നടക്കുന്നതിനിടെ ശരീരത്തിന്റെ ഒരു ഭാഗത്ത് പെട്ടെന്ന് ഒരു തരിപ്പ് അല്ലെങ്കില്‍ ഒരു കണ്ണിന് ഇരുട്ട് കയറുന്നു, മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പൂര്‍വസ്ഥിതിയില്‍ എത്തുകയും ചെയ്യുന്നതിനാല്‍ അത് അത്ര കാര്യമാക്കിയെടുക്കില്ല. എന്നാല്‍ ക്ഷീണവും തളര്‍ച്ചയും ദിവസങ്ങളോളം നീണ്ടു നില്‍ക്കും. മിനി-സ്ട്രോക്ക് (mini stroke)) എന്ന് അറിയപ്പെടുന്ന ട്രാന്‍സിയന്റ് ഇസ്‌കെമിക് അറ്റാക്കിന്റെ ചില ലക്ഷണങ്ങളാണിത്.
എന്താണ് ട്രാന്‍സിയന്റ് ഇസ്‌കെമിക് അറ്റാക്
തലച്ചോറിലേക്കുള്ള രക്തയോട്ടത്തില്‍ താല്‍ക്കാലികമായി ഉണ്ടാകുന്ന തടസമാണ് ട്രാന്‍സിയന്റ് ഇസ്‌കെമിക് അറ്റാക്ക് (ടിഐഎ) എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്. പക്ഷാഘാതത്തിന് സമാനമായ ലക്ഷണങ്ങളാണ് ട്രാന്‍സിയന്റ് ഇസ്‌കെമിക് അറ്റാക്ക് സമയത്തും ഉണ്ടാവുക. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ഒരു മണിക്കൂര്‍ വരെ മാത്രമായിരിക്കും ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുക. ഭാവിയില്‍ പക്ഷാഘാതം വരാനുള്ള സൂചനയായും ട്രാന്‍സിയന്റ് ഇസ്‌കെമിക് അറ്റാക്കിനെ വിലയിരുത്താറുണ്ട്. അതുകൊണ്ടാണ് മിനി സ്ട്രോക്ക് എന്ന് ഇസ്‌കെമിക് അറ്റാക്ക് അറിയപ്പെടുന്നത്.
ടിഐഎ ഉള്ള മൂന്നിലൊന്ന് പേരില്‍ പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. അതില്‍ പകുതിയും ടിഐഎ ഉണ്ടായി ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാമെന്നും പറയുന്നു. മിനി സ്ട്രോക്ക് തിരിച്ചറിയുന്നത് പക്ഷാഘാത സാധ്യത തിരിച്ചറിയാനും തടയാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡാനിഷ് ഗവേഷകര്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ മിനി സ്ട്രോക്കിനെ തുടര്‍ന്നുണ്ടാകുന്ന ക്ഷീണം ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കാമെന്ന് ചൂണ്ടിക്കാണിക്കുന്നു. രക്തപ്രവാഹത്തിലെ താല്‍ക്കാലിക തടസം പരിഹരിക്കുന്നതിന് തലച്ചോര്‍ ഊര്‍ജ്ജം അധികമായി പ്രയോജനപ്പെടുത്തുന്നതാണ് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
മിനി സ്‌ട്രോക്കിലേക്ക് നയിക്കുന്ന ഘടകങ്ങള്‍
ഉയര്‍ന്ന രക്തസമ്മര്‍ദം
ഉയര്‍ന്ന കൊളസ്ട്രോള്‍
പ്രമേഹം,
ഹൃദ്രോഗം
പുകവലി
അതെറോസ്‌കിറോസിസ്
ലക്ഷണങ്ങള്‍
പെട്ടെന്നുള്ള ബലക്കുറവ്, മരവിപ്പ്
സംസാരിക്കാന്‍ പെട്ടുന്നുണ്ടാകുന്ന ബുദ്ധിമുട്ട് അല്ലെങ്കില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട്
കണ്ണുകളില്‍ പെട്ടെന്നുള്ള ഇരുട്ട് കയറുക, മങ്ങിയ കാഴ്ച.
തലകറക്കം അല്ലെങ്കില്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക
തീവ്രമായ തലവേദന.
ആശയക്കുഴപ്പം അല്ലെങ്കില്‍ ഓര്‍മക്കുറവ്
വിഴുങ്ങാന്‍ ബുദ്ധിമുട്ട്