മുടിയുടെ ആരോഗ്യത്തിന് എണ്ണ ഒരു പ്രധാന ഘടകം തന്നെയാണ്. മുടിയില്‍ എണ്ണ പുരട്ടി മണിക്കൂറുകളോളം വെയ്ക്കുന്ന ശീലം മിക്കയാളുകളിലും ഉണ്ടാകും. എന്നാല്‍ മഴക്കാലത്ത് ഇത് ചിലപ്പോള്‍ തിരിച്ചടിയാകാം. മഴക്കാലത്ത് മുടിയില്‍ എണ്ണ പുരട്ടുന്നതില്‍ അല്‍പം എക്സ്ട്ര കെയര്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ അത് തലയോട്ടിയില്‍ അണുബാധയ്ക്കോ മുടി കൊഴിച്ചിലിനോ കാരണമാകാം.
തലയില്‍ എണ്ണ പുരട്ടുന്നത് തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. മുടിയുടെ വേരുകള്‍ ബലമുള്ളതാക്കാനും എണ്ണ പുരട്ടിയുള്ള മസാജിങ് ആവശ്യമാണ്. മഴക്കാലത്ത് ഇക്കാര്യങ്ങളൊക്കെ പ്രധാനമാണ്. ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ നിരന്തരം ഷാംപൂ ചെയ്യുന്നതു കൊണ്ട് തലയോട്ടി വരണ്ടതാക്കാം ഇത് താരന്‍ പോലുള്ള ഫംഗല്‍ ബാധയ്ക്ക് കാരണമാകും. ഒരു നല്ല ഓയില്‍ മസാജ് മുടികൊഴിച്ചിലിന് കാരണമാകുന്ന സമ്മര്‍ദവും ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും.
മഴക്കാലത്ത് തലയില്‍ എണ്ണ പുരട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മഴക്കാലത്ത് ലൈറ്റ് ആയതും പശപശപ്പില്ലാത്തതുമായ എണ്ണ തിരഞ്ഞെടുക്കുക. ഉദ്ദാ. വെളിച്ചെണ്ണ. ആവണക്കെണ്ണ പോലുള്ള ഹെവി ഓയില്‍ ഒഴിവാക്കുക.
എണ്ണ പുരട്ടുന്നതിന് മുന്‍പ് അത് ചെറുതായി ഒന്ന് ചൂടാക്കുക. ഇത് രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും.
വൃത്തിയും ഈര്‍പ്പം ഇല്ലാത്തതുമായ തലയോട്ടിയിലേക്ക് വേണം എണ്ണ പുരട്ടാന്‍. വിയര്‍പ്പും അഴുക്കും തങ്ങി നില്‍ക്കുന്ന സമയത്ത് എണ്ണ പുരട്ടുന്നത് ഒഴിവാക്കാം.
മുടി പൊട്ടിപ്പോകുന്നതു തടയാന്‍ കൈ വിരലുകള്‍ കൊണ്ട് മൃദുവായി മസാജ് ചെയ്തു കൊടുക്കാം.
അര മണിക്കൂര്‍ അല്ലെങ്കില്‍ ഒരു മണിക്കൂര്‍ വരെ തലയില്‍ എണ്ണ പുരട്ടി വെയ്ക്കാം. അതില്‍ കൂടുതല്‍ പാടില്ല.
ശേഷം സല്‍ഫേറ്റ് അടങ്ങിയിട്ടില്ലാത്ത നേരിയ ഷാംപൂ ഉപയോഗിച്ച് എണ്ണ കഴുകി കളയാം. മുടിയിലെ എണ്ണ കഴുകി കളയാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്.
മഴക്കാലത്ത് ആഴ്ചയില്‍ രണ്ട് തവണ മാത്രം തലയില്‍ എണ്ണ പുരട്ടിയാല്‍ മതിയാകും
അമിതമായി എണ്ണ പുരട്ടുന്നത് മുടി പശപശപ്പുള്ളതാക്കാനും താരന്‍ കൂടാനും കാരണമാകും. തലയോട്ടിയില്‍ അണുബാധ നേരിടുന്നുണ്ടെങ്കില്‍ എണ്ണ പുരട്ടുന്നതിന് മുന്‍പ് ഡെര്‍മറ്റോളജിസ്റ്റുമായി ബന്ധപ്പെടുക.