വയനാട്: ജില്ലയില്‍ വീണ്ടും കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വനഗ്രാമങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുള്ളന്‍കൊല്ലി സ്വദേശിയക്ക് കഴിഞ്ഞ ദിവസം കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുരങ്ങ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി. വനത്തിനോട് ചേര്‍ന്നുള്ള കോളനികളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. കുരങ്ങിന്റെ ശരീരത്തില്‍ കടിച്ച ചെള്ളിലൂടെയാണ് മനുഷ്യ ശരീരത്തില്‍ രോഗ ബാധയേല്‍ക്കുന്നത്. പനി, ശരീരവേദന, തലവേദന, ചുമ, കഫക്കെട്ട് എന്നിവയാണ് കുരങ്ങ് പനി രോഗലക്ഷണങ്ങള്‍. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- കുരങ്ങ് പനി കാണപ്പെട്ട വനത്തിനുള്ളിലെ പ്രദേശങ്ങളില്‍ പോകാതിരിക്കുക.
- വനത്തിനുള്ളില്‍ പോകുന്നവര്‍ ശരീരഭാഗങ്ങളില്‍ ലേപനങ്ങള്‍ പുരട്ടുകയും, കട്ടിയുള്ള നീളന്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടതുമാണ്.
- കുരങ്ങ് പനി കാണപ്പെട്ട പ്രദേശങ്ങളിലെ തോട്, കുളം എന്നീ ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കുക.
- ചെള്ള് കടി ഏറ്റിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടണം.
- രോഗബാധയുള്ള അതിതീവ്ര മേഖലകളില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന വാക്സിനേഷന് കാമ്പുകളില്‍ പ്രദേശവാസികള്‍ പങ്കെടുത്ത് മൂന്ന് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്.
- വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വളര്‍ത്ത് മൃഗങ്ങള്‍ക്ക് ചെള്ള് കടിക്കാതിരിക്കാനുള്ള ലേപനം മൃഗാശുപത്രികളില്‍ ലഭ്യമാണ്.
- കുരങ്ങ് മരണം ഉണ്ടായാല്‍ പ്രദേശവാസികള്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം.