കുഞ്ഞനെലികൾ നമ്മൾ വിചാരിക്കുന്നതിനും അപ്പുറം ബഹുമിടുക്കരാണ്. മനുഷ്യ ജീവൻപൊലും രക്ഷിക്കാൻ കഴിയുന്ന വ്യത്യസ്ത കഴിവുകൾ അവർക്കുണ്ട്. എലികളുടെ ഗന്ധം തിരിച്ചറിയാനുള്ള അസാധാരണമായ കഴിവ് ഉപയോഗപ്പെടുത്തി ഒരു വിപ്ലവം ഒരുക്കാനെരുങ്ങുകയാണ് മനുഷ്യർ. ടാൻസാനിയ ആസ്ഥാനമായുള്ള APOPO എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിൽ, കുഴിബോംബുകൾക്കും ക്ഷയരോഗത്തിനും മുന്നിൽ ഈ ‘ഹീറോ എലികൾ’ മനുഷ്യജീവിതം സംരക്ഷിക്കാൻ ഒരുങ്ങിയിരിക്കുന്നു. ജീവൻ രക്ഷാദൗത്യങ്ങളിൽ മനുഷ്യൻ പോലും പരാജയപ്പെടുന്ന ഇടങ്ങളിൽ, ഇവയുടെ ഗന്ധം തിരിച്ചറിയാനുള്ള അസാധാരണമായ കഴിവ് ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ്. ഈ കൊച്ചു ജീവികളുടെ നിശ്ചയദാർഢ്യവും സഹാനുഭൂതിയും, മനുഷ്യന്റെ അതിജീവനത്തിന്റെ കഥകളിൽ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കുന്നു.
കുഴിബോംബ് കണ്ടെത്താൻ, ജീവൻ രക്ഷിക്കാൻ
കുഴിബോംബുകൾ കണ്ടെത്തുന്നത് APOPO യുടെ പ്രവർത്തനങ്ങളുടെ ഒരു പ്രധാന ഭാഗമാണ്. 2014 മുതൽ 50,000-ത്തിലധികം കുഴിബോംബുകൾ കണ്ടെത്താൻ ഇവ സഹായിച്ചിട്ടുണ്ട്. അംഗോളയിലും കംബോഡിയയിലുമടക്കം ഈ എലികളെ വിന്യസിക്കാൻ APOPO തയ്യാറെടുക്കുകയാണ്. എലികളുടെ സൂക്ഷ്മമായ ഘ്രാണശക്തി ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ കൃത്യമായി കണ്ടെത്താൻ സാധിക്കുമെന്ന് ഡെൽ അന്ന പറയുന്നു.
ജനിച്ച് ഉടൻ തന്നെ പ്രത്യേക ദൗത്യങ്ങൾക്കായി എലികളെ പരിശീലിപ്പിച്ചു തുടങ്ങും. ഒരു ദശാബ്ദത്തോളം ആയുസ്സുള്ളതിനാൽ ഇവയ്ക്ക് വർഷങ്ങളോളം ഈ ജോലികൾ ചെയ്യാൻ സാധിക്കും. ഒരു എലിയെ പരിശീലിപ്പിക്കാൻ ഏകദേശം 6,000 യൂറോ ($6,990) ചെലവ് വരും. ക്ലാസിക്കൽ കണ്ടീഷനിംഗും പോസിറ്റീവ് റൈൻഫോഴ്സ്മെന്റും ഉപയോഗിച്ചാണ് പരിശീലനം.
ക്ഷയരോഗ നിർണ്ണയത്തിൽ വിപ്ലവം
APOPO-യുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ക്ഷയരോഗ (ടിബി) നിർണ്ണയ രംഗത്താണ്. നൂറ്റാണ്ടുകളായി ഗവേഷണങ്ങൾ നടന്നിട്ടും, ടിബി ഇപ്പോഴും ലോകത്ത് വലിയ ആരോഗ്യപ്രശ്നമായി തുടരുന്നു. 2023-ൽ മാത്രം 1.25 ദശലക്ഷം പേർ ടിബി മൂലം മരിച്ചു.
2007-ൽ APOPO ടിബി കണ്ടെത്തൽ രംഗത്തേക്ക് കടന്നു. നിലവിൽ ടാൻസാനിയ, എത്യോപ്യ, മൊസാംബിക്ക് എന്നിവിടങ്ങളിൽ ഇവയെ വിന്യസിച്ചിട്ടുണ്ട്. ടാൻസാനിയയിലെ 80 ആശുപത്രികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന APOPO, ദിവസവും ശേഖരിക്കുന്ന കഫത്തിന്റെ സാമ്പിളുകൾ എലികളെ ഉപയോഗിച്ച് പരിശോധിക്കുന്നു. പോസിറ്റീവ് ടിബി സാമ്പിളുകളിലെ ആറ് പ്രത്യേക ജൈവ സംയുക്തങ്ങൾ എലികൾക്ക് മണത്തറിയാൻ സാധിക്കുമെന്ന് APOPO-യുടെ സിഇഒ ക്രിസ്റ്റോഫ് കോക്സ് പറഞ്ഞു.
ഒരു സാധാരണ ടിബി ക്ലിനിക്കിൽ രണ്ട് മണിക്കൂറിനുള്ളിൽ ഒരു സാമ്പിൾ മാത്രം പരിശോധിക്കാൻ കഴിയുമ്പോൾ, APOPO-യിലെ എലികൾക്ക് 20 മിനിറ്റിനുള്ളിൽ 100 സാമ്പിളുകൾ സ്കാൻ ചെയ്യാൻ കഴിയും. ഈ പ്രോഗ്രാം ആരംഭിച്ചതിനുശേഷം, 30,000-ത്തിലധികം തെറ്റായ നെഗറ്റീവ് കേസുകൾ കണ്ടെത്താൻ എലികൾക്ക് കഴിഞ്ഞു. ഓരോ രോഗിയും 10-15 ആളുകളിലേക്ക് രോഗം പകർത്താൻ സാധ്യതയുള്ളതിനാൽ, ഇത് രോഗവ്യാപനം തടയുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
വെല്ലുവിളികളും ഭാവിയും
എങ്കിലും, ഈ നവീനമായ രോഗനിർണ്ണയ രീതിക്ക് ചില വെല്ലുവിളികളുമുണ്ട്. ലോകാരോഗ്യ സംഘടന (WHO) ഇപ്പോഴും എലികളെ പ്രാഥമിക രോഗനിർണ്ണയ ഉപകരണങ്ങളായി അംഗീകരിച്ചിട്ടില്ല. അതിനാൽ, എലികൾ കണ്ടെത്തുന്ന കേസുകൾ മനുഷ്യരുടെ മൈക്രോസ്കോപ്പി പരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. ഇത് APOPO-ക്ക് WHO-യിൽ നിന്നുള്ള ധനസഹായം നേടുന്നതിന് തടസ്സമാകുന്നുണ്ട്. എന്നാൽ, സാധ്യമായ ഓരോ പോസിറ്റീവ് കേസും കണ്ടെത്തുക എന്നതാണ് APOPO-യുടെ ലക്ഷ്യമെന്ന് കോക്സ് പറഞ്ഞു, കാരണം ഒരു രോഗിയെ പോലും അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
എന്നാലും ഭാവിയിൽ, ഈ ശ്രമങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ അംഗീകാരം ലഭിക്കാനും, വിവിധ രാജ്യങ്ങളിലേക്കായി ഇത്തരം പരിശീലിത ജീവികളെ വിന്യസിക്കാനും സാധ്യതയുണ്ട്. സാങ്കേതികവിദ്യയെയും മനുഷ്യന്റെ സഹാനുഭൂതിയെയും ഒരുമിപ്പിക്കുന്ന ഈ ശ്രമം, ലോകത്തിന്റെ ദുരിതങ്ങളിൽ പോലും പ്രതീക്ഷയുടെ ഒരു കിരണം തെളിയിച്ചിരിക്കുകയാണ്.