പലപ്പോഴും ഒരു സമ്പൂർണ്ണ ആഹാരമായി കണക്കാക്കപ്പെടുന്ന പാലിൽ പ്രോട്ടീനും കാൽസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യപരമായ ഗുണങ്ങൾക്ക് പേരുകേട്ട പാൽ, ആയുർവേദമനുസരിച്ച് വാത, പിത്ത ദോഷങ്ങളെ സന്തുലിതമാക്കാനും ശക്തിയും ഊർജ്ജവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കാനും സഹായിക്കുന്നു. എന്നാൽ ഏറ്റവും മികച്ച ഫലങ്ങൾക്കായി പാൽ എപ്പോൾ കുടിക്കണം എന്നതിനെക്കുറിച്ച് പലർക്കും സംശയങ്ങളുണ്ടാകാം.
എപ്പോൾ കുടിക്കണം ?
ആയുർവേദം ശുപാർശ ചെയ്യുന്നത് ഉറങ്ങുന്നതിന് ഏകദേശം 30 മിനിറ്റ് മുമ്പ് പാൽ കുടിക്കാനാണ്. ഈ സമയം ശരീരം ശാന്തമാവുകയും, പാലിലെ പോഷകങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. പാലിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം നൽകാനും സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
പാൽ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചൂടാക്കി കുടിക്കുക: പാൽ കുടിക്കുന്നതിന് മുൻപ് എപ്പോഴും ചൂടാക്കാൻ ശ്രദ്ധിക്കുക.
ആരോഗ്യഗുണങ്ങൾ വർദ്ധിപ്പിക്കാൻ:മഞ്ഞൾ, ഏലം, ഇഞ്ചി എന്നിവ ചേർക്കുന്നത് പാലിന്റെ ഗുണങ്ങൾ വർദ്ധിപ്പിക്കും.
ഒഴിവാക്കേണ്ട കോമ്പിനേഷനുകൾ
പാലുമായി ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണം. ഇവ ദഹന പ്രശ്നങ്ങൾക്കും ചർമ്മ രോഗങ്ങൾക്കും കാരണമായേക്കാം.
തേൻ അല്ലെങ്കിൽ ഉപ്പ്
പുതിയതോ പുളിച്ചതോ ആയ പഴങ്ങൾ
ഉപ്പിട്ട ഭക്ഷണങ്ങൾ
ആരൊക്കെ പാൽ ഒഴിവാക്കണം?
ലാക്ടോസ് അസഹിഷ്ണുത: ലാക്ടോസ് അസഹിഷ്ണുത ഉള്ളവർ പാൽ പൂർണ്ണമായും ഒഴിവാക്കണം.
ദഹനപ്രശ്നങ്ങൾ: ദഹനക്കുറവ് അല്ലെങ്കിൽ ഇടയ്ക്കിടെ ജലദോഷവും ചുമയും ഉള്ളവർ തണുത്ത പാൽ ഒഴിവാക്കണം. ഇങ്ങനെയുള്ളവർക്ക് മസാല ചേർത്ത പാൽ അല്ലെങ്കിൽ ഹെർബൽ പാൽ കൂടുതൽ അനുയോജ്യമായേക്കാം.