രോഗങ്ങളും ലക്ഷണങ്ങളും
മലേറിയ
മഴക്കാലത്ത് വ്യാപകമായി കാണപ്പെടുന്ന രോഗങ്ങളില്‍ ഒന്നാണ് മലേറിയ. പ്രധാനമായും അനാഫലിസ് വര്‍ഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. കുളിരും വിറയലുമുള്ള പനി, വിറയല്‍, ശരീര വേദന, കടുത്ത തലവേദന, ക്ഷീണം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. രോഗം അപകടകരമായാല്‍ ന്യുമോണിയ, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നിവയും സംഭവിക്കാം. വാക്സിനുകള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗലക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
വൈറല്‍ പനി
വൈറല്‍ പനി കൂടുതലായും കുട്ടികളിലാണ് കണ്ടുവരുന്നത്. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍. വായുവിലൂടെ പകരുന്ന വൈറല്‍പനി വിവിധ വൈറസുകള്‍ കാരണമാണ് ഉണ്ടാകുന്നത്. സാധാരണഗതിയില്‍ അപകടകരമല്ലാത്ത വൈറല്‍പനി ഏഴുദിവസം വരെ നീണ്ടുനില്‍ക്കാം.
ഡെങ്കിപ്പനി
ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ കാരണമാകുന്നതാണ് ഡെങ്കിപ്പനി. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പനി, തലവേദന, സന്ധിവേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍, എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ശ്വാസംമുട്ടല്‍, തലചുറ്റല്‍, പിച്ചുംപേയും പറയുക, രക്തസ്രാവം, രക്തസമ്മര്‍ദ്ദം കുറയുക എന്നിവ ഇതിന്റെ ലക്ഷണങ്ങളില്‍ പെടുന്നു. അപകട ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടനെ തന്നെ ആശുപത്രികളില്‍ ചികിത്സ തേടണം.
ചിക്കുന്‍ഗുനിയ
ഈഡിസ് വിഭാഗത്തില്‍പ്പെട്ട വൈറസ് രോഗമാണ് ചിക്കുന്‍ഗുനിയ. സന്ധി വേദന (പ്രത്യേകിച്ച് കൈകാല്‍ മുട്ടുകളിലും, സന്ധികളിലും), വിറയലോടുകൂടിയ പനി, കണ്ണിന് ചുറ്റും ചുവപ്പ് നിറം, ചെറിയ തോതിലുള്ള രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍. പ്രത്യേകമായി ചികിത്സ ലഭ്യമല്ലാത്ത ഈ രോഗത്തിന് വേദന സംഹാരികളും പാരസെറ്റാമോള്‍ ഗുളികകളുമാണ് മരുന്നായി നല്‍കുന്നത്. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഡോക്ടറെ സമീപിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. രോഗം കൂടുതലായി പകരാതിരിക്കാന്‍ രോഗിയെ കൊതുക് കടിയേല്‍ക്കാതെ സൂക്ഷിക്കേണ്ടതാണ്.
എലിപ്പനി
മനുഷ്യരിലുണ്ടാകുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി. എലികള്‍, കന്നുകാലികള്‍, നായ, കുറുക്കന്‍, ചിലയിനം പക്ഷികള്‍ എന്നിവയാണ് രോഗവാഹകര്‍. രോഗവാഹകരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലാശയങ്ങള്‍, ഓടകള്‍ തുടങ്ങവയിലൂടെയാണ് രോഗാണുക്കള്‍ മനുഷ്യ ശരീരത്തിലെത്തുന്നത്. രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ കടന്നുകൂടിയാല്‍ 10 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രകടമാവും. ശക്തമായ വിറയലോട്കൂടിയ പനി, കുളിര്, തളര്‍ച്ച, ശരീര വേദന, വിശപ്പില്ലായ്മ എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. 8-9 ദിവസങ്ങള്‍ അസുഖം കുറഞ്ഞതായി അനുഭവപ്പെടും.
പിന്നീട് വീണ്ടും അസുഖം കൂടും. ശക്തമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, കണ്ണിനു ചുവപ്പുനിറം, പേശികള്‍ വലിഞ്ഞുമുറുകിപൊട്ടുന്ന പോലെയുള്ള വേദന തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തിലെ ലക്ഷണങ്ങള്‍. ചിലര്‍ മാനസിക വിഭ്രാന്തിയും പ്രകടമാക്കും. ഏതുപനിയും എലിപ്പനിയാകാനുള്ള സാധ്യതയുണ്ട് അതിനാല്‍ രക്തം, മൂത്രം, സിറം എന്നിവയുടെ പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു. പെന്‍സിലിന്‍, ടെട്രാസൈക്ലിന്‍, ഡോക്സിസൈക്ലിന്‍ എന്നിവയാണ് എലിപ്പനിക്കെതിരെ ഉപയോഗിക്കുന്ന മരുന്നുകള്‍.