ധാരാളം ആരോഗ്യഗുണങ്ങളുള്ള പാലുത്‌പന്നമാണ് തൈര്. പ്രോബയോട്ടിക്കുകൾ, വൈറ്റാമിനുകൾ, ധാതുക്കൾ, കാത്സ്യം, പ്രോട്ടീൻ തുടങ്ങിയവ ധാരാളമായി തൈരിൽ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരു ഘടകമാണ് പ്രോബയോട്ടിക്സ്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ദഹനം സുഗമമാക്കാനും സഹായിക്കും.കാത്സ്യം, പ്രോട്ടീൻ, വൈറ്റമിൻ ബി എന്നിവ തൈരിൽ അടങ്ങിയിരിക്കുന്നു. ഊർജവും അസ്ഥികളുടെ ആരോഗ്യവും മെച്ചപ്പെടുത്താനും തൈര് സഹായിക്കും.
ജലാംശവും തൈരിൽ ധാരാളമായുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ തൈര് സഹായിക്കും. നിർജലികരണം ഒഴിവാക്കാനും തൈര് മികച്ചതാണ്. അതേസമയം, തൈര് സൂക്ഷിക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പലർക്കും അറിവുണ്ടായിരിക്കുകയില്ല.പ്ളാസ്റ്റിക് കുപ്പിയിലും പാത്രത്തിലും ഒരിക്കലും തൈര് സൂക്ഷിക്കാൻ പാടില്ല. പ്ളാസ്റ്റിക്കിലെ ബിസ്‌ഫെനോൾ എ സംയുക്തം തൈരുമായി ചേരുമ്പോൾ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. അലുമിനിയം പാത്രത്തിൽ തൈര് സൂക്ഷിക്കുന്നതും അപകടകരമാണ്.
തൈര് അലുമിനിയവുമായി ചേരുമ്പോൾ അപകടകരമായ രാസപ്രവർത്തനങ്ങൾ ഉണ്ടാകുന്നു. തൈര് ലോഹപാത്രങ്ങളിൽ സൂക്ഷിക്കുമ്പോൾ അതിന്റെ രുചി തൈരിനെയും ബാധിക്കാനിടയുണ്ട്. തടികൊണ്ടുള്ള പാത്രങ്ങളിലും തൈര് സൂക്ഷിക്കാൻ പാടില്ല.തൈര് സൂക്ഷിക്കാൻ ഏറ്റവും മികച്ചത് ഗ്ളാസ് കുപ്പികളാണ്. പൊട്ടലും വിള്ളലുമില്ലാത്ത ഗ്ളാസ് പാത്രത്തിൽ സൂക്ഷിക്കുമ്പോൾ തൈര് പെട്ടെന്ന് ചീത്തയായിപ്പോകില്ല. പണ്ടുകാലങ്ങളിൽ മൺപാത്രങ്ങളിലാണ് തൈര് സൂക്ഷിച്ചിരുന്നത്. ഇത് തൈര് പെട്ടെന്ന് പുളിക്കുന്നതിന് സഹായിക്കും. എന്നാൽ പാത്രത്തിൽ സുഷിരങ്ങളോ പൊട്ടലോ ഉണ്ടെങ്കിൽ തൈര് കേടായിപ്പോകാനുമിടയാക്കും. സെറാമിക് പാത്രങ്ങളും സ്റ്റെയിൻലെസ് പാത്രങ്ങളും തൈര് സൂക്ഷിക്കാൻ നല്ലതാണ്.