കുട്ടികളെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് മെനിഞ്ചൈറ്റിസ്. തലച്ചോറിനെയും സുഷുമ്നാ നാഡിയെയും സംരക്ഷിക്കുന്ന ആവരണങ്ങളായ മെനിഞ്ചസുകളില്‍ ഉണ്ടാകുന്ന വീക്കമാണ് ഈ രോഗത്തിന് കാരണം. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളാണ് മെനിഞ്ചൈറ്റിസിന് കാരണമാകുന്നത്.
വൈറല്‍, ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസ് സാധാരണമാണെങ്കിലും, ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസ് കൂടുതല്‍ അപകടകരവും ചികിത്സിച്ചില്ലെങ്കില്‍ മാരകവുമാകാം. അതിനാല്‍, ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് നിര്‍ണായകമാണ്. സമയബന്ധിതമായ ചികിത്സ കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങള്‍
കുട്ടികളിലെ മെനിഞ്ചൈറ്റിസ് തിരിച്ചറിയാന്‍ തുടക്കത്തില്‍ പ്രയാസമാണ്, കാരണം ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍ സാധാരണ പനി പോലെയോ മറ്റ് അണുബാധകള്‍ പോലെയോ തോന്നാം.
ഉയര്‍ന്ന പനി
മെനിഞ്ചൈറ്റിസിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് പെട്ടെന്നുണ്ടാകുന്ന ഉയര്‍ന്ന പനി. സാധാരണ പനിക്കുള്ള മരുന്നുകളോട് ഇത് പ്രതികരിക്കാറില്ല.
തലവേദന
മുതിര്‍ന്ന കുട്ടികള്‍ക്ക് കഠിനമായ തലവേദന ഉണ്ടാകാം, അത് സമയമനുസരിച്ച് കൂടാനും സാധ്യതയുണ്ട്. എന്നാല്‍, കൈക്കുഞ്ഞുങ്ങള്‍ തലവേദന കാരണം അസാധാരണമായി കരഞ്ഞെന്ന് വരാം.
കഴുത്തിലെ വേദന അല്ലെങ്കില്‍ മുറുക്കം
പനി, തലവേദന എന്നിവയോടൊപ്പം കഴുത്തിന് വേദനയോ മുറുക്കമോ ഉണ്ടാകുന്നത് മെനിഞ്ചൈറ്റിസിന്റെ പ്രധാന ലക്ഷണമാണ്. കുട്ടികള്‍ക്ക് തല ചലിപ്പിക്കാന്‍ പ്രയാസമുണ്ടായിരിക്കാം.
പ്രകാശത്തോടുള്ള സംവേദനക്ഷമത (ഫോട്ടോഫോബിയ)
മെനിഞ്ചൈറ്റിസ് ബാധിച്ച കുട്ടികള്‍ക്ക് വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം.
ഛര്‍ദിയും ഓക്കാനവും
തലവേദനയ്ക്കും പനിക്കും ഒപ്പം ഛര്‍ദിയും ഓക്കാനവും ഉണ്ടാകുന്നത് സാധാരണമാണ്. ഇതോടൊപ്പം വിശപ്പില്ലായ്മയും ഉണ്ടാകാം.
മയക്കം അല്ലെങ്കില്‍ ഉണര്‍ത്താനുള്ള ബുദ്ധിമുട്ട്
കുട്ടികളില്‍, പ്രത്യേകിച്ച് കൈക്കുഞ്ഞുങ്ങളിലും ചെറിയ കുട്ടികളിലും അസാധാരണമായ മയക്കമോ ഉണര്‍ത്താനുള്ള ബുദ്ധിമുട്ടോ ഉണ്ടെങ്കില്‍ അത് രോഗത്തിന്റെ അടയാളമാണ്.
അസാധാരണമായ പെരുമാറ്റം
അമിതമായ ദേഷ്യം, അസ്വസ്ഥത, ആശയക്കുഴപ്പം, അല്ലെങ്കില്‍ പ്രതികരണമില്ലായ്മ എന്നിവ രോഗം മൂര്‍ച്ഛിക്കുന്നതിന്റെ സൂചനകളാണ്. കൈക്കുഞ്ഞുങ്ങള്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ അസ്വസ്ഥരായി കാണപ്പെടാം.
ചര്‍മത്തിലെ പാടുകള്‍
ചിലതരം ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസ് (ഉദാഹരണത്തിന്, മെനിംഗോകോക്കല്‍ മെനിഞ്ചൈറ്റിസ്) ശരീരത്തില്‍ ചുവപ്പോ പര്‍പ്പിളോ നിറത്തിലുള്ള ചെറിയ പാടുകളുണ്ടാക്കാം. ഇത് പിന്നീട് വലിയ ചതവുകളായി മാറിയെന്നും വരാം.
അപസ്മാരം
ചിലപ്പോള്‍ കുട്ടികളില്‍ അപസ്മാരം ഉണ്ടാകാം. ഇത് തലച്ചോറിനെ അണുബാധ കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നു എന്നതിന്റെ സൂചനയാണ്.
കൈകാലുകളിലെ തണുപ്പ്
ചിലപ്പോള്‍ പനിയുള്ളപ്പോഴും കുട്ടികളുടെ കൈകാലുകള്‍ തണുത്തിരിക്കും. ഇത് ശരീരത്തിലെ രക്തയോട്ടത്തെ രോഗം ബാധിച്ചു എന്നതിന്റെ സൂചനയാണ്.
പ്രതിരോധം
വാക്സിനേഷന്: ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസ് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. പ്രധാന വാക്സിനുകള്‍:
മെനിംഗോകോക്കല്‍ വാക്സിന്.
ന്യൂമോകോക്കല്‍ വാക്സിന്.
ഹിബ് വാക്സിന്.