ആതിര ബാലന്
ക്രൂരമായ എത്രയോ കൊലപാതകങ്ങള്‍, അപ്രതീക്ഷിതമായ ആത്മഹത്യകള്‍ എന്നിവയ്ക്കൊക്കെ സാക്ഷ്യം വഹിച്ച ഒരു വര്‍ഷമാണ് കടന്നുപോയത്. നമുക്ക് കേട്ട് കേഴ് വിയില്ലാത്ത തരത്തിലുള്ള കൊലപാതകങ്ങള്‍ എത്രയെണ്ണമാണ് 2020 ല്‍ സംഭവിച്ചത്. പ്രതീക്ഷിയ്ക്കാത്ത പലരും ആത്മഹത്യ ചെയ്തു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് പല കേസുകളിലും പൊതുവായി പറയപ്പെട്ടുന്നത്. ഈ സമ്മര്‍ദ്ദങ്ങളെ എങ്ങനെ തന്ത്രപരമായി അതിജീവിയ്ക്കാമെന്ന് മനുഷ്യന് മനസിലാക്കേണ്ടിയിരിയ്ക്കുന്നു. കാരണം 2021 എന്ന വര്‍ഷം 2020 ന്റെ തുടര്‍ച്ച തന്നെയാണല്ലോ. ഒന്നും പുതുതായി സംഭവിയ്ക്കുന്നില്ല എന്ന് മാത്രം. ഇനി നമ്മുടെ കുറച്ച് വര്‍ഷങ്ങള്‍ ഒരുപക്ഷേ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേതും മാനസിക സമ്മര്‍ദ്ദങ്ങളുടേതും കൂടിയാകാം.
ഫേസ്ബുക്ക് ന്യൂസ് ഫീഡ് സ്ക്രോള്‍ ചെയ്ത് പോകുന്നതിനിടയില്‍ കണ്ണിലുടക്കിയ ഒരു വീഡിയോ ഏറെ നാള് എന്റെ ഉറക്കം കളഞ്ഞിരുന്നു. സമകാലിക സമൂഹത്തില്‍ നടക്കുന്ന ചില കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ എന്നിവയ്ക്കൊക്കെയുള്ള ഉത്തരം വായിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നു ആ വീഡിയോ. ലളിതമായി പറയുകയാണെങ്കില്‍ മനുഷ്യ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ മുഹൂര്‍ത്തങ്ങളേയും അതിന്റെ അതിജീവനത്തേയും ദയനീയമായ പരാജയത്തേയുമൊക്കെ വരച്ചു കാട്ടുന്ന ഒന്ന്.
തവളയെ ചൂടുവെള്ളത്തിലിട്ട് കൊല്ലുന്നതായിരുന്നു വീഡിയോ. ഒരു പാത്രത്തില്‍ വെള്ളം നിറയ്ക്കുകയും തവളയെ അതില്‍ ഇട്ട ശേഷം തീയിട്ട് വെള്ളം ചൂടാക്കുകയും ചെയ്യുന്നു. വെള്ളത്തിന്റെ ചൂട് കൂടുന്നതിനനുസരിച്ച് തവള തന്റെ ശരീരത്തിന്റെ താപനില ക്രമീകരിയ്ക്കുകയും ആദ്യമാദ്യം ചൂടിനെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ വെള്ളം തിളയ്ക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും താപനില ക്രമീകരിയ്ക്കാനാകാതെ തവളെ പതിയെ ചാകുകയും ചെയ്യുന്നു.
ഈ വീഡിയോ കാണുന്ന ആരും ആദ്യം ചിന്തിയ്ക്കുക തവളയ്ക്ക് ആദ്യമേ രക്ഷപ്പെട്ട് കൂടായിരുന്നോ എന്നാണ്. ഇതുപോലെ തന്നെയാണ് നമ്മളില്‍ പലരുടേയും അവസ്ഥ. ഒരുതരത്തിലും നമുക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ആദ്യമേ പൊരുത്തപ്പെട്ട് പോകാന്‍ നാം ശ്രമിയ്ക്കും. തവള ആദ്യം ചെയ്തത് പോലെ. പിന്നെയോ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നതോടെ നമ്മള് അതില്‍പ്പെട്ട് ഇല്ലാതാവുകയും ചെയ്യുന്നു. ചിലര്‍ ആത്മഹത്യയിലേയ്ക്കും മറ്റ് ചിലര്‍ കൊലപാതകികള്‍ ആകുന്നതിലേയ്്ക്കും വരെ കാര്യങ്ങള്‍ എത്തിയ്ക്കുന്നു. അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാത്തിടത്ത് അധികം പരീക്ഷണങ്ങള്‍ക്ക് മുതിരാതെ പതിയെ പിന്‍വാങ്ങുക, അതായത് വെള്ളം തിളയ്ക്കാന്‍ തുടങ്ങും മുമ്പേ ചാടി രക്ഷപ്പെടുക.
ഇവിടെ ചാടി രക്ഷപ്പെടുക എന്നത് വളരെ യുക്തി പൂര്‍വ്വമായ തീരുമാനമാണ്. സ്കൂള്‍ കാലം മുതല്‍ പരിചയമുള്ള മിടുക്കിയായ ഒരു കൂട്ടുകാരിയെ വളരെ കാലങ്ങള്‍ക്ക് ശേഷം അടുത്തിടെ കണ്ടുമുട്ടി. അവളുടെ വിവാഹം അത്യാഢംബര പൂര്‍ണമായി നടന്നത് ഫേസ്ബുക്കില്‍ കണ്ടിരുന്നു. എന്നാല്‍ ആ വിവാഹം ഒരു ‘ദുരന്തം ‘ ആയിരുന്നെന്ന് ആ പെണ്‍കുട്ടി വിഷമത്തോടെ പറയുകയുണ്ടായി. വിവാഹ ശേഷവും ഭര്‍ത്താവ് മറ്റ് സ്ത്രീകളുമായി തുടര്‍ന്ന് വന്ന ബന്ധം അവളുടെ ജീവിതത്തെ ബാധിച്ചിരുന്നു. അസമയത്തുള്ള ഭര്‍ത്താവിന്റെ ഫോണ്‍വിളികളെപ്പറ്റി സംസാരിച്ച് ഇരുവരും വഴക്കാവുകയും എന്റെ സുഹൃത്തിന് ക്രൂരമായ മര്‍ദ്ദനം ഏല്ക്കുകയും ചെയ്തു.
മാട്രിമോണിയല്‍ സൈറ്റ് വഴി വീട്ടുകാര്‍ തന്നെ തിരഞ്ഞെടുത്ത ബന്ധമായിരുന്നു അത്. കൂടുതല്‍ അന്വേഷണങ്ങളില്‍ യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി കണ്ടെത്തി. ഈ അവസ്ഥയില്‍ ആ ബന്ധം ധൈര്യപൂര്‍വ്വം ഉപേക്ഷിയ്ക്കാന്‍ ആ പെണ്‍കുട്ടി തയ്യാറായി. ഭര്‍തൃവീട്ടുകാര്‍ ബന്ധം തുടരാനും മകന് നന്നായിക്കൊള്ളുമെന്നും അവളെ ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍ അവള് തന്റെ മാതാപിതാക്കളുമായി സംസാരിയ്ക്കുകയും താന്‍ മടങ്ങി വരാന്‍ ആഗ്രഹിയ്ക്കുകയും ചെയ്യുന്നതായി പറഞ്ഞു. അധ്യാപകരായ അവളുടെ മാതാപിതാക്കള്‍ ആ തിരുമാനത്തെ സ്വാഗതം ചെയ്തു. നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയ അവള് ഈ അടുത്തിടെ വീണ്ടും വിവാഹിതയാവുകയും സുഖമായി ജീവിയ്ക്കുകയും ചെയ്യുന്നു.
ഇത്തരം തീരുമാനങ്ങള്‍ സ്വീകരിയ്ക്കാന്‍ എല്ലാവര്ക്കും കഴിഞ്ഞെന്ന് വരില്ല. ഇന്ന് നാം മാധ്യമങ്ങളില്‍ കാണുന്ന ചില കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ ഇവയെല്ലാം ഇത്തം അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ നിന്നുണ്ടായതാകാം. സാഹചര്യങ്ങളെ അനുകൂലമാക്കാന്‍ ശ്രമിച്ചാലും എപ്പോഴും വിജയിക്കണമെന്നില്ല. അതിനാല്‍ കൂടുതല്‍ ശ്രമങ്ങള്‍ക്ക് മുതിരാതെ ഏറ്റവും കംഫര്‍ട്ടബിള്‍ സോണിലേയ്ക്ക് മാറുക.