അമിതവണ്ണം എന്നത് ആരോഗ്യത്തെ മാത്രമല്ല, ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെയും വലിയ രീതിയിൽ ബാധിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ പലരും കഠിനമായ ഡയറ്റുകളും വ്യായാമ മുറകളും പരീക്ഷിക്കാറുണ്ട്. എന്നാൽ ഭക്ഷണശീലത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും ഈ ലക്ഷ്യത്തിലേക്ക് എത്താൻ നിങ്ങളെ സഹായിക്കും.
നിങ്ങളുടെ വെയിറ്റ് ലോസ് യാത്രക്ക് വേഗത കൂട്ടാൻ സഹായിക്കുന്ന മൂന്ന് പ്രധാന ഭക്ഷണങ്ങളെ പരിചയപ്പെടുത്തുകയാണ് പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ ഡോ. ശുഭം വാത്സ്യ. ഈ മൂന്ന് വിഭവങ്ങൾ പ്രഭാതഭക്ഷണത്തോടൊപ്പം ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും ഏറ്റവും ഉചിതമാണെന്നാണ് ഡോക്ടറുടെ അഭിപ്രായം.
ഡോ. വാത്സ്യയുടെ നിർദ്ദേശമനുസരിച്ച്, പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആ മൂന്ന് ഭക്ഷണങ്ങൾ ഇവയാണ്, തൈര്, ചിയ സീഡ്സ്, ബേസിൽ സീഡ്സ്.
തൈര്
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഡയറ്റിൽ തൈര് ഒരു മികച്ച ഓപ്ഷനാണ്.
മെറ്റബോളിസം മെച്ചപ്പെടുത്തുന്നു: തൈരിലെ ഉയർന്ന അളവിലുള്ള പ്രോട്ടീനും കാൽസ്യവും നിങ്ങളുടെ മെറ്റബോളിസത്തെ (ഉപാപചയ പ്രവർത്തനം) വേഗത്തിലാക്കുന്നു.
കുടലിന്റെ ആരോഗ്യം: ഇതിൽ അടങ്ങിയ പ്രോബയോട്ടിക്കുകൾ കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്.
ഉപയോഗിക്കേണ്ട രീതി: ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, മധുരമോ മറ്റ് ഫ്ലേവറുകളോ ചേർത്ത തൈര് ഒഴിവാക്കുക. ഇതിനുപകരം, ചിയാ സീഡ്സോ ബേസിൽ സീഡ്സോ ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്.
ചിയ സീഡ്സ്
വെയിറ്റ് ലോസ് ഡയറ്റിൽ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചിയ സീഡ്സ്.
വിശപ്പ് നിയന്ത്രണം: ഇവയിൽ ധാരാളമായി അടങ്ങിയ ഫൈബറും പ്രോട്ടീനും പെട്ടെന്ന് വിശക്കുന്നത് തടയുന്നു. ഇത് കൂടുതൽ നേരം വയറുനിറഞ്ഞ പ്രതീതി നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
ദഹനം സുഗമമാക്കുന്നു: ഫൈബർ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ബേസിൽ സീഡ്സ് / കസ്കസ്
ചിയ സീഡ്സുകളെ പോലെ തന്നെ ഫൈബറിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് ബേസിൽ സീഡ്സും (കസ്കസ്).
വയറുനിറഞ്ഞ തോന്നൽ: ഇവയിലെ നാരുകൾ വിശപ്പ് കുറയ്ക്കുകയും ദീർഘനേരം വയറുനിറഞ്ഞിരിക്കുന്നതായുള്ള തോന്നൽ നൽകുകയും ചെയ്യുന്നു.
പ്രധാന ആരോഗ്യ ഗുണങ്ങൾ: ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ പ്രയോജനകരമാണ്.




