരം സങ്കീർണ്ണതകൾ കണ്ടുവരുന്നുണ്ട്. വളരെ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് ഗർഭകാല പ്രമേഹം.പ്രായം കൂടിയ സ്ത്രീകൾക്ക് നേരത്തെതന്നെ ഗ്ലൂക്കോസ് ടോളറൻസ് പ്രശ്നങ്ങൾ ഉണ്ടായേക്കാം. സിസേറിയൻ ചെയ്യുന്നതിലും റിസ്ക്കുകളുണ്ട്. മാസം തികയാതെയുള്ള പ്രസവവും റിസ്ക്കാണ്. പ്രസവശേഷം അമിതമായി രക്തസ്രാവം ഉണ്ടാകാനുള്ള സാദ്ധ്യത ഗർഭം അലസാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

കുഞ്ഞിനുള്ള അപകടസാദ്ധ്യതകൾ

കുഞ്ഞിന്റെ വളർച്ചാക്കുറവ്: ഗർഭപാത്രത്തിൽ കുഞ്ഞിന് വേണ്ടത്ര വളർച്ച ഇല്ലാതിരിക്കുക. മാസം തികയാതെയുള്ള ജനനം, അപൂർണ്ണമായ ശ്വാസകോശം, എൻഐസിയു പരിചരണം, വളർച്ചാ വെല്ലുവിളികൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡൗൺ സിൻഡ്രോം എന്ന് പേരുള്ള ജനിതക വൈകല്യങ്ങൾക്കുള്ള സാദ്ധ്യത മാതൃപ്രായം കൂടുംതോറും ഗണ്യമായി വർദ്ധിക്കുന്നു.ജനനസമയത്തോ അതിനു തൊട്ടുമുമ്പോ കുഞ്ഞിന് മരണം സംഭവിക്കാനുള്ള സാദ്ധ്യത വർദ്ധിക്കുന്നതിനെയാണ് പെരിനാറ്റൽ മോാർട്ടാലിറ്റിയെന്ന് പറയുന്നത്. ഇത്രയും അപകടസാദ്ധ്യതകൾ നിലനിൽക്കുന്നുണ്ടെങ്കിലും കൃത്യമായ നിരീക്ഷണത്തിലൂടെയും ചികിത്സകളിലൂടെയും 40കളിലെ പല ഗർഭധാരണങ്ങളും ആരോഗ്യകരമായ പ്രസവത്തിലേക്ക് എത്താറുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme