ആര്‍ത്തവം, പ്രസവം തുടങ്ങി സ്ത്രീകളില്‍ ജൈവികമായി സംഭവിക്കുന്ന മാറ്റമാണ് ആര്‍ത്തവവിരാമം. അണ്ഡാശയത്തിന്റെ പ്രവര്‍ത്തന ശേഷി കുറയുകയും ഹോര്‍മോണ്‍ ഉത്പാദനത്തില്‍ മാറ്റം വരുന്നതുമാണ് ആര്‍ത്തവ വിരമാത്തിന്റെ കാരണം. സാധാരണയായി നാല്‍പ്പതുകളുടെ അവസാനത്തിലാണ് ഇത് സംഭവിക്കുക. എന്നാല്‍ ചില സ്ത്രീകളിലെങ്കിലും 30കളിലും ആര്ത്തവവിരാമമുണ്ടാകാറുണ്ട്. നേരത്തേയുള്ള ആര്‍ത്തവ വിരാമത്തിന് പല കാരണങ്ങളുണ്ട്. അണ്ഡാശയ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയരായവരിലും ക്യാന്‍സറിന് കീമോതെറാപ്പി നടത്തിയവരിലും ഓട്ടോ ഇമ്മ്യൂണ്‍ അസുഖമുള്ളവരിലും ജനിതക പ്രശ്നങ്ങള്‍ ഉള്ളവരിലും ഇത് സംഭവിക്കാറുണ്ട്.
ഇത്തരത്തിൽ പല കാരണങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും ഇതിന്റെ കാരണം കണ്ടുപിടിക്കാന്‍ സാധിക്കാറില്ല. ആര്‍ത്തവ വിരാമത്തിന്റെ ശരാശരി പ്രായം 48 മുതല്‍ 52 വയസുവരെ ആണ്. 40 വയസിന് മുമ്പ് ആര്‍ത്തവ വിരാമം സംഭവിക്കുന്നതിനെ പ്രി-മെച്വര്‍ മെനോപോസ് എന്ന് വിളിക്കും. 40 വയസിന് താഴെയുള്ള നൂറ് സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഈ സങ്കീര്‍ണത കണ്ടുവരുന്നുണ്ട്.
അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം കുറയുമ്പോള്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനമാണ് ആര്‍ത്തവ വിരാമം. അണ്ഡോത്പാദനവും ഈസ്ട്രജന്റെ ഉത്പാദനവും കുറയുന്ന അവസ്ഥയാണിത്. ഈസ്ട്രജന്റെ ഉത്പാദനം കുറയുമ്പോള്‍ ശരീരത്തില്‍ ധാരാണം സങ്കീര്‍ണതകള്‍ ഉണ്ടാകും. ശരീരത്തില്‍ ചൂട് വ്യാപിക്കുക(ഹോട്ട് ഫ്ളാഷസ്), ഉറക്കക്കുറവ്, ഓര്‍മക്കുറവ്, വിഷാദം, വജൈനയിലെ ഡ്രൈനെസ്സ്, ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്, സന്ധിവേദന, എല്ലുകള്‍ക്ക് ബലക്കുറവ് എന്നിവയെല്ലാം ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
40 വയസില്‍ താഴെയുള്ള സ്ത്രീകളില്‍ പെട്ടെന്ന് ആര്‍ത്തവം വരാതിരിക്കുമ്പോള്‍ ശാരീരിക പരിശോധനകള്‍ക്ക് വിധേയമാകണം. ശരീരം പ്രകടിപ്പിക്കുന്നത് ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങളാണോ എന്ന് പരിശോധിക്കണം. ഇതോടൊപ്പം രക്തപരിശോധനകളും സ്കാനിങ്ങും നടത്തണം. ചെറിയ പ്രായത്തില്‍ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നത് നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറപ്പിക്ക് വിധേയമാകാവുന്നതാണ്. അസ്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനാണ് പ്രധാനമായും ഈ ചികിത്സ നടത്തുന്നത്. പരിശോധനകള്‍ക്കും ചികിത്സയ്ക്കും ഒപ്പം പ്രധാനമാണ് ഭക്ഷണക്രമവും വ്യായമവും