ഏകാന്തത നിശ്ശബ്ദകൊലയാളിയാണെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന. ഓരോ മണിക്കൂറിലും ഒറ്റപ്പെടലിന്റെ മടുപ്പിൽ 100 മരണങ്ങൾ ലോകത്ത് സംഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. ഏകാന്തത പ്രതിവർഷം 8,71,000 ജീവനുകളാണ് കവർന്നെടുക്കുന്നത്. സമൂഹവുമായി ബന്ധപ്പെടാൻ അനന്തമായ സാധ്യതകളുള്ള കാലത്തും കൂടുതൽപ്പേർ ഒറ്റപ്പെടൽ അനുഭവിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു.
എല്ലാ പ്രായത്തിലുള്ളവരിലും ഏകാന്തത പിടിമുറുക്കുന്നുണ്ട്. ദരിദ്ര, ഇടത്തരം സാമ്പത്തികസ്ഥിതിയുള്ള രാജ്യങ്ങളിലെ യുവാക്കളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് വിഷാദത്തിനുള്ള സാധ്യത സാധാരണയിലും ഇരട്ടിയാണെന്നും ഉത്കണ്ഠയും ആത്മഹത്യാചിന്തയും ഉണ്ടാകുമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.
ഒറ്റപ്പെടൽ, പക്ഷാഘാതം, ഹൃദ്രോഗം, പ്രമേഹം, അകാലമരണം തുടങ്ങിയവയ്ക്കും കാരണമാകും. മോശം ആരോഗ്യം, കുറഞ്ഞ വരുമാനം, ഒറ്റയ്ക്കുള്ള താമസം, കുറഞ്ഞ വിദ്യാഭ്യാസം, പൊതുവിടങ്ങളിലെ ഇടപെടലുകൾ കുറയുന്നത്, അടിസ്ഥാന സൗകര്യവികസനത്തിന്റെ അപര്യാപ്തത തുടങ്ങിയ ഘടകങ്ങൾ ഏകാന്തതയിലേക്കും സാമൂഹിക ഒറ്റപ്പെടലിലേക്കും വ്യക്തികളെ നയിക്കും.