കയ്പ് രുചി മൂലം പലർക്കും വിരസതയുണ്ടാക്കുന്ന പാവയ്‌ക്ക, യഥാർത്ഥത്തിൽ ഒരു ഔഷധസമ്പത്ത് തന്നെയാണ്. രുചിയിൽ കയ്പ് എങ്കിലും, ഗുണങ്ങളിൽ മധുരം നിറഞ്ഞതാണ് ഈ പച്ചക്കറി. വെളിച്ചെണ്ണയിൽ വഴറ്റിയ പാവയ്‌ക്ക വറുത്തത് മുതൽ പാവയ്‌ക്ക തോൽച്ചി, പച്ചടി വരെ ഓരോ വീട്ടിലും ഇതിന് പ്രത്യേക സ്ഥാനമുണ്ട്. പാവയ്‌ക്കയുടെ കയ്പ് രുചി കുറയ്ക്കാൻ പലരും ഉപ്പിട്ട് മുക്കിയെടുക്കുകയോ ചൂടുവെള്ളത്തിൽ കുതിർക്കുകയോ ചെയ്യാറുണ്ട്.
പാവയ്‌ക്കയുടെ ആരോഗ്യഗുണങ്ങൾ:
ആരോഗ്യപരമായി പാവയ്‌ക്കയുടെ ഗുണങ്ങൾ അനവധിയാണ്. രക്തത്തിലെ പഞ്ചസാരനില നിയന്ത്രിക്കാൻ സഹായിക്കുന്ന ചാരന്റിൻ എന്ന ഘടകം ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് പ്രകൃതിദത്തമായ പിന്തുണയായി ഇതിനെ കാണുന്നു.
ദഹനത്തെ മെച്ചപ്പെടുത്താനും, കരളിന്റെ പ്രവർത്തനം ശക്തമാക്കാനും, ശരീരത്തിലെ വിഷവസ്തുക്കളെ നീക്കാനും പാവയ്‌ക്ക പ്രയോജനകരമാണ്.
ത്വക്ക്‌രോഗങ്ങൾക്കും പാവയ്‌ക്കാ ജ്യൂസ് ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു.
ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിലും ഇത് സഹായിക്കുന്നു.
ഇത്രയും ഗുണങ്ങളുള്ള പാവയ്ക്ക കയ്‌പുള്ളതിനാൽ പലരും ഇത് കഴിക്കാൻ തയ്യാറാക്കുന്നില്ല. എന്നാൽ കയ്പ്പ് ഇല്ലാതെ ഒരു പാവയ്‌ക്ക കറി വക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
ആവശ്യമായ സാധനങ്ങൾ;
വെള്ളിച്ചെണ്ണ, വെളുത്തുള്ളി, സവാള, ചുവന്നുള്ളി, കറിവേപ്പില, പാവയ്ക്ക, മുളകുപൊടി, മല്ലിപ്പൊടി, ചെറിയജീരകം, മഞ്ഞൾപ്പൊടി, ഉപ്പ്, പുളിവെള്ളം.
തയ്യാറാക്കുന്ന വിധം:-
ആദ്യം അടികട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കുക.
ഇതിലേക്ക് ചെറുത്തായി ചതച്ച മൂന്ന് വെളുത്തുള്ളി അല്ലിയും സവാളയും ചുവന്നുള്ളിയും അൽപം കറിവേപ്പിലയും ചേർത്ത് വഴറ്റിയെടുക്കുക.
ഇതിലേക്ക് പാവയ്ക്ക കനം കുറച്ച് വട്ടത്തിൽ അരിഞ്ഞത് ചേർത്ത് ഒന്ന് യോജിപ്പിക്കുക.
ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ ഇളക്കാം.
അരകപ്പ് പുളിവെള്ളം കൂടി ചേർത്തിളക്കി മൂടിവച്ച് പാവയ്ക്ക വേവിക്കുക. ഇടയ്ക്ക് ഇളക്കാൻ മറക്കരുത്.
ശ്രദ്ധിക്കുക: കയ്പ് അധികമായതിനാൽ ചിലർക്ക് ഇത് ദഹനപ്രശ്നം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഗർഭിണികൾ, രക്തത്തിലെ പഞ്ചസാര കുറഞ്ഞവർ എന്നിവർ അധികമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം.




