കരള്‍ രോഗങ്ങള്‍ മൂര്‍ച്ഛിച്ച ശേഷമാണ് മിക്കവാറും ആളുകള്‍ ചികിത്സ തേടുക. പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നതാണ് അതിന്റെ പ്രധാന കാരണം. കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നത് ശരീരത്തെ പലതരത്തില്‍ ബാധിക്കാം. ഹോര്‍മോണ്‍ നിയന്ത്രണം, പോഷക സംസ്കരണം എന്നിവയില്‍ കരളിന് വലിയ പങ്കുള്ളതിനാല്‍ കരളിന്റെ അനാരോഗ്യം ചര്‍മത്തിലും പ്രകടമാകും.
ചര്‍മത്തിന് മഞ്ഞനിറം
കരളിന്റെ ആരോഗ്യം തകരാറിലാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണം ചര്‍മത്തിലെ മഞ്ഞ നിറം. ചുവന്ന രക്താണുക്കള്‍ വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന ബിലിറൂബിന്‍ സംസ്കരിക്കാന്‍ കരളിന് കഴിയാതെ വരുമ്പോഴാണ് ചര്‍മത്തിലെ നിറം മാറുന്നത്. കണ്ണിലും നേരിയ മഞ്ഞ നിറത്തില്‍ കാണാം.
മുഖത്ത് വീക്കം
രാവിലെ ഉണരുമ്പോള്‍ താടിയെല്ലിന് ചുറ്റും കണ്ണുകളിലും വീക്കമുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ശരീരത്തില്‍ ദ്രാവകം കെട്ടിക്കിടക്കുന്നതിന്റെ സൂചനയാണിത്. കരളില്‍ കൊഴുപ്പ് അടിയുന്നതോടെ, രക്തക്കുഴലുകളില്‍ ദ്രാവകം നിലനിര്‍ത്താന്‍ ആവശ്യമായ പ്രോട്ടീനുകളുടെ ഉത്പാദനം കുറയുന്നു. ഇത് മുഖത്ത് സ്ഥിരമായ വീക്കം ഉണ്ടാക്കുന്നതിന് കാരണമായേക്കാം
മുഖക്കുരു
താടിയെല്ലിന് ചുറ്റും കവിളുകളിലും നെറ്റിയിലും പെട്ടെന്നുണ്ടാകുന്ന മുഖക്കുരു അത്ര നല്ല സൂചനയല്ല. ഇത് metabolic dysfunction-associated steatotic liver disease (MASLD)-ന്റെ സൂചനയാകാം. ഫാറ്റി ലിവര്‍ രോഗമുണ്ടെങ്കില്‍ കരളിന് വിഷാംശം പുറന്തള്ളാനോ ആന്‍ഡ്രോജനുകള്‍ പോലുള്ള ഹോര്‍മോണുകളെ സന്തുലിതമാക്കാനോ സാധിക്കില്ല.
ചര്‍മത്തില്‍ ചൊറിച്ചില്‍
കരളിന്റെ ആരോഗ്യം തകരാറിലാകുമ്പോള്‍ ചര്‍മത്തിന്റെ സ്വാഭാവിക തിളക്കത്തെ ബാധിച്ചേക്കാം. ഫാറ്റി ലിവര്‍ രോഗം വിറ്റാമിന്‍ എ, ഇ എന്നിവയുടെ ആഗിരണം കുറയ്ക്കുകയും ഇത് ചര്‍മം വരണ്ടതാക്കുന്നതിനും ചൊറിച്ചിലിനും കാരണമാകുകയും ചെയ്തേക്കാം.




