ഇന്ത്യയിൽ വിൽക്കുന്ന പല ഫാർമ-ഗ്രേഡ് പ്രോട്ടീൻ പൗഡറുകളും ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് അപകടകരവുമാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ആവശ്യത്തിന് പ്രോട്ടീൻ ഇല്ലാത്തതും, പഞ്ചസാര കൂടുതലായതും, തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഉപയോഗിച്ചതുമാണ് പ്രധാന പ്രശ്നങ്ങളെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേരളത്തിലെ രാജഗിരി ഹോസ്പിറ്റൽ, അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാല, സൗദി അറേബ്യയിലെ അബീർ മെഡിക്കൽ ഗ്രൂപ്പ് എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്നുള്ള Mission for Ethics and Science in Healthcare (MESH) ആണ് 34 വേ പ്രോട്ടീൻ പൗഡറുകളെ (18 മെഡിക്കൽ-ഗ്രേഡ്, 16 ന്യൂട്രാസ്യൂട്ടിക്കൽ) പരിശോധിച്ച് പഠനം നടത്തിയത്. ‘മெഡിസിൻ’ എന്ന പിയർ-റിവ്യൂഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പഠനത്തിന്റെ പ്രധാന കണ്ടെത്തലുകൾ
✔ പ്രോട്ടീൻ കുറവ്:
ഒരു 100 ഗ്രാം പ്രോട്ടീൻ പൗഡർ പായ്ക്കറ്റിൽ ശരാശരി 29 ഗ്രാം മാത്രമാണ് യഥാർത്ഥ പ്രോട്ടീൻ. ലേബലിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ 83% തെറ്റായിരുന്നു.
✔ വിഷാംശങ്ങൾ കണ്ടെത്തി:
പല ഉൽപ്പന്നങ്ങളിലും ഹെവി മെറ്റലുകളും, കാൻസറിന് കാരണമാകുന്ന അഫ്ലാറ്റോക്സിൻ പോലുള്ള അപകടകരമായ വിഷവസ്തുക്കളും കണ്ടെത്തി.
✔ പഞ്ചസാര കൂടുതലായി:
44% ഉൽപ്പന്നങ്ങളിലും 2 ഗ്രാമിൽ കൂടുതലായി സ്യൂക്രോസ്/ഫ്രക്ടോസ് അടങ്ങിയിരുന്നു.
✔ ആവശ്യമായ അമിനോ ആസിഡുകളില്ല:
പേശി ആരോഗ്യത്തിന് പ്രധാനമായ ലൂസീൻ ഒരു ഫാർമ-ഗ്രേഡ് പൗഡറിലും 5 ഗ്രാം വരെ പോലും ഉണ്ടായിരുന്നില്ല.
✔ പ്രോട്ടീൻ തോന്നിപ്പിക്കാൻ ടോറിൻ ചേർത്തു:
പ്രോട്ടീൻ അല്ലാത്ത അമിനോ ആസിഡായ ടോറിൻ അധികമായി ചേർത്ത് പ്രോട്ടീൻ അളവ് കൂടുതലെന്ന തോന്നൽ സൃഷ്ടിക്കുകയായിരുന്നു.
“കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്” — വിദഗ്ധർ
പഠനസംഘത്തിലെ ഡോ. സിറിയക് ആബി ഫിലിപ്സ് പറഞ്ഞു:
“ആളുകൾ വില കൊടുത്ത് വാങ്ങുന്ന പ്രോട്ടീൻ പൗഡറുകളിൽ ഗുണനിലവാരം ഇല്ല. പല ഡോക്ടർമാർക്കും പോലും ഇവയുടെ യഥാർത്ഥ ഗുണനിലവാര പ്രശ്നങ്ങളെക്കുറിച്ച് അറിവില്ല.”
പഠനത്തിന്റെ കണ്ടെത്തലുകൾ പൊതുജനാരോഗ്യത്തിന് ഗൗരവമേറിയ ഭീഷണിയാണെന്നും, ഇത്തരത്തിലുള്ള മായംചേർത്ത ഉൽപ്പന്നങ്ങൾക്കെതിരെ കർശന നടപടി ആവശ്യമാണ് എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി




