പൊണ്ണത്തടി ഇന്ത്യയിൽ അടിയന്തര ശ്രദ്ധവേണ്ട ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണെന്ന് വിദഗ്ധർ. ഇന്ത്യയിലെ 44.9 കോടിപ്പേർ, അതായത് ജനസംഖ്യയുടെ മൂന്നിലൊന്നും 2050 ആകുമ്പോഴേക്കും പൊണ്ണത്തടിയും അമിതഭാരവുമുള്ളവരായിരിക്കും. ഇതിൽ 21.8 കോടി പുരുഷന്മാരും 23.1 കോടി സ്ത്രീകളും ഉൾപ്പെടും. പൊണ്ണത്തടി ഉണ്ടാകാനുള്ള പ്രധാന കാരണം ഭക്ഷണത്തിൽ ചില ഘടകങ്ങളാണ്. ഉണ്ടാക്കാനുള്ള മടി കാരണം ഭക്ഷണം ഓർഡർ ചെയ്തു കഴിക്കുന്നതാണ് ഇപ്പോഴത്തെ ശീലം. യുവ തലമുറയുടെ ഈ ശീലം തന്നെ പോന്ന തടിയിലേക്കുള്ള ചുവടുവെപ്പാണ്.
ലോകത്ത് പൊണ്ണത്തടിയന്മാരുടെ കണക്ക് പരിശോധിച്ചാൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. പൊണ്ണത്തടി അല്ലെങ്കിൽ അമിതശരീരഭാരം പല ആരോഗ്യസങ്കീർണതകളുമായും നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. മാറിയ ജീവിതശൈലിയാണ് പ്രധാന വില്ലൻ. എന്നാൽ പലപ്പോഴും നിസാരമായി നമ്മൾ അവഗണിച്ചു കളയുന്ന ഭക്ഷണത്തിലെ എണ്ണയുടെ അമിത ഉപയോഗമാണ് യുവാക്കളിൽ പോലും പൊണ്ണത്തടി, ഫാറ്റി ലിവർ, പ്രമേഹം, ഹൃദ്രോഗം പോലുള്ള ആരോഗ്യ സങ്കീർണതകൾ ഉണ്ടാക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
എണ്ണയുടെ ഉപയോഗം
കഴിഞ്ഞ പത്ത് വർഷം പരിശോധിച്ചാൽ ഇന്ത്യക്കാരുടെ എണ്ണ ഉപയോഗത്തിൽ ഇരട്ടി വർധനവാണ് ഉണ്ടായിട്ടുള്ളത്. മുതിർന്ന ഒരു വ്യക്തി ഒരു വർഷത്തിൽ 11 കിലോഗ്രാം എണ്ണ വരെ ഉപയോഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാൽ ഇന്ത്യയിൽ അത് 19 കിലോഗ്രാം ആണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നല്ല ഇത്ര അധികം എണ്ണ എത്തുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
വീട്ടിലെ ഭക്ഷണം കൂടാതെ പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോഴും പായ്ക്ക് ചെയ്ത ഭക്ഷണം കഴിക്കുമ്പോഴും അതിൽ അടങ്ങിയ അമിതമായ എണ്ണ നമ്മുടെ ശരീരത്തിൽ കലോറിയുടെ അളവു വർധിപ്പിക്കുന്നു. ഓരോ ടേബിൾസ്പൂൺ എണ്ണയിലും കുറഞ്ഞത് 100 കലോറി അടങ്ങിയിട്ടുണ്ട്. കൂടാതെ യുവാക്കളുടെ തൊഴിലിന്റെ സ്വഭാവവും ഇതിന്റെ ആഘാതം കൂട്ടുന്നു. ദീർഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, നിർജ്ജലീകരണം എന്നിവ ആരോഗ്യസങ്കീർണതകൾ കൂട്ടുന്നു.
ദക്ഷിണേഷ്യക്കാർക്ക് ശരീരഭാരം കൂടാനും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാനുമുള്ള സാധ്യത വർധിപ്പിക്കുന്ന ജനിതക പ്രവണതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ശരീരം അധിക എണ്ണയെയും കലോറികളെയും കൊഴുപ്പ് നിക്ഷേപങ്ങളാക്കി മാറ്റുന്നു, പ്രത്യേകിച്ച് വയറ്റിൽ. വയറിലെ കൊഴുപ്പ്, ഇൻസുലിൻ പ്രതിരോധത്തിനും വിട്ടുമാറാത്ത രോഗങ്ങൾക്കും സാധ്യത വർധിപ്പിക്കുന്നു.
ഭക്ഷണത്തിൽ എണ്ണ കുറയ്ക്കുക എന്നതാണ് ഏറ്റവും മികച്ച മാർഗം. എണ്ണയുടെ അളവ് 10 ശതമാനം വരെ കുറച്ചാലും വ്യത്യാസം ഉണ്ടാകും. ഭക്ഷണം ആവിയിൽ വേവിച്ചോ ഗ്രിൽ ചെയ്തു കഴിക്കുന്നതോ ആണ് മികച്ചത്. ഈ മാറ്റം രുചിയും പോഷകങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.