ആദ്യത്തെ കണ്‍മണിയോടുള്ള വാത്സല്യം എല്ലാ മാതാപിതാക്കള്‍ക്കും സ്‌പെഷ്യല്‍ ആണ്. എന്നാല്‍ വീട്ടിലെ മൂത്ത കുട്ടി ആവുക എന്നത് അല്‍പം സമ്മര്‍ദം ഉണ്ടാക്കുന്ന കാര്യമാണ്.
മൂത്ത കുട്ടികള്‍ നിശബ്ദമായി നേരിടുന്ന 5 സമ്മര്‍ദങ്ങള്‍.
- വൈകാരിക സമ്മര്‍ദ്ദം
പലപ്പോഴും, മൂത്ത കുട്ടികളെ ഇളയ കുട്ടികളുടെ രക്ഷിതാക്കളായി വീട്ടില്‍ മുദ്രകുത്തുന്നു. ഈ രക്ഷാകര്‍തൃത്വ പ്രക്രിയ മൂത്ത കുട്ടിയെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരുമാക്കുന്നുണ്ടെങ്കിലും, ഇത് ചില നെഗറ്റീവ് പ്രത്യാഘാതങ്ങളിലേക്കും നയിക്കുന്നു. മാതാപിതാക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാത്തപ്പോള്‍ ഉയര്‍ന്ന ഉത്കണ്ഠ പ്രശ്‌നങ്ങള്‍, ഭക്ഷണക്രമക്കേടുകള്‍, വ്യക്തിത്വ വൈകല്യങ്ങള്‍ എന്നിവയില്‍ കലാശിച്ചേക്കാം. ടാസ്‌ക് മാനേജ്മെന്റിലും സ്‌കൂള്‍ നേട്ടങ്ങളിലും കുട്ടികളെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കുമെങ്കിലും, നിര്‍ബന്ധിത അമിത ജോലി പോലുള്ള സമ്മര്‍ദങ്ങള്‍ക്ക് ഇത് കാരണമാകും.
- സമാധാനപാലകന്‍
ഒരു മൂത്ത സഹോദരന്‍ അല്ലെങ്കില്‍ സഹോദരി എന്ന നിലയില്‍, ഇളയ സഹോദരങ്ങള്‍ വഴക്കിടാന്‍ തുടങ്ങുമ്പോള്‍, അവര്‍ക്ക് യാന്ത്രികമായി റഫറി, കൗണ്‍സിലര്‍, ചിലപ്പോള്‍ മധ്യസ്ഥന്‍ എന്നീ രൂപത്തിലേക്ക് മാറേണ്ടിവരും. ഒരു തരത്തില്‍, സംഘര്‍ഷ സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇത് അവരെ പഠിപ്പിക്കുന്നു, പക്ഷേ പലപ്പോഴും അവര്‍ക്ക് എന്താണ് തോന്നുന്നതെന്ന് കേള്‍ക്കാന്‍ ആരും ഇല്ലെന്നോ അല്ലെങ്കില്‍ നിര്‍ബന്ധിതമായി ഇടനില നില്‍ക്കുന്നതിന്റെ സമ്മര്‍ദമോ ഉണ്ടാകാം.
- ‘മതിയാകുന്നില്ല’ എന്ന തോന്നല്‍
നിന്നെ കണ്ടാണ് നിന്റെ ഇളയത് വളരുന്നതെന്ന- പതിവ് ചൊല്ല് മൂത്ത കുട്ടികളില്‍ അമിത സമ്മര്‍ദം ഉണ്ടാക്കും. ഇതുകാരണം അവര്‍ ചെയ്യുന്നതിലെല്ലാം പെര്‍ഫക്ഷന്‍ ഉണ്ടാക്കാനും കുറ്റങ്ങള്‍ വരാതിരിക്കാനും അമിതമായ സമ്മര്‍ദത്തിലൂടെ കടന്നു പോകുന്നു. എന്ത് ചെയ്താലും ചെയ്യുന്നതൊന്നും മതിയായതല്ല അല്ലെങ്കില്‍ മികച്ചതല്ല എന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കുന്നു. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ഇത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു.
- പങ്കുവെയ്ക്കല്‍
മുമ്പ് തങ്ങളുടേതായിരുന്നതെല്ലാം പങ്കുവെക്കുന്നതില്‍ പെട്ടെന്ന് സംതൃപ്തരാകുന്നത് പലപ്പോഴും ദഹിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. മിക്ക കുട്ടികളും ഏകദേശം മൂന്നര- നാല് വയസുള്ളപ്പോള്‍ പങ്കിടല്‍ കഴിവുകള്‍ വികസിപ്പിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. എന്നാല്‍ നിര്‍ബന്ധപൂര്‍വ്വം പങ്കിടല്‍ എന്നാല്‍ അനുസരണം മാത്രമാണ്. അവര്‍ പങ്കിടുന്നത് അവര്‍ ശരിക്കും ആഗ്രഹിക്കുന്നതുകൊണ്ടല്ല, നിര്‍ബന്ധിതരാകുന്നതുകൊണ്ടാണ്.
- ഹ്യൂമന്‍ അലാറം
മിക്ക കേസുകളിലും, മൂത്ത കുട്ടി എല്ലാം കൃത്യമായി ചെയ്യണമെന്ന് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നു. കൃത്യസമയത്ത് എഴുന്നേല്‍ക്കുക, നേരത്തെ തയ്യാറാകുക, ചിലപ്പോള്‍ സഹോദരങ്ങളെയും ഉണര്‍ത്തുക – കാരണം, അവരുടെ ഇളയ സഹോദരങ്ങള്‍ മുതിര്‍ന്നവരെ കാണുന്നതിലൂടെ കൃത്യനിഷ്ഠ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചെറുപ്പക്കാര്‍ അവരുടെ മുതിര്‍ന്നവരില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുന്നു എന്നത് ശരിയാണെങ്കിലും, അതിനൊരു മറുവശം കൂടിയുണ്ട്, മൂത്ത കുട്ടികള്‍ യന്ത്രങ്ങളല്ല മനുഷ്യര്‍ തന്നെയാണ്.