ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നല്കുന്നു. അത്തരത്തില്‍ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. നാരുകളുടെ സമ്പന്ന ഉറവിടമായതിനാല്‍ ദഹനം മെച്ചപ്പെടുത്താനും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും ബെസ്റ്റാണ് മുള്ളങ്കി. ശരീരഭാരം നിയന്ത്രിക്കാനും കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പിത്തരസം ഉല്പാദനം പ്രോത്സാഹിപ്പിക്കാനും ഇത് ഫലപ്രദമാണ്. കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളെ ശക്തമായി നിലനിര്‍ത്താനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും. പതിവായി മുള്ളങ്കി കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.
ദഹനാരോഗ്യം
നാരുകളാല്‍ സമ്പന്നമാണ് മുള്ളങ്കി. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കും. കുടലിലെ മാലിന്യങ്ങള്‍ നീക്കി ദഹനപ്രക്രിയ സുഗമമാക്കാനും മുള്ളങ്കി ഗുണം ചെയ്യും. മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ തടയാനും മുള്ളങ്കി സഹായിക്കുമെന്ന് എന്‍സിബിഐ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു
കരളിനെ വിഷവിമുക്തമാക്കാനുള്ള കഴിവ് മുള്ളങ്കിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. സള്‍ഫര്‍ അധിഷ്ഠിത സംയുക്തങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. കരളിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ ഇത് സഹായിക്കും.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
വിറ്റാമിന്‍ സി ഉയര്‍ന്ന അളവില്‍ മുള്ളങ്കിയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ ഉത്തമമാണ് ഇത്. ശക്തമായ ഈ ആന്റി ഓക്സിഡന്റ് ശരീരത്തിന് ദോഷകരമായ ഫ്രീ റാഡിക്കലുകളെയും അണുബാധകളെയും ചെറുക്കാന്‍ സഹായിക്കും. അണുബാധ തടയാനും ജലദോഷം, പനി തുടങ്ങിയ അവസ്ഥകളില്‍ വേഗത്തില്‍ സുഖപ്പെടുത്താനും മുള്ളങ്കി ഗുണം ചെയ്യും.
കാന്‍സര്‍ പ്രതിരോധം
കാന്‍സര്‍ സാധ്യത കുറയ്ക്കാനുള്ള കഴിവ് മുള്ളങ്കിയ്ക്കുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ക്രൂസിഫറസ് ഇനത്തില്‍ പെട്ട പച്ചക്കറിയായതിനാല്‍ ഇത് ജലവുമായി സംയോജിക്കുമ്പോള്‍ ഐസോത്തിയോ സയനേറ്റുകള്‍ ഉണ്ടാകും. ഇത് കാന്‍സറിലേക്ക് നയിക്കുന്ന പദാര്‍ത്ഥങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും ഫലപ്രദമാണിത്.
ഹൃദയാരോഗ്യം
പൊട്ടാസ്യത്തിന്റെ മികച്ചൊരു സ്രോതസാണ് മുള്ളങ്കി. സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാന്‍ ഇത് സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. രക്തക്കുഴലുകള്‍ക്ക് വിശ്രമം നല്‍കാനും ഇത് സഹായിക്കും. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കും.