മാളുകളിലെയും മറ്റും ശുചിമുറികളിലെ ഹാൻഡ് ഡ്രയറുകൾ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. നനഞ്ഞ കൈകൾ പെട്ടെന്ന് നന്നായി ഉണങ്ങും, അണുക്കളെല്ലാം പമ്പകടക്കും, പരിസ്ഥിതി സൗഹൃദം അങ്ങനെ പലകാരണങ്ങളാണ് നമ്മളോരോരുത്തരും ഇതിന് നിരത്തുന്നത്. എന്നാൽ സംഭവിക്കുന്നത് ഇതിൽനിന്നെല്ലാം വ്യത്യസ്തമായ കാര്യമാണെന്ന് മാത്രം. ഈ യന്ത്രങ്ങൾ നമ്മെ രോഗാണുക്കളെക്കൊണ്ട് പൊതിയുകയാണ് ചെയ്യുന്നതെന്നാണ് ഗവേഷകർ പറയുന്നത്. അണുക്കളെ മാത്രമല്ല മലത്തിന്റെയും മൂത്രത്തിന്റെയും അവശിഷ്ടങ്ങളെ നമുക്കുമേൽ അഭിഷേകം ചെയ്യുകയും ചെയ്യും എന്നും ലീഡ്സ് സർവകലാശാല നടത്തിയ പഠനത്തിൽ വ്യക്തമായി.
ടോയ്ലറ്റ് സീറ്റ് അടയ്ക്കാതെ ഫ്ലഷ് ചെയ്താൽ ക്ലോസറ്റിലുള്ള മലവും മൂത്രവുമൊക്കെ നേർത്ത കണികകളായി നമ്മുടെ ശരീരത്തിലും അന്തരീക്ഷത്തിലും വ്യാപിക്കുമെന്നത് നേരത്തേ വ്യക്തമായ കാര്യമാണ്. മാളുകളിലെ ടോയ്ലറ്റുകളിൽ പോകുന്ന നൂറുകണക്കിനുപേരിൽ ടോയ്ലറ്റ് സീറ്റ് അടയ്ക്കാതെ ഫ്ലഷ് ചെയ്യുന്നവർ ഏറെയാണ്. അതിനാൽത്തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും അംശത്തിനൊപ്പം രോഗാണുക്കളും നിറഞ്ഞതായിരിക്കും ടോയ്ലറ്റിനുള്ളിലെ അന്തരീക്ഷം. ‘ടോയ്ലറ്റ് പ്ലൂം’ എന്നാണ് ഇത് അറിയപ്പെടുന്നത്.
കണ്ണുകൾ കൊണ്ട് നമുക്ക് ഇവയൊന്നും കാണാൻ സാധിക്കില്ല എന്നുമാത്രം. ഈ കണങ്ങൾ മണിക്കൂറുകളോളം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും ചെയ്യും.ഹാൻഡ് വാഷും മറ്റും ഉപയോഗിച്ച് കഴുകിവൃത്തിയാക്കിയ കൈ ഉണക്കാൻ ഹാൻഡ് ഡ്രയറുകൾ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് നോക്കാം. രോഗാണുക്കളാലും മലമൂത്രങ്ങളാലും മലിനമായ വായുവിനെ അന്തരീക്ഷത്തിൽനിന്ന് വലിച്ചെടുത്ത് അതിശക്തമായി നമ്മുടെ കൈകളിലേക്ക് തള്ളുകയാണ് ചെയ്യുന്നത്.അതായത് കഴുകി അണുവിമുക്തമായ കൈകളിലേക്ക് രോഗാണുക്കളുടെ കൂട്ടത്തെ ഇറക്കിവിടുന്നു.
ഉയർന്ന വായുപ്രവാഹശേഷിയുള്ള ഡ്രയറുകൾ ഉപയോഗിക്കുന്നവരുടെ ശരീരത്തിലേക്ക് മാത്രമല്ല ചുറ്റിലുമുള്ളവരുടെ ശരീരത്തിലേക്ക് അണുക്കളെ അഭിഷേകം ചെയ്യും. കൈതുടയ്ക്കാനും മറ്റും ഉപയോഗിക്കുന്ന പേപ്പർ ടവലുകളെക്കാൾ 1,300 മടങ്ങ് അണുക്കളെ പരത്താൻ ഹാൻഡ് ഡ്രയറുകൾക്ക് കഴിയുമെന്നാണ് പഠനത്തിൽ വ്യക്തമായത്.എപ്പോഴും ഈർപ്പം നിലനിൽക്കുന്നതിനാൽ പൂപ്പലുകളുടെയും ഫംഗസുകളുടെയും ഇഷ്ടകേന്ദ്രംകൂടിയാണ് ടോയ്ലറ്റും പരിസരപ്രദേശങ്ങളും. ഹാൻഡ് ഡ്രയറുകൾ ഇവയെ വലിച്ചെടുത്ത് നമ്മുടെ ശരീരത്തിലേക്ക് പ്രവഹിപ്പിക്കുന്നു.
ഇത് കാലക്രമേണ അലർജി രോഗങ്ങൾക്കും ചർമ്മപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു..പരിസ്ഥിതി സൗഹൃദം എന്നുപറഞ്ഞ് നാം പ്രചരിപ്പിക്കുന്ന ഹാൻഡ് ഡ്രയറുകൾ എത്രമാത്രം അപകടകാരികളാണെന്ന് വ്യക്തമായല്ലോ? അപ്പോൾ ബാത്ത്റൂമുകളിൽ കൈകൾ വൃത്തിയാക്കാൻ ഏറ്റവും നല്ല മാർഗം ഏതാണെന്നാണ് ഇനി അറിയേണ്ടത്. പേപ്പർ ടവലുകൾ തന്നെയാണ് എന്നതാണ് അതിന് ഉത്തരം. കൈകൾ വേഗത്തിൽ ഉണക്കുന്നതിനൊപ്പം ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്നതിനാൽ അണുബാധ ഉൾപ്പെടെയുളള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല. കൈകൾ സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുന്നതും നല്ലൊരു മാർഗം തന്നെയാണ്.