അത്യസാധാരണമായ അവയവ ദാന ശസ്ത്രക്രിയയുടെ കഥയാണിത്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അഞ്ച് പേര്‍ക്ക് ജീവനായ കഥ. ഈ കഥയിലെ അസാധാരണത്വം, ദാനം ചെയ്ത അവയവങ്ങളുടെ കൂടി പ്രത്യേകത കൊണ്ടാണ്. ദാതാവിന്റെ കൈകള്‍, വൃക്കകള്‍, കോര്‍ണിയ, ശ്വാസകോശം എന്നിവയാണ് പുതിയ ശരീരങ്ങളില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. ഇതില്‍ കൈകള്‍ ദാനം ചെയ്യുന്നത് അത്യപൂര്‍വമായിട്ടാണ്. ഇവിടെ, രണ്ട് കൈകളും മറ്റൊരാളിലേക്ക് മാറ്റിവെക്കപ്പെട്ടു. ഉത്തരേന്ത്യയില്‍ ആദ്യ ഇരട്ട കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൂടിയാണിത്.
അപകടത്തില്‍ ഇരുകൈകളും നഷ്ടപ്പെട്ട ട്വിങ്കിള്‍ ഡോഗ്ര എന്ന 38-കാരിയായ ഗവേഷക വിദ്യാര്‍ഥിക്കാണ് 76കാരനായ സൈനിക ഉദ്യോഗസ്ഥന്റെ കൈകള്‍ മാറ്റിവെച്ചത്. 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍മാരാണ് ഈ പുതുചരിത്രം രചിച്ചത്.