in

മാനസിക ആരോഗ്യം പുതുതലമുറയില്‍

Share this story

നാം ഇന്ന് അനുഭവിക്കുന്ന ജീവിത നിലവാരം മനുഷ്യ ചരിത്രത്തില്‍ മുന്‍പ് ജീവിച്ച മറ്റാരേക്കാളും പലമടങ്ങ് വലുതാണ്. വര്‍ത്തമാന കാലത്തില്‍ നാം ആസ്വദിക്കുന്ന പല ജീവിത സൗകര്യങ്ങളും മുന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. എന്നിരുന്നാലും ജീവിത സംതൃപ്തി എക്കാലത്തേക്കാളും ഓരോ വ്യക്തികളിലും കുറഞ്ഞു വരുന്നു എന്ന് കാണാന്‍ കഴിയും. എല്ലാ മനുഷ്യരും ജീവിതത്തില്‍ ആത്യന്തികമായി ആഗ്രഹിക്കുന്ന ഒന്നാണ് സംതൃപ്തമായ ജീവിതം. ഇത് സാധ്യമായി തീരുന്നതിനു മാനസിക ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ ലോക മാനസിക ആരോഗ്യ ദിനത്തില്‍ നാം ഓരോരുത്തരും മാനസിക ആരോഗ്യത്തിന് വേണ്ട പ്രാധാന്യം നല്‍കേണ്ടതുണ്ട്. നമ്മുടെ ജീവിതം സമ്പൂര്‍ണ്ണം ആകുന്നതിനു ജീവിതത്തോടുള്ള ശരിയായ സമീപനം അത്യാവശ്യമാണ്.

പ്രതേകിച്ച് മാനസിക രോഗങ്ങള്‍ ഒന്നും നിര്‍ണ്ണയിച്ചിട്ടില്ലാത്ത വ്യക്തികളുടെ മാനസിക അവസ്ഥ ഇന്ന് നമ്മുടെ പൊതു സമൂഹത്തില്‍ നോക്കുമ്പോള്‍ അത്ര നല്ല നിലയില്‍ അല്ല കാണുന്നത്. പലരിലും മാനസിക രോഗങ്ങള്‍ ഇല്ലെങ്കിലും മാനസിക രോഗങ്ങളുടെ ചില ലക്ഷണങ്ങള്‍ വളരെ അധികം കാണാന്‍ കഴിയും. പ്രതേകിച്ച് ഉത്കണ്ഠയുടേതും വിഷാദത്തിന്റേതുമായ ചില ലക്ഷണങ്ങള്‍ വളരെയധികം ഭൂരിഭാഗം ജനങ്ങളെയും ബാധിക്കുന്നതായി കാണാന്‍ കഴിയും. ഇവ ജീവിതത്തെ മടുപ്പോടും വിരക്തിയോടും സമീപിക്കുന്നതിന് കാരണമാകുന്നു. ഇവയുടെ പ്രധാന കാരണം സ്വയം അടിച്ചേല്‍പ്പിക്കുന്ന ചില തെറ്റായ ജീവിത രീതി കൊണ്ടും സമീപനങ്ങള്‍ കൊണ്ടും ആണ്. സംതൃപ്തിക്ക് പകരം ആനന്ദം ജീവിതത്തിന്റെ പ്രാഥമിക പ്രചോദനം ആയി കാണുകയും അത്തരത്തില്‍ ജീവിതം നയിക്കുകയും ചെയ്യുന്നതാണ് ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളുടെ പ്രധാന കാരണം.

വര്‍ത്തമാന കാലഘട്ടത്തില്‍ പുതുതലമുറ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ചിലതാണ് ഭാവിയെക്കുറിച്ചുള്ള ഭയം, അര്‍ത്ഥവത്തല്ലാത്ത ജീവിതം, സംതൃപ്തി ഇല്ലാത്ത ജീവിതം, പല ലഹരികള്‍ക്ക് അടിമപ്പെടുക, ക്ഷണികമായ ആനന്ദത്തില്‍ ഉല്ലസിക്കുന്നതിന് അമിത പ്രാധന്യം നല്‍കുക, വിമര്‍ശനാത്മകമായി കാര്യങ്ങളെ വിശകലനം ചെയ്യാതെ എല്ലാം ശരിയും സത്യവും എന്ന് വിശ്വസിക്കുക തുടങ്ങിയവ. ഇവയെല്ലാം ഇന്നത്തെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നതായി കാണാം. മുന്‍ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നവരെക്കാളും പുതുതലമുറ ജീവിത നിലവാരം ഉയര്‍ന്നിട്ടും ഈ പ്രശ്‌നങ്ങള്‍ അവരുടെ ജീവിതത്തില്‍ മടുപ്പും വെറുപ്പും ഉളവാക്കുന്നതിന് കാരണമാകുന്നു.

ധാര്‍മിക ജീവിത മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കണം എന്ന് പഴയ തലമുറ പറയുമ്പോള്‍ പുതിയ തലമുറ പറയുന്നത് അങ്ങനെ ധാര്‍മിക മൂല്യങ്ങള്‍ ഒന്നും വേണ്ട എന്നും ഇല്ല എന്നും ആണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചു കുറച്ചു നാള്‍ നടന്നു കഴിയുമ്പോള്‍ സ്വാഭാവികമായും ജീവിതത്തിന്റെ മടുപ്പു തനിയെ തുടങ്ങും. ഇത് ഒരു യാഥാര്‍ഥ്യം ആണ്. ഇത് പലരും പുറമെ അംഗീകരിച്ചു തരില്ല എങ്കിലും യാഥാര്‍ഥ്യം അതാണ്. പലരുടെയും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും അവരുടെ യഥാര്‍ത്ഥ ജീവിതത്തിന്റെ അവസ്ഥയും വ്യക്തമായി പരിശോധിച്ച് നോക്കിയാല്‍ വളരെ അന്തരം കണ്ടെത്താന്‍ സാധിക്കും. പലരും നമ്മള്‍ സന്തോഷം ആണെന്ന് മറ്റുള്ളവരെ കാണിക്കാന്‍ ഉള്ള തിടുക്കത്തില്‍ ആണ്, അല്ലാതെ ജീവിതത്തിന്റെ സന്തോഷകരമായ നിമിഷങ്ങള്‍ അല്ല പോസ്റ്റ് ചെയ്യപ്പെടുന്നത്. ഇത്തരത്തില്‍ ജീവിതം മുന്നോട്ടുപോകുന്നത് നിരാശയ്ക്കും അസന്തുഷ്ടിക്കും മടുപ്പിനും വെറുപ്പിനും കാരണം ആകുന്നു. ഒരു ഉദാഹരണം, നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പെറോട്ടയും ചിക്കനും ആണെന്നിരിക്കട്ടെ. ഒരു ദിവസം രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ആവശ്യത്തിന് പെറോട്ടയും ചിക്കനും കിട്ടുന്നു എന്ന് കരുതുക. അങ്ങനെ തുടര്‍ച്ചയായി രണ്ടു മൂന്ന് ദിവസം അതേപോലെ ലഭിച്ചാല്‍ സ്വാഭാവികമായും ആ ഭക്ഷണത്തോട് ഒരു മടുപ്പു വരും. ഇതുപോലെ ആണ് നമ്മുടെ ജീവിതവും. നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ സുഖം അനുസരിച്ച് മാത്രം ജീവിതം മുന്നോട്ട് കൊണ്ടു പോയാല്‍ നിരാശയും മടുപ്പും വെറുപ്പും സ്വാഭാവികമായും ഉണ്ടാവും. ഇവിടെയാണ് ജീവിക്കാനുള്ള പ്രാഥമിക പ്രചോദനം ആനന്ദത്തില്‍ നിന്നും മാറ്റി സംതൃപ്തിയില്‍ വയ്ക്കേണ്ടതിന്റെ പ്രസക്തി.

എല്ലാ കായിക മത്സരങ്ങളിലും വ്യക്തമായ ഒരു നിയമം നമുക്ക് കാണാന്‍ സാധിക്കും. ഓരോ കായിക മത്സരങ്ങളിലും അത് അത്യാവിശ്യവുമാണ്. ഒരു കായിക മത്സര ഇനത്തില്‍ നിന്നും അതിന്റെ നിയമം എടുത്തു മാറ്റി എന്ന് സങ്കല്പിക്കുക, പിന്നെ ആ കളി എന്താവും എന്ന് ഊഹിക്കാന്‍ സാധിക്കുന്നുണ്ടോ? ആ കളി തീര്‍ത്തും അരാജകമായ ഒരു അവസ്ഥയില്‍ ആകും എത്തുക. ആ കായിക മത്സരത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നു. ഇതുപോലെ ആണ് ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് ഉള്ള പ്രാധാന്യം. ഈ മൂല്യങ്ങള്‍ ജീവിതത്തില്‍ നിന്നും മാറ്റിയാല്‍ ജീവിതം അരക്ഷിത അവസ്ഥകൊണ്ട് നിറയും. ജീവിത മൂല്യങ്ങള്‍ ഒക്കെ അനേക വര്‍ഷങ്ങളുടെ സംസ്‌കാരത്തില്‍ നിന്നും ആണ് ലഭിച്ചിരുന്നത്. ഈ പ്രാധാന്യം തള്ളിക്കളഞ്ഞുകൊണ്ടു ജീവിതം സ്വന്തം ഇന്‍സ്റ്റിന്‍കട് അനുസരിച്ചു പുതു തലമുറ ജീവിക്കുന്നതുകൊണ്ടാണ് ജീവിതത്തില്‍ അവര്‍ക്ക് മടുപ്പും വിരക്തിയും തോന്നുന്നത്.

ഇപ്പോള്‍ എല്ലാവരും സംസാരിക്കാനും പ്രതിക്ഷേധിക്കാനും ഒക്കെ ആഗ്രഹിക്കുന്നത് അവരുടെ അവകാശങ്ങളെ കുറിച്ചാണ്. എന്നാല്‍ ജീവിതത്തില്‍ സംതൃപ്തി ഉണ്ടാകുന്നത് മറ്റുള്ളവര്‍ നമുക്ക് എന്തെങ്കിലും ചെയ്തു തരുമ്പോള്‍ അല്ല, പകരം നമ്മുടെ കര്‍ത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും സ്വയം അറിഞ്ഞു ചെയ്യുമ്പോള്‍ ആണ്. നമ്മുടെ എല്ലാ റോളുകളും സാദ്ധ്യമായ ഏറ്റവും നല്ല രീതിയില്‍ ചെയ്യാന്‍ ശ്രമിക്കുക. നമ്മള്‍ ഭാര്യയോ ഭര്‍ത്താവോ മക്കളോ രക്ഷകര്‍ത്താക്കളോ സുഹൃത്തോ ഉദ്യോഗസ്ഥനോ ജീവനക്കാരനോ അങ്ങനെ നമ്മുടെ ജീവിതത്തിലെ എല്ലാ റോളുകളും മനോഹരമായി ചെയ്യാന്‍ ശ്രമിക്കുക. ഇന്നത്തെ തലമുറ തൊഴിലിന് കുടുംബത്തേക്കാള്‍ പ്രാധാന്യം കൊടുക്കുന്നതായി കാണുന്നു, ഇതും ജീവിതത്തെ മടുപ്പിലേക്കും നിരാശയിലേക്കും എത്തിക്കും. ആയതിനാല്‍ ജീവിതത്തെ അര്‍ത്ഥവത്തായി ഉത്തരവാദിത്വ ബോധത്തോടെ സമീപിച്ചാല്‍ വളരെ നല്ല ജീവിത അനുഭവം ഉണ്ടാക്കാന്‍ സാധിക്കും.

പാരമ്പര്യ ജീവിത മൂല്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയും ഈ ആധുനിക ജീവിത സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ വളരെ മനോഹരമായ ജീവിതം സാദ്ധ്യമാകുന്നതാണ്.

Nithin A F
Consultant Psychologist,
SUT Hospital, Pattom, Trivandrum.
Email: nithinaf@gmail.com

കയ്യിലെയും കാലിലെയും കട്ടിയുളള തൊലി വരണ്ടമുഖ ചര്‍മ : ഉറപ്പായും ഫലംതരുന്നു

പ്രസവശേഷമുളള മുടികൊഴിച്ചിലിന്റെ കാരണമെന്ത്