പൂച്ച സ്നേഹികൾ ധാരാളം പേർ ഉണ്ട്. വീട്ടിൽ പൂച്ചയുണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല. പൂച്ചകളെ കൊഞ്ചിക്കാനും അവയോടൊപ്പം സമയം ചെലവഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. പലരും വീട്ടിൽ ഒരുപാട് പൂച്ചകളെ വളർത്താറുണ്ട്. എന്നാൽ പൂച്ചയെക്കാൾ യജമാനനോട് സ്നേഹമുള്ളത് നായകൾക്കാണെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും പൂച്ചകളെ കൊണ്ട് മനുഷ്യന്റെ ആരോഗ്യ നിലയിൽ തന്നെ വ്യത്യാസം വരുത്താൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. മനുഷ്യന്റെ ഹൃദയം ആരോഗ്യത്തോടെ സൂക്ഷിക്കാനുള്ള ശേഷി ഇവർക്കുണ്ട്. പൂച്ചയെ വളർത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനം.
മനുഷ്യരിൽ പലപ്പോഴും ഹൃദ്രോഗങ്ങൾ ഉണ്ടാകാൻ കാരണം അവർക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും സ്ട്രെസുമാണ്. നിരന്തരമുണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങൾ അനവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. പ്രത്യേകിച്ച്, ശരീരത്തിൽ കോർട്ടിസോൾ വർദ്ധിക്കുന്നത് അമിതവണ്ണത്തിലേയ്ക്കും, ഹോർമോൺ വ്യതിയാനങ്ങളിലേയ്ക്കും നയിക്കും. ഒപ്പം ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും ഇവ കാരണമാകുന്നു.
എന്നാൽ വീട്ടിലൊരു പൂച്ചയുണ്ടെങ്കിൽ ഈ പറയുന്ന പല ആരോഗ്യ പ്രശ്നങ്ങളെയും മാറ്റി നിർത്താൻ സഹായിക്കും എന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പങ്കുവെച്ച ഒരു പഠന റിപ്പോർട്ടിൽ പറയുന്നത്. പൂച്ചകളെ വളർത്തുന്നതിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. കൂടാതെ, ഹാപ്പി ഹോർമോണായ ഓക്സിടോക്സിന്റെ ഉൽപാദനവും ശരീരത്തിൽ നടക്കുന്നു. ഇത് ഒരു വ്യക്തിയിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഇതിനോടൊപ്പം ഹൃദ്രോഗ സാധ്യത തടയാനും സഹായിക്കുന്നു. പൂച്ചയുടെ കൂടെ കളിക്കുന്നതും, അവരെ എല്ലായ്പ്പോഴും പരിപാലിക്കുന്നതും ശരീരത്തിന് വ്യായാമവും നൽകുന്നു. ഇതും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.
വീട്ടിൽ ഒരു പൂച്ച, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഒരു വളർത്തു മൃഗം ഉണ്ടെങ്കിൽ, ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുന്നതാണ്. പൂച്ചകൾക്ക് ആഹാരം നൽകിയും, അവയെ കുളിപ്പിച്ചും പരിപാലിച്ചും നോക്കുന്നത് വലിയൊരു ആശ്വാസം പലർക്കും നൽകുന്നു. പലപ്പോഴും മാനസികാരോഗ്യം നിലനിർത്താനും ഇത്തരത്തിൽ മൃഗങ്ങളെ വളർത്തുന്നതിലൂടെ സാധിക്കും.