ഒട്ടേറെ പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്ക. രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവിനെ നിയന്ത്രിക്കുന്നതിനും മറ്റും സഹായിക്കുന്ന വൈറ്റമിൻ സി, ഫൊളേയ്റ്റ്, ധാരാളം നാരുകൾ എന്നിവ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ മറ്റുള്ള പച്ചക്കറികളിൽ നിന്നും പാവയ്ക്കയെ വ്യത്യസ്തമാക്കുന്നതും ഇഷ്ടക്കുറവുണ്ടാക്കുന്നതും അതിൻ്റെ കയ്പ്പ് കൊണ്ടുമാത്രമാണ്. കയ്പ്പായതിനാൽ ഭൂരിഭാഗം ആളുകളും പാവയ്ക്ക ഒഴിവാക്കാറാണുള്ളത്. ഇനി അത് വേണ്ട പാവയ്ക്ക ഇഷ്ടമല്ലാത്തവർ പോലും പാവയ്ക്ക കഴിക്കാൻ ഇഷ്ടപ്പെടും എങ്ങനെയെന്നല്ലേ. നമുക്ക് ഇഷ്ടമല്ലാത്ത കയ്പ്പിനെ പാവക്കയിൽ നിന്നും നീക്കം ഇതിനുള്ള ചില വഴികൾ നോക്കിയാലോ?
- പുറംതൊലി ചുരണ്ടി കളയുക
പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കുന്നതിന് ആദ്യം അതിന്റെ പരുക്കനായ പുറംതൊലി ചുരണ്ടി കളയുക. ഒരു പീലർ ഉപയോഗിച്ച് പുറംഭാഗം മിനുസപ്പെടുത്തുക. പുറംതൊലി ചുരണ്ടിക്കളഞ്ഞ ശേഷം, പാവയ്ക്ക കഷണങ്ങളാക്കി മുറിച്ച്, അതിലെ വലിയ കുരുക്കൾ നീക്കം ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ഒരു പരിധി വരെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.
ഉപ്പ് ഉപയോഗിക്കുക
പാവയ്ക്കയുടെ കയ്പ്പ് കളയാനുള്ള ഏറ്റവും എളുപ്പമായ മാർഗം ഉപ്പാണ്. ഉപ്പ് പാവയ്ക്കയുടെ കയ്പ്പുള്ള നീര് പുറത്തേക്ക് വലിച്ചെടുക്കുന്നു. ഇതിന് പലമാർഗങ്ങളുണ്ട്. അരിഞ്ഞുവെച്ച കഷണങ്ങളിൽ ഉപ്പ് പുരട്ടി കഷണങ്ങൾ 20-30 മിനിറ്റ് നേരം വെക്കുന്നത് കയ്പ്പ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ പാവയ്ക്ക ചെറുതായി അരിഞ്ഞ് ചൂടുള്ള ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുന്നതും ഫലപ്രദമാണ്. ഉപ്പ് പുരട്ടിയ ശേഷം പാവയ്ക്കയിലെ നീര് പിഴിഞ്ഞു കളയാൻ മറക്കരുത്.
- ശർക്കര ചേർത്ത് വയ്ക്കാം
ശർക്കര ചേർത്ത് പാകം ചെയ്യുന്നതോ ശർക്കര പുറത്ത് തൂകി വയ്ക്കുന്നതോ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.
തെെരിലോ യോഗർട്ടിലോ മുക്കിവയ്ക്കുക
പാവയ്ക്കയുടെ കയ്പ്പ് മാറ്റാനുള്ള മറ്റൊരു മാർഗ്ഗം, തെെരിൽ മുക്കിവയ്ക്കുന്നതാണ്. പാചകത്തിന് എടുക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പാവയ്ക്ക കഷണങ്ങൾ തെെരിലോ യോഗർട്ടിലോ ഇട്ടുവെക്കുന്നത് കയ്പ്പ് കുറയാൻ സഹായിക്കും.
- പഞ്ചസാരയും വിനാഗിരിയും ചേർത്ത മിശ്രിതത്തിൽ മുക്കിവയ്ക്കുക
ഒരു പാത്രത്തിൽ അര കപ്പ് വെള്ളം, അര കപ്പ് വിനാഗിരി, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ചേർക്കുക. അരിഞ്ഞ പാവയ്ക്ക ഈ മിശ്രിതത്തിൽ മുക്കിവയ്ക്കുക. കുറഞ്ഞത് 20-30 മിനിറ്റെങ്കിലും കുതിർക്കാൻ വയ്ക്കുക. ഇനി വെള്ളം മാറ്റി സാധാരണവെള്ളത്തിൽ കഴുകുക. പാവയ്ക്കയുടെ കയ്പ്പ് കുറഞ്ഞുകിട്ടും.




