ആഗോളതലത്തില്‍ യുവാക്കള്‍ക്കിടയില്‍ പക്ഷാഘാതമുണ്ടാകുന്നവരുടെ നിരക്ക് വര്‍ധിച്ചുവരുകയാണ്. തലച്ചോറിനേല്‍ക്കുന്ന അറ്റാക്ക് ആണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. പക്ഷാഘാതം മൂലമുള്ള മരണങ്ങള്‍ 2020-ല്‍ 6.6 ദശലക്ഷത്തില്‍ നിന്ന് 2050-ഓടെ 9.7 ദശലക്ഷമായി ഉയരുമെന്ന് അടുത്തിടെ പുറത്തിറക്കിയ ലാന്‍സെറ്റ് പഠനം വ്യക്തമാക്കുന്നു.
2050 ഓടെ പക്ഷാഘാതം മൂലമുണ്ടാകുന്ന മരണം പ്രതിവര്‍ഷം 10 ദശലക്ഷമായും ഉയരാം. പക്ഷാഘാതം 84 ശതമാനം വരെ അപകടസാധ്യത ഉയര്‍ത്തുന്നതില്‍ ജീവിതശൈലി ഘടകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്ന നാല് വൈകുന്നേര ശീലങ്ങള്‍ പരിശോധിക്കാം.
രാത്രി വൈകി ഭക്ഷണം കഴിക്കുക
ഭക്ഷണക്രമം ചിട്ടയോടെ പാലിക്കുന്നത് നിരവധി ആരോഗ്യ നേട്ടങ്ങള്‍ ഉണ്ടാക്കും. രാത്രി ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ സര്‍ക്കാഡിയന്‍ താളത്തെ തടസപ്പെടുത്തുകയും രക്തസമ്മര്‍ദത്തെയും മെറ്റബോളിസത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇത് പക്ഷാഘാതം ഉള്‍പ്പെടുയുള്ള ആരോഗ്യ സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് ഉയര്‍ന്ന പക്ഷാഘാത സാധ്യതയുമായി ബന്ധപ്പിട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ പ്രഭാതഭക്ഷണം കഴിക്കുന്നതും വൈകിപ്പിക്കാന്‍ പാടില്ല. രാവിലെയും രാത്രിയും നേരത്തെ ഭക്ഷണം കഴിക്കുന്ന ശീലം ശരീരത്തിന്റെ സ്വാഭാവിക താളങ്ങളെ പിന്തുണയ്ക്കുകയും പക്ഷാഘാതം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുകയും ചെയ്യും.
വിശ്രമം
ഭക്ഷണം കഴിച്ച ശേഷം നേരെ സോഫയിലേക്ക് അല്ലെങ്കില്‍ കട്ടിലിലേക്ക് ചായുന്ന ശീലമുണ്ടോ? ഈ ശീലം നിരവധി ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അത്താഴത്തിന് ശേഷം കുറഞ്ഞത് 20 മിനിറ്റ് നടക്കാന്‍ ശ്രമിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം ഒപ്റ്റിമൈസ് ചെയ്യാനും ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.
ഇത് പ്രീ ഡയബറ്റിസ്, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഒരു മെറ്റാ അനാലിസിസ് പ്രകാരം, നടത്ത വേഗത മണിക്കൂറില്‍ ഓരോ 0.66 മൈല്‍ കൂടുമ്പോഴും പക്ഷാഘാത സാധ്യത 13 ശതമാനം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വൈകിയുള്ള മദ്യപാനം
വൈകുന്നേരം ഒന്നോ രണ്ടോ പഗ് മദ്യം കുടിക്കുന്നതില്‍ വലിയ ആരോഗ്യപ്രശ്‌നമില്ലെന്ന് തോന്നുമെങ്കില്‍ നിങ്ങള്‍ അറിയാതെ തന്നെ പക്ഷാഘാത സാധ്യതയ്ക്കുള്ള വേദിയൊരുക്കുകയാണ്. മദ്യം വീക്കം വര്‍ധിപ്പിക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. മിതമായ മദ്യപാനം പോലും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
ഉറക്കമില്ലായ്മ
ഉറക്കമിളച്ചിരുന്ന് രാത്രി ഫോണ്‍ സ്‌ക്രോള്‍ ചെയ്യുന്നതും സീരിസ് കണുന്നതുമൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുന്നതാണ്. ഉറക്കമാണ് ആയുര്‍ദൈര്‍ഘ്യത്തിന്റെ അടിസ്ഥാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഉറക്കമില്ലായ്മ പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. മെറ്റാ അനാലിസിസില്‍, രാത്രിയില്‍ അഞ്ച് മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്ന ആളുകള്‍ക്ക് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 33 ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. വാരാന്ത്യങ്ങളില്‍ പോലും സ്ഥിരമായ ഉറക്ക സമയവും ഉണരല്‍ സമയവും നിലനിര്‍ത്തുന്നത് സഹായകരമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.