ചടയമംഗലം (കൊല്ലം) ഗവ.യുപിഎസിനു സമീപം ശ്രീമൂലത്തില്‍ അഭിഭാഷക ഐശ്വര്യ ഉണ്ണിത്താന്‍ (26) തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കണ്ണന്‍ നായരെ (28) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു യുവതിയുടെ ഡയറിക്കുറിപ്പും ആത്മഹത്യാ കുറിപ്പും പരിശോധിച്ച ശേഷമാണ് അറസ്റ്റ്. ഗാര്‍ഹിക പീഡനം ,ആത്മഹത്യാ പ്രേരണ എന്നിവയാണ് കണ്ണന്‍ നായരുടെ പേരിലുളള കുറ്റം.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എല്‍എല്‍എം കഴിഞ്ഞ് കടയ്ക്കല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു ഐശ്വര്യയെ കഴിഞ്ഞ 15ന് രാവിലെ 11 ന് കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടയ്ക്കല്‍ തുടയന്നൂര്‍ കാട്ടാമ്പളളി മംഗലത്ത് വീട്ടില്‍ അഡ്വ അരവിന്ദാക്ഷന്‍ ഉണ്ണിത്താന്റെയും റിട്ട. അധ്യാപിക ഷീലയുടെയും മകളാണ്.
3 വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കില്‍ കൂടി പരിചയപ്പെട്ടായിരുന്നു ഇവരുടെ വിവാഹം. ആവശ്യമായ സ്ത്രീധനവും മറ്റും നല്‍കിയിരുന്നതായി ഐശ്വര്യയുടെ സഹോദരന്‍ അഡ്വ. അതുല്‍ പറയുന്നു. നിസ്സാര കാരണം പറഞ്ഞു കണ്ണന്‍നായര്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് പല തവണ ഐശ്വര്യ സ്വന്തം വീട്ടില്‍ പോയി. ആറു മാസത്തോളം ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞു പിന്നീട് കൗണ്‍സലിങ്ങിനു ശേഷം ഒരുമിച്ചു താമസിക്കുകയായിരുന്നു. കുട്ടി പിറന്നതിനു ശേഷമെങ്കിലും പ്രശ്‌നങ്ങള്‍ തീരുമെന്നു കരുതിയെങ്കിലും വീണ്ടും നിരന്തരം പീഡനം തുടര്‍ന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഒരാഴ്ച മുന്‍പ് മകള്‍ ജാനകിയുടെ ഒന്നാം ജന്മദിനം ആഘോഷിച്ച ദിവസം ഐശ്വര്യയുടെ സഹോദരന്‍ അതുലും ബന്ധുക്കളും കണ്ണന്‍ നായരുടെ വീട്ടില്‍ എത്തി. കുട്ടിയുടെ ചിത്രം എടുക്കാന്‍ ശ്രമിക്കവേ കണ്ണന്‍ നായര്‍ തടഞ്ഞതായും അതുല്‍ ആരോപിച്ചു.
കണ്ണന്‍ നായര്‍ എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല. ചടയമംഗലത്ത് ശ്രീരംഗത്ത് അച്ഛന്‍ ജയകുമാറിന്റെ ഉടമസ്ഥതയിലുളള തടി മില്ലിന്റെ ചുമതല വഹിക്കുകയായിരുന്നു. ചടയമംഗലം ഇന്‍സ്‌പെക്ടര്‍ വി.ബി ജുവിനും സംഘത്തിനും ആണ് അന്വേഷണ ചുമതല. ഐശ്വര്യ മരിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചെങ്കിലും കണ്ണന്‍ നായര്‍ സറ്റേഷനില്‍ എത്തിയില്ല. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.