കൂടുതല്‍ മാരകമായ വൈറസ് പടര്‍ച്ചകള്‍ക്കുള്ള സൂചനയാണ് മങ്കിപോക്സ് അണുബാധയെന്നും മഹാമാരിയാകും മുന്‍പ് ഈ വൈറസ് രോഗവ്യാപനത്തെ തടയാന്‍ സാധിക്കണമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിസറ്റ് ഡോ. സൗമ്യ സ്വാമിനാഥന്. എല്ലാ സമയത്തും മാരകമായ വൈറസ് വ്യാപനങ്ങള്‍ സംഭവിക്കാമെന്ന ബോധ്യത്തില്‍ ലോകരാജ്യങ്ങള്‍ തയാറായി ഇരിക്കണമെന്നും ഡോ. സൗമ്യ ചൂണ്ടിക്കാട്ടി.
75 രാജ്യങ്ങളില്‍ 16,000 ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകാരോഗ്യ സംഘടന മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്സിനെ കോവിഡുമായി താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നും ഇത് വ്യത്യസ്തമായ വൈറസാണെന്നും ഡോ. സൗമ്യ പറഞ്ഞു. കോവിഡ് വൈറസിന്റെ അത്രയും വേഗത്തില്‍ മങ്കിപോക്സിന് ജനിതക വ്യതിയാനം സംഭവിക്കുന്നില്ലെന്നത് ആശ്വാസകരമാണ്. കോവിഡിനെ നേരിട്ടത്തിന് സമാനമായ രീതിയില്‍ പരിശോധനയും ജനിതക സീക്വന്‍സിങ്ങും ഡേറ്റകളുടെ ആഗോള പങ്കുവയ്ക്കലുമൊക്കെ മങ്കിപോക്സിനെ നേരിടാനും അത്യാവശ്യമാണ്, ഡോ. സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു.
സ്മോള്‍പോക്സിന് ഉപയോഗിച്ചിരുന്ന വാക്സീന് മങ്കിപോക്സിനും ഫലം ചെയ്യുമെന്നും കൂടുതല്‍ ലാബ് ഡേറ്റ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും ഡോ. സൗമ്യ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാക്സീന് ഡോസുകളുടെ ലഭ്യത പരിമിതമാണ്. വാക്സീന് ലഭ്യമാകുന്ന പക്ഷം അതിന്റെ വിപണനത്തിലും വിതരണത്തിലും ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നും ചീഫ് സയന്റിസ്റ്റ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ കേരളത്തില്‍ ഉള്‍പ്പെടെ നാലു കേസുകളാണ് മങ്കിപോക്സിന്റേതായി റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. വിമാനത്താവളങ്ങളില്‍ വൈറസ് സ്ക്രീനിങ് ശക്തമാക്കിയിട്ടുണ്ട്. ഓര്‍ത്തോപോക്സ് വൈറസ് കുടുംബത്തില്‍പ്പെട്ട മങ്കിപോക്സ് വൈറസാണ് മങ്കിപോക്സ് ബാധയ്ക്ക് കാരണമാകുന്നത്. സ്മോള്‍പോക്സ് അണുബാധയുമായി ഇതിന് സാമ്യമുണ്ട്